ADVERTISEMENT

ജോലിക്കു മികച്ച പ്രതിഫലം മോഹിച്ചെത്തുന്ന കര്‍ഷകരും ഇരപിടിക്കാന്‍ കാത്തുനില്‍ക്കുന്ന കരാറുകാരുടെ അത്യാര്‍ത്തിയും കൂടിച്ചേരുമ്പോള്‍ മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ മേഖലയായ മറാത്ത്‍വാഡയില്‍ സംഭവിക്കുന്നത് കണ്ണില്ലാത്ത ക്രൂരത. ആറുമാസം തടസ്സമില്ലാതെ കൂലി ലഭിക്കുന്നതിനുവേണ്ടി ഗര്‍ഭപാത്രം പോലും ഉപേക്ഷിക്കുന്ന സ്ത്രീകള്‍.

കണ്ണു നിറയാതെ കൊടുംചതിക്കു ഭാര്യമാര്‍ വിധേയരാകുമ്പോള്‍ വിരലൊന്നുയര്‍ത്താന്‍പോലും കഴിയാതെ നിസ്സഹായരാകുന്ന പുരുഷന്‍മാര്‍. വരള്‍ച്ചയുടെ ആഘാതത്തിനൊപ്പം സ്ത്രീത്വത്തിന്റെ ആര്‍ദ്രതയും നഷ്ടപ്പെട്ട് ഒരു ദിവസം പോലും മുടക്കമില്ലാതെ അടിമജോലി ചെയ്ത് കിട്ടുന്നതും വാങ്ങി മടങ്ങുന്ന കര്‍ഷകര്‍. കര്‍ഷകര്‍ക്കുള്ള മോഹനവാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ മല്‍സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടില്ലെന്നു നടിക്കുന്ന ക്രൂരതകള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഒരു ദേശീയ ദിനപത്രം. സംഭവം വിവാദമായതോടെ പ്രശ്നത്തില്‍ ഇടപെട്ട് അന്വേഷണത്തിനു നിര്‍ദേശം കൊടുത്തിരിക്കുന്നു ദേശീയ വനിതാ കമ്മിഷന്‍. 

വരള്‍ച്ച പിടിമുറുക്കുമ്പോള്‍തന്നെയാണ് മറാത്ത്‍വാഡയില്‍ സീസണ്‍ തുടങ്ങുന്നതും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ. മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ പ്രദേശമാണ് മറാത്ത്‍വാഡ. കരിമ്പുകൃഷിയുടെ നാട്. മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുപോലും നൂറുകണക്കിനു കര്‍ഷകരാണ് സീസണില്‍ മറാത്ത്‍വാഡയില്‍ ജോലി തേടി എത്തുന്നത്. ആറു മാസം നീളുന്ന സീസണില്‍ ഒരുദിവസം പോലും തടസ്സമില്ലാതെ ജോലി ചെയ്താല്‍ കിട്ടുന്ന മികച്ച പ്രതിഫലം തേടിയാണവര്‍ വരുന്നത്. 

കടുത്ത ചൂടിലും കരിമ്പു വെട്ടുന്ന കഠിന ജോലി ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതും ലഭിക്കാന്‍ സാധ്യതയുള്ള പ്രതിഫലം. കരിമ്പു പാടങ്ങളിലേക്ക് കര്‍ഷകരെ കൂട്ടമായി എത്തിക്കാന്‍ കരാറുകാരുണ്ട്. ഇവരുടെ ചൂഷണം കൂടി സഹിച്ചാണ് കര്‍ഷകര്‍ കരിമ്പു വെട്ടാന്‍ എത്തുന്നത്. ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരുമിച്ച് ആറുമാസത്തേക്ക് ഒരു തുക കരാറുകാര്‍ ആദ്യംതന്നെ പറഞ്ഞുറപ്പിക്കും. ഇതു കര്‍ഷകര്‍ ആദ്യംതന്നെ കൈപ്പറ്റുകയും ചെയ്യും. ശേഷം ആറുമാസം നീളുന്ന അടിമപ്പണി. ഭാര്യയും ഭര്‍ത്താവും എല്ലാ ദിവസവും ജോലി ചെയ്യുമെന്ന ഉറപ്പിലാണ് കരാറുണ്ടാക്കുന്നത്. 

രോഗമോ മറ്റെന്തെങ്കിലും ഒഴിവാക്കാനാവാത്ത പ്രശ്നമോ വന്നാല്‍പ്പോലും അവധിയില്ല. എന്തെങ്കിലും കാരണത്താല്‍ ഭാര്യയോ ഭര്‍ത്താവോ അവധിയെടുത്താല്‍ 500 രൂപ കരാറുകാരന് പിഴ നല്‍കണം. പിഴ നല്‍കാതിരിക്കാന്‍ അസുഖമുണ്ടെങ്കിലും മറച്ചുവച്ച് കര്‍ഷകര്‍ പാടത്തിറങ്ങും. കരിമ്പു വെട്ടും. ഇതാണു മറാത്ത്ഡവാഡയിലെ പതിവ്. ജനാധിപത്യവും ശക്തമായ തൊഴില്‍നിയമങ്ങളും നിലനില്‍ക്കുന്ന രാജ്യത്തെ കേട്ടുകേള്‍വിയില്ലാത്ത തൊഴില്‍സംസ്കാരം. വര്‍ഷങ്ങളായി ഈ കരാര്‍ വ്യവസ്ഥ മുടക്കമില്ലാതെ നടക്കുമ്പോഴും പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ഒന്നും ചെയ്യാനായിട്ടില്ല. പ്രശ്നംത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചുകൊണ്ട് സ്ത്രീകള്‍ നേരിടുന്ന കണ്ണില്ലാത്ത ക്രൂരത കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. 

പുരുഷന്‍മാര്‍ക്ക് ആറുമാസവും തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിയും. അസുഖം വന്നാലും അവര്‍ പുറത്തുപറയാറില്ല. ജോലിക്കെത്തുന്ന യുവതികള്‍ക്ക് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് എല്ലാം മാസവും ഏതാനും ദിവസം ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരും. വിശാലമായ കരിമ്പുപാടത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലുമില്ല. തണലിന് മറപ്പുര പോലുമില്ല.ആര്‍ത്തവ പ്രശ്നങ്ങള്‍ രൂക്ഷമായ ദിവസങ്ങളില്‍ അവര്‍ ജോലിക്കു വരാതിരിക്കും. ഇതു ശ്രദ്ധിക്കുന്ന കരാറുകാരന്‍ കര്‍ഷകരില്‍നിന്നു പിഴത്തുക വാങ്ങും.

പിഴ ഒഴിവാക്കാന്‍ ഒടുവില്‍ ഒരു എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ് സ്ത്രീകള്‍. ഗര്‍ഭപാത്രം നീക്കം ചെയ്യുക. അങ്ങനെയായാല്‍പിന്നെ ആര്‍ത്തവത്തെ പേടിക്കേണ്ടതില്ല. എല്ലാ ദിവസവും മുടക്കമില്ലാതെ ജോലി ചെയ്യാം. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കുള്ള പണം കരാറുകാരന്‍ നേരത്തെ നല്‍കും. അയാള്‍ക്ക് വര്‍ഷങ്ങളോളം ഒരു തൊഴിലാളിയെ തടസ്സമില്ലാതെ കിട്ടുകയാണ്. ലോകത്തെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ഈ ക്രൂരതയാണ് മറാത്ത്‍വാഡയില്‍ അരങ്ങേറുന്നത്. വര്‍ഷങ്ങളായി ഇതു തടസ്സമില്ലാതെ തുടരുന്നതിനാല്‍ ഗര്‍ഭപാത്രമില്ലാത്ത യുവതികളുടെ നാടായി മാറിയിരിക്കുന്നു മറാത്ത്ഡവാഡയും പരിസര പ്രദേശങ്ങളും.  

കരിമ്പുപാടങ്ങളില്‍ ജോലിയെടുക്കുന്ന നിരക്ഷരരായ യുവതികള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്താലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചൊന്നും അറിഞ്ഞുകൂടാ. ഒന്നും രണ്ടും കുട്ടികളുള്ളവര്‍പോലും ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു. ഹോര്‍മോണ്‍ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ യാതന സഹിച്ച് ശേഷം ജീവീതം കഴിച്ചുകൂട്ടുന്നു. 

ഒരു ടണ്‍ കരിമ്പു വെട്ടിയാല്‍ കിട്ടുന്നത് തുഛമായ 250 രൂപമാത്രം. ഒരുദിവസം തന്നെ ഭാര്യയും ഭര്‍ത്താവും കൂടി മൂന്നും നാലും ടണ്‍ കരിമ്പു വെട്ടുന്നതാണ് പതിവ്. സീണണില്‍ 300 ടണ്‍ കരിമ്പു വരെ വെട്ടുന്ന തൊഴിലാളികളുണ്ട്. ഇതില്‍നിന്നു കിട്ടുന്ന തുകയാണ് ഇവിടങ്ങളിലെ കര്‍ഷകരുടെ വാര്‍ഷിക പ്രതിഫലം. 

മറാത്ത്ഡവാഡയിലെ ബീഡ് എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നഷ്ടപ്പെട്ടത്. ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളില്‍ 50 ശതമാനത്തോളം സ്ത്രീകളും ഗര്‍ഭപാത്രമില്ലാത്തവരാണ്. തങ്ങള്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിക്കാറില്ലെന്നും കര്‍ഷകര്‍ കൂടുതല്‍ കൂലി കിട്ടാന്‍വേണ്ടി സ്വമേധയാ ശസ്ത്രക്രിയ ചെയ്യുകയാണെന്നുമാണ് കരാറുകാര്‍ പറയുന്നത്. പക്ഷേ, കരാറുകാര്‍ മുന്‍പേ തരുന്ന പണം കൊണ്ട് ശസ്ത്രക്രിയ ചെയ്യുകയും ആ തുക പിന്നീട് ശമ്പളത്തില്‍നിന്ന് പിടിക്കുകയുമാണെന്ന് കര്‍ഷക സ്ത്രീകളും ചൂണ്ടിക്കാട്ടുന്നു. 

ലൈംഗിക ചൂഷണവും മറാത്ത്‍വാഡ മേഖലയില്‍ പതിവാണെന്ന് ചില സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കരാറുകാരും മില്‍ ഉടമകളുമാണ് മിക്കപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. ഈ മേഖലയിലെ കര്‍ഷകര്‍ക്ക് സീസണില്‍ മാത്രമാണ് ജോലി ലഭിക്കുന്നത്. വര്‍ഷത്തിന്റെ ബാക്കി മാസങ്ങളില്‍ വെറുതെയിരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ എന്തു ത്യാഗം സഹിച്ചും ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. സാഹചര്യം മുതലെടുക്കാന്‍ തയ്യാറായി കരാറുകാരും. ഒടുവില്‍ സംഭവിക്കുന്നത് നൂറ്റാണ്ടുകള്‍ക്കുമുമ്പേ നിര്‍മാര്‍ജനം ചെയ്ത അടിമവേലയും നിയന്ത്രണമില്ലാത്ത ചൂഷണവും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com