sections
MORE

നീണ്ട 17 വര്‍ഷത്തെ പോരാട്ടം; ഉള്ളുപൊള്ളി മനസ്സു തുറന്ന് ബിൽക്കിസ് ബാനു

Bilkis Bano
ബില്‍ക്കിസ് ബാനു
SHARE

കൂട്ടമാനഭംഗത്തിന് ഇരയായ ഒരു വ്യക്തിക്ക് അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണ് ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിന് കഴിഞ്ഞദിവസം രാജ്യത്തെ പരമോന്നത കോടതി അനുവദിച്ചത്. പക്ഷേ തുകയുടെ വലുപ്പത്തേക്കാള്‍ ബില്‍ക്കിന് ആശ്വാസം പകരുന്നത് അവസാനം നീതി ലഭിച്ചു എന്ന വിശ്വാസം. താന്‍ അനുഭവിച്ച വേദനയും കഷ്ടപ്പാടും മനസ്സിലാക്കാന്‍ കോടതിക്കു കഴിഞ്ഞല്ലോ എന്ന സന്തോഷം. 

കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലും കലാപത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബില്‍ക്കിസ് ബാനു കടന്നുപോയ ക്രൂരകാലത്തെക്കുറിച്ചും ഭാവിയുടെ പ്രതീക്ഷകളെക്കുറിച്ചും വിശദമായി സംസാരിച്ചു. 

50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും ബില്‍ക്കിസ് ബാനുവിനു നല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞദിവസം ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നീതിന്യായ വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിച്ചു. വൈകിയാലും നീതി ലഭിക്കുമെന്നുതന്നെ പ്രതീക്ഷിച്ചു. ഒന്നരപതിറ്റാണ്ടിനു ശേഷമാണെങ്കിലും ഒടുവില്‍ എനിക്കു നീതി ലഭിച്ചിരിക്കുന്നു. എന്റെ വിശ്വാസം ശരിയാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. 

സഹിച്ച വേദനകളും കഷ്ടപ്പാടുകളും കോടതി മനസ്സിലാക്കിയിരിക്കുന്നു- ഇടറാത്ത വാക്കുകളില്‍ ഒരു ജീവിതകാലത്ത് അനുഭവിക്കാവുന്ന പരമാവധി ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്ന ബില്‍ക്കിസ് പറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപകാലത്താണ് ബില്‍ക്കിസ് ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായത്. അന്നവര്‍ക്ക് 19 വയസ്സ് ഗര്‍ഭിണിയും. 11 പേരുടെ മാംസദാഹത്തിന് അന്ന് ആ ചെറിയ പെണ്‍കുട്ടി ഇരയായി.

മാറിമാറിയുള്ള പീഡനം. ഉടുവസ്ത്രം പോലുമില്ലാത്തനിലയില്‍ ബില്‍ക്കിസിനെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു. മൂന്നുവയസ്സുകാരി മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു. മാനഭംഗക്കേസുകളില്‍ ഇതിനുമുമ്പും നഷ്ടപരിഹാരം വിധിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക ഇതാദ്യമാണെന്നു പറയുന്നു ബില്‍ക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത. ലഭിക്കുന്ന തുകയുടെ ഒരു ഭാഗം മാനഭംഗത്തിലെ ഇരകളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനുംവേണ്ടി ഉപയോഗിക്കാനാണ് ബില്‍ക്കിസ് ബാനുവിന്റെ തീരുമാനം. കലാപകാലത്ത് കൊല്ലപ്പെട്ട മകള്‍ സലേഹയുടെ പേരിലായിരിക്കും സാഹായ നിധി രൂപീകരിക്കുകയെന്നും ബില്‍ക്കിസ് വ്യക്തമാക്കി. 

സലേഹയുടെ മൃതദേഹം പോലും എനിക്കു കിട്ടിയില്ല. മകളുടെ സംസ്കാരം നടത്താനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ആ നെറ്റിയിലൊന്നു ചുംബിക്കാനും കഴിഞ്ഞില്ല. എന്നെങ്കിലും മറക്കാനാവുമോ ആ വേദന. എത്ര തന്നെ നഷ്ടപരിഹാരം അനുവദിച്ചാലും മതിയാകുമോ ഞാന്‍ അനുഭവിച്ച വേദനകള്‍ക്കുള്ള പരിഹാരം. ഒരുപക്ഷേ ഒന്നുമറിയാതെ കടന്നുപോയ മകള്‍ക്കു വൈകികിട്ടിയ നീതി കൂടിയായിരിക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധി. വൈകിവന്ന നീതി- വേദന നിറഞ്ഞതെങ്കിലും ആത്മവിശ്വാസത്തിന്റെ വാക്കുകളില്‍ ബില്‍ക്കിസ് പറയുന്നു. 

എനിക്കിപ്പോള്‍ ഒരു ആശ്വാസമേയുള്ളൂ. കോടതി എന്റെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കിയെന്ന സാന്ത്വനം. പോരാടേണ്ടിവന്നത് ഒന്നും രണ്ടുമല്ല. നീണ്ട 17 വര്‍ഷം. ഇക്കാലമത്രയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് എന്നെത്തന്നെ ലോകത്തിനു മുമ്പില്‍ തെളിയിക്കേണ്ടിയിരുന്നു. ഒടുവില്‍ ആ വിജയ നിമിഷം വന്നെത്തി- ബില്‍ക്കിസ് ബാനു പറയുന്നു. 

മകള്‍ ഹസ്ര ഇപ്പോള്‍ നന്നായി പഠിക്കുന്നുണ്ട്. അഭിഭാഷക ആകണമെന്നാണ് അവളുടെ ആഗ്രഹം. പീഡനത്തിന്റെ ഇരകള്‍ക്കുവേണ്ടി വാദിച്ച് നീതി ലഭ്യമാക്കുന്ന അഭിഭാഷക. നീതിനിഷേധിക്കപ്പെട്ട വര്‍ക്കുവേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്ന മകളിലാണ് എന്റെ പ്രതീക്ഷ- മകളെക്കുറിച്ചു പറയുമ്പോള്‍ ബില്‍ക്കിസ് ബാനുവിന്റെ കണ്ണുകളില്‍ തിളക്കം. വേദനകളുടെ ഇരുണ്ടകാലത്തിനുശേഷം ഉദിച്ചുവരുന്ന പ്രകാശത്തിന്റെ തിളക്കം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA