ADVERTISEMENT

ശാസ്ത്രമേഖലയിലെ ഗവേഷണരംഗത്തു പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലെ രാജ്യാന്തര പ്രശസ്തമായ റോയല്‍ സൊസൈറ്റി തിരഞ്ഞെടുത്ത പ്രതിഭകളില്‍ ഒരു ഇന്ത്യന്‍ വനിതയും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍നിന്നുള്ള ഒരു വനിത ഈ അംഗീകാരം നേടുന്നത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പ്രഫസറും ഫരീദാബാദിലെ ട്രാന്‍സ്‍ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗഗന്‍ദീപ് കാംഗ് ആണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 

കുട്ടികളിലെ അണുബാധ തടയാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 57 വയസ്സുകാരിയായ ഗഗന്‍ദീപ് കാംഗിന് ഇനി ബ്രിട്ടനില്‍ നൊബേല്‍ സമ്മാനം ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാം. ശാസ്ത്രമേഖലയിലെ ഗവേഷണങ്ങള്‍ക്കും ലോകചരിത്രത്തെത്തന്നെ മാറ്റിക്കുറിക്കുന്ന കണ്ടുപിടിത്തങ്ങള്‍ക്കും വേണ്ടി പ്രതിജ്ഞാബദ്ധമായ സ്ഥാപനമാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രശസ്തമായ റോയല്‍ സൊസൈറ്റി. 

പൊതുജനാരോഗ്യമേഖലയില്‍ ഇതിനോടകം ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് ഗഗന്‍ദീപ്. ടൈഫോയിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതില്‍ അവരുടെ ഗവേഷണം ഫലപ്രദവുമായിരുന്നു. ടൈഫോയിഡ് തടയാനുള്ള പ്രതിരോധ മരുന്നുകള്‍ കണ്ടുപിടിച്ചും അവ പരീക്ഷണം നടത്തി ഫലപ്രദവുമാണെന്നു തെളിയിക്കുന്നതില്‍ ശ്രദ്ധേയ സംഭാവനയും നല്‍കിയിട്ടുണ്ട്. 

ലോകാരോഗ്യ സംഘടന ഗഗന്‍ദീപിന്റെ ഈ മേഖലയിലുള്ള ഗവേഷണങ്ങളെ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. അണുബാധ എങ്ങനെ കുട്ടികളുടെ ജീവനെടുക്കുന്നതില്‍ നിര്‍ണായകമാകുന്നു എന്ന് പരിശോധിക്കാനും അവ നേരത്തേതതന്നെ കണ്ടുപിടിച്ചു തടയാനുമാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. റോയല്‍ സൊസൈറ്റിയില്‍ ഫെലോ ആകുന്നതോടെ ഗഗന്‍ദീപിന്റെ ഗവേഷണങ്ങള്‍ക്ക് ലോകശ്രദ്ധ ലഭിക്കും. ഇന്ത്യയിലെ സാധാരണക്കാരെ അലട്ടുന്ന വ്യത്യസ്ത രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച് കുട്ടികള്‍ക്ക് വ്യത്യസ്ത പരിശീലന പരിപാടികള്‍ ഇപ്പോള്‍തന്നെ ഗഗന്‍ദീപ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്. 

ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് ഗഗന്‍ദീപിനു പുറമെ 50 പേരെ റോയല്‍ സൊസൈറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. 10 പേരെ ഫോറിന്‍ മെംബര്‍മാരായും ഒരാളെ ഓണററി ഫെലോ ആയുമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അസാധാരണമായ ഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളെയാണ് റോയല്‍ സൊസൈറ്റി തിരഞ്ഞെടുത്തത്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഗഗന്‍ദീപ്. ഈ മാസം 16നാണ് ഇന്ത്യയ്ക്കാകെ അഭിമാനകരമായ പ്രഖ്യാപനമുണ്ടായത്. 

ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസറും നോബേല്‍ സമ്മാന ജേതാവ് വെങ്കി രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍  ഗഗന്‍ദീപിനെ അഭിനന്ദിച്ചു. മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കും ആരോഗ്യത്തിനും വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റോയല്‍ സൊസൈറ്റി. ആ സ്ഥാപനത്തില്‍ അംഗമായതിലൂടെ ഗഗന്‍ദീപ് രാജ്യത്തിനാകെ അഭിമാനമായിരിക്കുന്നു എന്നാണ് വെങ്കി അഭിപ്രായപ്പെട്ടത്. 

റോയല്‍ സൊസൈറ്റി അംഗീകാരം വിനയപൂർവം സ്വീകരിച്ച ഗഗന്‍ദീപ് ശാസ്ത്രമേഖലയിലെ ഗവേഷണത്തിനു സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. ശാസ്ത്രമേഖലയില്‍ പൊതുവെ സ്ത്രീകളുടെ എണ്ണം കുറവാണ്. നേതൃപരമായ പങ്കു വഹിക്കുന്നവരുടെ എണ്ണവും കുറവാണ്. സ്ത്രീകള്‍ക്ക് ശാസ്ത്രഗവേഷണത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. മറിച്ച് ജോലിസമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗകര്യപ്രദമല്ലാത്തതിനാലാണ്- ഗഗന്‍ദീപ് അഭിപ്രായപ്പെട്ടു.

ഗവേഷണ സ്ഥാപനങ്ങളില്‍ 50 ശതമാനം ഒഴിവുകള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കിവച്ചാലേ ഇപ്പോഴത്തെ വിവേചനം അവസാനിപ്പിക്കാനാകൂ എന്നും അവര്‍ അഭിപ്രയപ്പെട്ടു. റോയല്‍ സൊസൈറ്റിയുടെ 1600 ഫെലോകളില്‍ 133 പേര്‍ മാത്രമാണ് വനിതകള്‍. 1660 ല്‍ സ്ഥാപിച്ചെങ്കിലും റോയല്‍ സൊസൈറ്റിയില്‍ ഒരു വനിത ആദ്യമായി എത്തുന്നത് 1945 ല്‍ മാത്രം. പ്രഫസര്‍മാരായ ഗുര്‍ദയാല്‍ ബര്‍സ, മഞ്ജുള്‍ ഭാര്‍ഗവ, ആനന്ദ് പരേഖ്, അക്ഷയ് വെങ്കിടേഷ് എന്നിവരാണ് ഇത്തവണ ഗഗന്‍ദീപിനൊപ്പം ഇന്ത്യയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com