ADVERTISEMENT

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ സ്ത്രീവോട്ടര്‍മാരുടെ മനസ്സില്‍ എന്താണെന്ന് ചിന്തിച്ചു തലപുകയ്ക്കുന്നത് മണ്ഡലത്തിലെ പുരുഷന്‍മാര്‍ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകരും കൂടിയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ ഇത്തവണ പോളിങ് ശതമാനം കൂടിയിട്ടുണ്ടെങ്കിലും ആറ്റിങ്ങലിലെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം ഇത്തവണ റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. 75.39 ശതമാനം സ്ത്രീകളാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് സമ്മതിനാദാവകാശം വിനിയോഗിച്ചിരിക്കുന്നത്. 72.91 ശതമാനം പുരുഷന്‍മാത്രം വോട്ടുചെയ്തപ്പോഴാണ് അവരെ കടന്ന് സ്ത്രീകള്‍ മുന്നിലെത്തിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ആറ്റിങ്ങലില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്‍മാരെക്കാള്‍ മുന്നിലെത്തുന്നത്. 

2009 ലും 14 നും നടന്ന തിരഞ്ഞെടുപ്പുകളില്‍ പുരുഷ വോട്ടര്‍മാര്‍ തന്നെയായിരുന്നു മുന്നില്‍. പക്ഷേ, ഇത്തവണ മൊത്തം പോളിങ് ശതമാനം 70 ശതമാനത്തില്‍ അധികമായതിനൊപ്പം കൂടുതലായി സ്ത്രീകള്‍ പോളിങ് ബൂത്തുകളില്‍ എത്തുകയും ചെയ്തു.  ഏഴു നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ ആറ്റിങ്ങലിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അവകാശം വിനിയോഗിച്ചത് 77.35 ശതമാനം. 

ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വര്‍ക്കല, വാമനപുരം എന്നിവടങ്ങളിലും സ്ത്രീകള്‍ തന്നെ മുന്നില്‍. ആരുവിക്കരയിലും കാട്ടാക്കടയിലും മാത്രമാണ് പുരുഷ വോട്ടര്‍മാര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലില്‍ നിന്നു വിജയിച്ചത് ഇടതു പക്ഷത്തുനിന്നുള്ള എ.സമ്പത്ത്. 

പക്ഷേ ഇത്തവണ യുഡിഎഫിനുവേണ്ടി അടൂര്‍ പ്രകാശും എന്‍ഡിഎയ്ക്കുവേണ്ടി ശോഭാ സുരേന്ദ്രനും എത്തിയതോടെ മല്‍സരം കടുത്തു. പക്ഷേ സ്തീകള്‍ കൂടുതലായി പോളിങ് ബൂത്തില്‍ എത്തിയത് തങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണെന്നാണ് സമ്പത്ത് അവകാശപ്പെടുന്നത്. 52 ഗ്രാമപഞ്ചായ ത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലുമായി 1000 കുടുംബയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ യോഗങ്ങളിലൊക്കെ സ്ത്രീകള്‍ കൂട്ടത്തോടെ എത്തുകയും സ്ഥാനാര്‍ഥിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഈ യോഗങ്ങളുടെ ഫലം തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും- ആത്മവിശ്വാസത്തോടെ സമ്പത്ത് പറയുന്നു. 

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വവും ശബരിമല വിഷയത്തിലുള്ള സ്ത്രീകളുടെ പ്രതികരണവുമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ മറുവാദം. വിശ്വാസ പ്രശ്നത്തില്‍ സ്ത്രീകളുടെ വേദന വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നുതന്നെയാണ് 2014-ല്‍ എ.സമ്പത്തിനോടു മല്‍സരിച്ചു പരാജയപ്പെട്ട കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പറയുന്നത്. വിജയപ്രതീക്ഷയില്ലെങ്കിലും ആറ്റിങ്ങലില്‍ വോട്ടുകള്‍ വ്യാപകമായി കൂടിയിട്ടുണ്ടെന്ന് എന്‍ഡിഎ നേതൃത്വവും അവകാശപ്പെടുന്നു. 

തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരത്താകട്ടെ സ്ത്രീകളെക്കാള്‍ വോട്ടു ചെയ്തത് പുരുഷന്‍മാരാണ്. പക്ഷേ അവിടെയും മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഇത്തവണ വോട്ടു ചെയ്തിട്ടുണ്ട്- 72.66 ശതമാനം. പുരുഷ വോട്ടര്‍മാരുടെ ശതമാനം 74. 19 മാത്രം. വ്യത്യാസം വ്യാപകമായി കുറഞ്ഞു.  എന്തായാലും തിരുവനന്തപുരത്തെ ഒരു നിയമസഭാ മണ്ഡലത്തില്‍പ്പോലും ആറ്റിങ്ങലില്‍ കണ്ട സ്ത്രീപ്രവാഹം ഉണ്ടായിട്ടില്ല. മൂന്നു മുന്നണികളും സ്ത്രീകള്‍ പ്രതികരിച്ചത് തങ്ങള്‍ക്ക് അനുകൂലമായിട്ടാണെന്ന് വാദിക്കുമ്പോഴും യഥാര്‍ഥത്തില്‍ വിധി ആര്‍ക്ക് അനുകൂലമെന്നാണ് ഇനി അറിയാനുള്ളത്. കേരളത്തിനൊപ്പം, രാജ്യത്തിനൊപ്പം ആറ്റിങ്ങലിലെ പുരുഷന്‍മാരും ആകാംക്ഷയോടെ കാത്തിരിക്കുന്നു: സ്ത്രീകളുടെ മനസ്സില്‍ എന്താണെന്ന് അറിയാന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT