ADVERTISEMENT

അമ്മയാകുക എന്നത് ജീവിതത്തിലെ മഹത്തായ ലക്ഷ്യമാണെങ്കിലും കാനഡയിലെ സ്ത്രീകൾ പ്രഥമപരിഗണന കൊടുക്കുന്നതു മികച്ച ജോലിക്കും സമ്പാദ്യത്തിനും. 20–30 വയസ്സിനിടെ വിവാഹിതരായി അമ്മമാരാകാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് ഉയരുന്ന ജീവിതച്ചെലവും മികച്ച താമസസൗകര്യവും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്ന് മാറ്റിവയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. മികച്ച ജോലി നേടി, ചെറുതല്ലാത്ത സമ്പാദ്യവും സ്വന്തമായുണ്ടെങ്കിൽ മാത്രമേ കാനഡയിൽ കുടുംബമായി ജീവിക്കാനാകൂ എന്ന സ്ഥിതിയാണ്. കുട്ടികളില്ലാതെ ഒറ്റയ്ക്കു ജീവിക്കാൻ ഇതു ബാധകമല്ല. 

pressure-of-motherhood-art

പുതിയകാലത്ത് അമ്മമാരാകാൻ കാനഡയിലെ യുവതികൾ തിരഞ്ഞെടുക്കുന്നതു 30 കഴിഞ്ഞുള്ള പ്രായം. പലരും 35 വയസ്സിനുശേഷമാണ് അമ്മമാരാകുന്നത്. ഈ പ്രവണത ക്രമേണ കൂടുകയാണെന്നും ഒരു സർവകലാശല നടത്തിയ പഠനത്തിൽ വ്യക്തമായി. കാനഡയിലെ ഏതാണ്ട് എല്ലാ പ്രവിശ്യകളിലും യുവതികൾ വൈകി മാത്രം അമ്മമാരാകുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 

കുടുംബമായി താമസിക്കാനുള്ള വീടും സൗകര്യങ്ങളും സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടും ചെലവുമാണ് എല്ലായിടത്തും വില്ലൻ. വാൻകൂറിലെ ഒരു പാർക്കിൽ കുട്ടികൾക്കൊപ്പം ഉല്ലാസവേളയ്ക്കെത്തിയ സ്ത്രീകളോട് ആഷ്‍ലി ബർ എന്ന മാധ്യമ പ്രവർത്തക സംസാരിച്ചപ്പോഴും ഇക്കാര്യം വ്യക്തമായി. അവിടെ കൂടിയിരുന്ന സ്ത്രീകൾ മടിയില്ലാതെ തങ്ങൾക്കു വൈകിയ പ്രായത്തിലാണ് കുട്ടികളുണ്ടായതെന്നു വെളിപ്പെടുത്തി. കാരണം വിശദീകരിക്കാനും അവർക്കു മടിയില്ല. ഒന്നോ രണ്ടോ പേരുടെ മാത്രം പ്രശ്നമല്ല, ഒരു രാജ്യത്തിലെ സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് അവർ വെളിപ്പെടുത്തിയത്. 36–ാം വയസ്സി‍ൽ അമ്മയായവർ വരെ കൂട്ടത്തിലുണ്ട്. സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും ഇതു ശരിവയ്ക്കുന്നു. 

കൗമാരത്തിലും യൗവനത്തിന്റെ ആദ്യഘട്ടങ്ങളിലും പെൺകുട്ടികൾ ഗർഭിണികളാകുന്നതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ പല രാജ്യങ്ങളെയും അലട്ടുമ്പോഴാണ് കാനഡ തികച്ചും സവിശേഷമായ സാമൂഹിക സാഹചര്യത്തെ നേരിടുന്നത്. ഇരുപതുകളിൽ അവിടെ ആരും ഇപ്പോൾ ഗർഭം ധരിക്കുന്നില്ല.  മുപ്പതും 35ഉം വയസ്സിനുശേഷം ഗർഭം ധരിക്കുന്നവരുടെ എണ്ണമാകട്ടെ 60 ശതമാനം കൂടുകയും ചെയ്തു. 

ഒറ്റയ്ക്കു ജീവിക്കാൻ ഒരു മുറി തന്നെ ധാരാളം. ചെലവും കുറവ്. ചെറിയ ശമ്പളം മതിയാകും. ജോലി ലഭിക്കുന്ന ആദ്യവർഷങ്ങളിൽ പലർക്കും ചെറിയ ശമ്പളവുമായിരിക്കും ലഭിക്കുന്നത്. പക്ഷേ, കുട്ടികളാകുന്നതോടെ ഒന്നിലധികം മുറികളുള്ള വീട് വേണം. അവ കണ്ടെത്തുന്നതും സ്വന്തം ചെലവിന്റെ പരിധിയിൽ ഒതുക്കിനിർത്തുന്നതുമാണ് പ്രധാന വെല്ലുവിളി. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ എന്തായാലും കാനഡയിലെ യുവതികൾ താമസിച്ചു മാത്രം ഗർഭം ധരിക്കുന്നതു തുടരാനാണ് തീരുമാനം. അത് ആരോഗ്യത്തിനു നല്ലതാണെങ്കിലും അല്ലെങ്കിലും. സമൂഹത്തിന് ദോഷകരമാണെങ്കിലും അല്ലെങ്കിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com