ADVERTISEMENT

വര്‍ധിച്ചുവരുന്ന ലൈംഗിക പീഡന ശ്രമങ്ങള്‍ക്കെതിരായ പോരാട്ടത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളും ഇംഗ്ലണ്ടിലെ പെണ്‍കുട്ടികളെയും യുവതികളെയും ആശങ്കപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഗേഗ്ലൈഡിങ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. 4 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള മുക്കാല്‍ലക്ഷത്തോളം പേരോടു സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പീഡനശ്രമങ്ങള്‍, പെണ്‍കുട്ടികളെ രണ്ടാംകിടക്കാരായി കാണുന്ന മനസ്ഥിതി എന്നിവയൊക്കെ വ്യാപകമായ ആശങ്കയുടെ കാരണങ്ങളാണ്. ഇതിനൊപ്പം മെച്ചപ്പെട്ട കാലാവസ്ഥയില്‍ ജീവിക്കാനുള്ള ആഗ്രഹവും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു.

ഭാവിയില്‍ തങ്ങള്‍ നേരിടാന്‍പോകുന്ന പ്രധാന പ്രശ്നങ്ങളായി പലരും കാണുന്നത് പീഡന ശ്രമങ്ങളും അനാരോഗ്യകരമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും. 17 വയസ്സിനുമുമ്പുതന്നെ തെരുവില്‍ മോശമായ അനുഭവങ്ങളുണ്ടാകുന്നതായും പലരും വെളിപ്പെടുത്തി. 7 മുതല്‍ 10 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്ക പ്രധാനമായും ഉയര്‍ത്തിയത്. 

184296865
പ്രതീകാത്മക ചിത്രം

ഏതാണ്ട് 35,000 -ല്‍ അധികം പേര്‍ ഈ പ്രശ്നം ചൂണ്ടിക്കാട്ടി. മനുഷ്യര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിസരം മലിനമാക്കുന്നതിനെക്കുറിച്ച്. പഠനത്തിലും ഗവേഷണത്തിലും കണ്ടെത്തിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനും ജനങ്ങളിലെത്തിക്കാനുംവേണ്ടി ‘ഫ്യൂച്ചര്‍ ഗേള്‍’ എന്ന പേരില്‍ ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. 

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. പുരുഷ കായികയിനങ്ങള്‍ക്കു നല്‍കുന്ന അതേ പ്രാധാന്യം സ്ത്രീകളുടെ കായികയിനങ്ങള്‍ക്കു നല്‍കണമെന്നതാണ് മറ്റൊരു ആവശ്യം. 

ആണ്‍കുട്ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ ചെയ്യാനാവുന്നില്ല എന്നത് 13,000 -ല്‍ അധികം പെണ്‍കുട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്. ഭാവിയെക്കുറിച്ചു പറയുമ്പോള്‍ പെണ്‍കുട്ടികളായതുകൊണ്ടുമാത്രം ഞങ്ങള്‍ പറയുന്നതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല. ഞങ്ങളെ ശ്രദ്ധിക്കാന്‍ ലോകം തയാറാകണം- ഗേൾഗ്ലൈഡിങ് സംഘാടക 15-വയസുകാരി റുയാന്‍ പറയുന്നു. 

ടാബ്ലോയിഡുകളുടെ മൂന്നാം പേജില്‍ മേല്‍വസ്ത്രം ധരിക്കാത്ത യുവതികളുടെ ചിത്രം പ്രസിദ്ധീകരി ക്കുന്നതിനെതിരെ ഗേൾഗ്ലൈഡിങ് പ്രചാരണം നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്സിന്റെ അഭിപ്രായത്തില്‍ പലതുകൊണ്ടും ഇന്നത്തെ ലോകമാണ് ജീവിക്കാന്‍ നല്ലത്. പക്ഷേ, ഇന്നും പെണ്‍കുട്ടികളും യുവതികളും പ്രശ്നങ്ങളെ നേരിടുന്നു എന്നതാണ് യാഥാര്‍ഥ്യം. 

വനിതാ ക്ഷേമ മന്ത്രി വിക്റ്റോറിയ അറ്റ്കിന്‍സും വനിതകള്‍ ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യം എടുത്തുപറയുന്നു. ഫ്യൂച്ചര്‍ ഗേള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ മോശമായ രീതിയിൽ കാണുന്ന പ്രവണത ഇപ്പോഴുമുണ്ട്. ഇതിന്റെപേരില്‍ മാത്രം പല യുവതികളും രാഷ്ട്രീയം വെറുക്കുന്നു എന്നും അറ്റ്കിന്‍സ് പറയുന്നു. 

കഴിഞ്ഞവര്‍ഷം ഗേൾഗ്ലൈഡിങ് നടത്തിയ സര്‍വേയില്‍ സമൂഹമാധ്യമങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതായി പല പെണ്‍കുട്ടികളും വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com