ADVERTISEMENT

കാസ്റ്റര്‍ സെമന്യ വളര്‍ന്നതും വളര്‍ത്തപ്പെട്ടതും പെണ്ണായിട്ടുതന്നെ. മധ്യദൂര ഓട്ടമല്‍സരങ്ങളിലെ മിന്നല്‍പ്പിണറായിവളര്‍ന്ന്, നേട്ടങ്ങള്‍ സ്വന്തമാക്കിയ കാസ്റ്റര്‍ സെമന്യ കായികരംഗത്ത് അറിയപ്പെടുന്നത് വനിതാ കായികതാരമായി. അവര്‍ സ്ത്രീയല്ലെന്ന് ആരും ഇന്നുവരെ പറഞ്ഞിട്ടില്ല; അത്‍ലറ്റിക്സ് ഫെഡറേഷന്‍ പോലും. എന്നിട്ടും കായികതാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്ന കോടതി സെമന്യയ്ക്കു വിധിക്കുന്നത് വിലക്ക്. നീതിയും ന്യായവുമില്ലാത്ത നിരോധനം. എല്ലാ വനിതകള്‍ക്കും ബാധകമായ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണ് സെമന്യയ്ക്ക്. സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: വനിതാ അത്‍ലറ്റുകള്‍ക്കുള്ള എല്ലാ മല്‍സരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ വനിതകള്‍ക്കും അവകാശമില്ലേ ? 

ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ലെവല്‍ ആണ് കാസ്റ്റര്‍ സെമന്യയുടെ ജീവിതത്തില്‍ വില്ലനായിരിക്കുന്നത്. സ്ത്രീയാണെന്ന് ലോകവും രാജ്യാന്തര കോടതി നിയമിച്ച മൂന്നംഗകമ്മിറ്റിയും അംഗീകരിക്കുന്നുണ്ടെങ്കിലും ഹോര്‍മോണ്‍ നില കുറച്ചതിനുശേഷം മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് വിധി. ഒറ്റനോട്ടത്തില്‍ത്തന്നെ വിവേചനപരമായ വിധി വിവേചനം തന്നെയെന്ന് കോടതിയും സമ്മതിക്കുന്നു. 

പക്ഷേ, കായികരംഗത്തിന്റെ മഹത്വത്തിനുവേണ്ടിയും വനിതാ കായികതാരങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ചില വിവേചനങ്ങള്‍ ആവശ്യമാണെന്നാണു കോടതിയുടെ വാദം. വലിയൊരു വിവാദമായും ചൂടുപിടിച്ച ചര്‍ച്ചയായും മാറിക്കൊണ്ടിരിക്കുകയാണ് കാസ്റ്റര്‍ സെമന്യയ്ക്ക് രാജ്യാന്തര കായിക കോടതി വിധിച്ച വിലക്ക്. പ്രശസ്തരായ കായികതാരങ്ങള്‍ ഉള്‍പ്പെടെുള്ളവർ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. കേവലം വിലക്ക് എന്നതിനപ്പുറം അസാധാരണ പ്രതിഭയുള്ള ഒരു കായികതാരത്തിന്റെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്നതാണ് വിധി. വിലക്കിന്റെ ന്യായമെന്തെന്നാണ് ചോദ്യം. നീതി എല്ലാവര്‍ക്കും ബാധകമല്ലേ എന്നും. 

ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ രണ്ട് ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 800 മീറ്ററില്‍ മൂന്ന് ലോക ചാംപ്യന്‍ഷിപ് മെഡലുകളും. മികച്ച ഓട്ടക്കാരിയെന്ന് പേരെടുത്ത അതേ സെമന്യയ്ക്കാണ് ഇപ്പോള്‍ വിലക്കിനെ നേരിടേണ്ടിവന്നിരിക്കുന്നത്. അതും ഹോര്‍മോണ്‍ ലെവലിന്റെ പേരില്‍. 

ആരാണ് കാസ്റ്റര്‍ സെമന്യ എന്ന ചോദ്യത്തിന് അവര്‍ സ്ത്രീയാണെന്ന് ഉത്തരം. തീര്‍ച്ചയായും അവര്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ അല്ല. പക്ഷേ നാനൂറ് മീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ മല്‍സരിക്കണമെങ്കില്‍ സെമന്യ ഹോര്‍മോണ്‍ ലെവല്‍ കുറയ്ക്കണമത്രേ. 400, 800, 1500 ഇനങ്ങളിലാണ് സെമന്യ മല്‍സരിക്കാറുള്ളത്. അതില്‍ത്തന്നെ 800 മീറ്ററാണ് ഇഷ്ടയിനം. പുതുതായി എത്തിയിരിക്കുന്ന വിധി ഒരു മികച്ച കായികതാരത്തിന്റെ ചിറകരിയാന്‍വേണ്ടി മാത്രമുള്ളതല്ലേ എന്നതാണു പ്രസക്തമായ ചോദ്യം. 

വനിതാ കായികതാരങ്ങള്‍ക്കെതിരെയുള്ള വിവേചനം ഇന്നും ഇന്നലെയുമല്ല തുടങ്ങുന്നത്. മല്‍സരിക്കുന്ന എല്ലാ താരങ്ങളും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്നായിരുന്നു 1950 കളിലെ നിയമം. പരിശോധനയ്ക്ക് ഇരിക്കുന്ന ഡോക്ടര്‍മാര്‍ക്കുമുന്നില്‍ കായികതാരങ്ങള്‍ അവരുടെ നഗ്നശരീരം പ്രദര്‍ശിപ്പിച്ച് സര്‍ട്ടിഫക്കറ്റ് നേടണം എന്നായിരുന്നു വ്യവസ്ഥ. പുരഷന്‍മാര്‍ വനിതാ കായികതാരങ്ങളായി വേഷം മാറി മല്‍സരിക്കുന്നതു തടയാനായിരുന്നു ക്രൂരമായിരുന്ന ഈ നിയമം. 

സോവിയറ്റ് യൂണിയന്റെ മേധാവിത്വകാലത്ത് ക്രോമോസോം പരിശോധനയായിരുന്നു നിലവിലുണ്ടായിരു ന്നത്. പുരുഷന്‍മാര്‍ വനിതകളായി മാറി നേട്ടങ്ങള്‍ കൊയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ പരിശോധ നയും. സ്വഭാവികമായും ഇത്തരം സംശയങ്ങള്‍ക്കെല്ലാം അടിസ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്രൂരമെന്നു തോന്നാവുന്ന പരിശോധനകള്‍ തുടരുകയും ചെയ്തു. പക്ഷേ എല്ലാവരും സമന്മാരാണെങ്കിലും ചിലര്‍ മറ്റുള്ളവരേക്കാള്‍ സമന്‍മാരാണെന്ന വാദം പോലെയാണ് കാസ്റ്റര്‍ സെമന്യയ്ക്ക് എതിരെയുള്ള വിലക്ക് വന്നിരിക്കുന്നത്. 

ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങള്‍ക്കെതിരെ ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ ഉയര്‍ത്തിയ എതിര്‍പ്പും കാസ്റ്റര്‍ സെമന്യയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. സെമന്യയ്ക്ക് ബാധകമായ നീതി മറ്റുള്ളവരുടെ കാര്യത്തില്‍ പ്രയോഗിച്ചിട്ടില്ല എന്നതും സംശയമുണര്‍ത്തുന്നു. 2016 ലെ സമ്മര്‍ ഒളിംപിക്സ് തന്നെ ഉദാഹരണം. അന്ന് നാല് ഒളിംപിക് മെഡലുകള്‍ നേടിയ നീന്തല്‍ത്താരം ലെഡക്കി എന്ന താരത്തിന് എതിരെ ഒരു എതിര്‍പ്പും ഉയര്‍ത്താത്തവരാണ് ഇപ്പോള്‍ സെമനയ്ക്ക് എതിരെ വാളെടുത്തിരിക്കുന്നത്. 

സെമന്യക്ക് എതിരെ പറയാവുന്ന എല്ലാ ആരോപണങ്ങളും ബാധകമായിരുന്നിട്ടും ലെഡക്കിക്ക് വിലക്ക് നേരിടേണ്ടിവന്നിട്ടില്ലാത്തതിനു കാരണം അവര്‍ വെളുത്ത വര്‍ഗക്കാരിയായ ഒരു അമേരിക്കാരി  ആയതുകൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സെമന്യ കറുത്ത വര്‍ഗക്കാരിയാണ്. ആഫ്രിക്കക്കാരിയും. ട്രാന്‍സ് സ്ത്രീകള്‍ക്കുപോലും മല്‍സരിക്കാമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണമായും ഒരു സ്ത്രീ തന്നെയായ സെമന്യ വിലക്കപ്പെടുന്നതും. എല്ലാ സ്ത്രീകള്‍ക്കും ഒരേ അവകാശങ്ങളാണെന്നിരിക്കെ ഒരാളെ മാത്രം വിലക്കി പുറത്തിരുത്തുമ്പോള്‍ പരാജയപ്പടുന്നത് സെമന്യ മാത്രമല്ല,  ലോക വനിതാകായിക രംഗം തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT