sections
MORE

ലൈംഗിക ചൂഷണം, കൊലപാതക പരമ്പരകൾ; ജോലിതേടിയെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്

Abuse of migrant women
പ്രരതീകാത്മക ചിത്രം
SHARE

കൊലപാത പരമ്പരകളെക്കുറിച്ചുള്ള ഒരു സൈനിക ഓഫിസറുടെ വെളിപ്പെടുത്തലിന്റെ ഞട്ടലിലാണ് സൈപ്രസ്. ഫിലിപ്പീന്‍സ്, നേപ്പാള്‍, ഇന്ത്യ തുടങ്ങിയ  രാജ്യങ്ങളില്‍നിന്ന് ജോലി തേടിയെത്തി സൈപ്രസില്‍ ജീവിക്കുന്ന നൂറുകണക്കിനു സ്ത്രീതൊഴിലാളികളും. അഭയം തേടിയെത്തിയ രാജ്യത്തുവച്ചു നടന്ന അക്രമങ്ങളും ഭീഷണികളും അവരെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. ആശങ്ക നിഴലിക്കുന്ന മുഖങ്ങളും ഭയം നിറഞ്ഞ മനസ്സുകളുമായി അവര്‍ ഉറ്റുനോക്കുന്നത് ആശ്രയത്തിനായി. 

അഞ്ചു യുവതികളെയും രണ്ടു പെണ്‍കുട്ടികളെയും താന്‍ കൊലപ്പെടുത്തിയെന്നായിരുന്നു സൈപ്രസിലെ ഒരു ആര്‍മി ഓഫിസറുടെ വെളിപ്പെടുത്തല്‍. വീടുകളില്‍ സഹായികളായി ജോലി നോക്കുന്നവരായിരുന്നു യുവതികള്‍. മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടതിന്റെ ഭീതിക്കിടയിലും ജോലിചെയ്തു സമ്പാദിക്കുക എന്ന ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ചാണ് അവര്‍ നീങ്ങിയത്. പക്ഷേ, കൊലപാതകത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അവരുടെ ധൈര്യം ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നു തിരിച്ചറിഞ്ഞിരിക്കുകയാണ് അവര്‍. നിര്‍മാര്‍ജനം ചെയ്തുവെന്നവകാശപ്പെടുന്ന അടിമത്തത്തിനു തുല്യമായ അവസ്ഥയിലാണ് പല വീട്ടുജോലിക്കാരുടെയും ജീവിതവും. അധികാരസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്ത രാജ്യത്ത് ദയനീയ ജീവിതമാണ് സ്ത്രീകള്‍ നയിക്കുന്നത്. 

വീടുകളില്‍ സഹായികളായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ് സൈപ്രസില്‍. പല യുവതികളെയും കാണാതാകുന്നു. അക്രമികളാകട്ടെ പിടിക്കപ്പെടന്നുമില്ല. 

യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ് സൈപ്രസ്. വീട്ടുജോലിക്ക് കരാര്‍ അടിസ്ഥാനത്തിലാണ് മറ്റു രാജ്യങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിക്കുന്നത്. സൗജന്യ താമസവും ഭക്ഷണവും കരാറില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരിക്കും. 

ആഴ്ചയില്‍ ഒരുദിവസത്തെ അവധി സഹിതം 42 മണിക്കൂര്‍ ജോലിയെന്നാണു കരാറില്‍ പറയുന്നതെങ്കിലും അതിലധികം സമയം ജോലി ചെയ്യേണ്ടിവരും. വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം കിട്ടാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍. തൊഴില്‍ കരാര്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാനപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ പറയാറുണ്ടെങ്കിലും പലപ്പോഴും കാര്യമായ ശിക്ഷാനടപടികള്‍ ഉണ്ടാകാറില്ല. 

ഫിലിപ്പീന്‍സ് സ്വദേശിയായ സാന്റി സൈപ്രസില്‍ എത്തുന്നത് 2011ല്‍. മാതൃരാജ്യത്തു ജീവിക്കുന്ന കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ് അന്യരാജ്യത്ത് എത്തി ജോലി ചെയ്യുന്നത്. പക്ഷേ കരാറുകാരും വീടുകളിലുള്ളവരും അടിമയെപ്പോലെയാണ് പരിഗണിക്കുന്നതെന്നു പരാതിപ്പെടുന്നു സാന്റി. ഫീലിപ്പീന്‍സും ഇന്ത്യയുടമുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള കരാറുകാരാണ് യുവതികളെ സൈപ്രസില്‍ എത്തിക്കുന്നത്. 15,000 മുതല്‍ 50,000 വരെ ഫീസ് ആദ്യംതന്നെ കരാറുകാര്‍ക്ക് കൊടുക്കണം. ഇങ്ങനെ ഫീസ് നല്‍കുന്നത് നിയമവിരുദ്ധമാണെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിര്‍ബാധം ഇതു നടക്കുന്നുവെന്നതാണ് വാസ്തവം.

പ്രതീക്ഷകളുമായി സൈപ്രസില്‍ എത്തിയ സാന്റി മൂന്നുമാസത്തിനകം തന്നെ ലൈംഗികാക്രമണം നേരിട്ടു. കരാറുകാരനോടു പരാതിപ്പെട്ടപ്പോള്‍ ആറുമാസമെങ്കിലും ഇപ്പോള്‍ ജീവിക്കുന്ന ദമ്പതികള്‍ക്കൊപ്പം ജീവിക്കണമെന്നായിരുന്നു മറുപടി. അതിനുശേഷം മറ്റൊരിടത്ത് ജോലി ശരിയാക്കാമെന്നും ഉറപ്പുകൊടുത്തു. പക്ഷേ മോശമായ പെരുമാറ്റവും ലൈംഗിതിക്രമവും വര്‍ധിച്ചതിനെത്തുടര്‍ന്ന് സാന്റിക്ക് ജോലിചെയ്യുന്ന വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടേണ്ടിവന്നു. 

ലിസ എന്നു പേരുള്ള മറ്റൊരു സ്ത്രീ പ്രായമായ ദമ്പതികള്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. വീട്ടിലുള്ള പുരുഷന്‍ അയാളോടൊപ്പം കിടക്കാന്‍ നിരന്തരമായി ആവശ്യപ്പെടും. വീട്ടിലെത്തിയ മറ്റൊരു പുരുഷനും ലിസയെ ഉപദ്രിക്കാന്‍ ശ്രമിച്ചു. ഇതൊക്കെ പൊലീസില്‍ പരാതിപ്പെട്ടോ എന്ന ചോദ്യത്തിന് അതുകൊണ്ടൊന്നും ഒരു ഫലവുമില്ലെന്നായിരുന്നു ലിസയുടെ മറുപടി. പക്ഷേ ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ പ്രത്യേക വകുപ്പ് തന്നെയുണ്ടെന്നും ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. 

പ്രശ്നങ്ങളുള്ള വീടുകളില്‍നിന്നു മോചനം കിട്ടുന്നതും വെല്ലുവിളിതന്നെയാണ്. ഒരു മാസത്തിനകം പുതിയ ജോലി കണ്ടുപിടിക്കണം. ജോലി ശരിയാക്കിയില്ലെങ്കില്‍ വര്‍ക് പെര്‍മിറ്റ് റദ്ദാകും. ഇതേത്തുടര്‍ന്ന് കഷ്ടപ്പാടുകളും അക്രമങ്ങളും സഹിച്ച് പലരും ജോലിയില്‍ തുടരുന്നു. ഈ ദയനീയാവസ്ഥ ചിലര്‍ മുതലെടുക്കുകയും ചെയ്യുന്നു. 

സാന്റിയും ലിസയുമുള്‍പ്പെടെ പലര്‍ക്കും ദിവസം 14 മണിക്കൂര്‍ വരെ ജോലിചെയ്യണം. ആഴ്ചയില്‍ അനുവദിക്കപ്പെട്ട അവധി ലഭിക്കാറുമില്ല. ചിലര്‍ക്കാകട്ടെ ആറു മാസം കഴിയുമ്പോള്‍ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കുന്ന പീഡനവും നേരിടണം. ഒരു ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികളുണ്ട് ഇപ്പോള്‍ സൈപ്രസില്‍. 

ഭൂരിപക്ഷവും ജീവിക്കുന്നത് അടിമവ്യവസ്ഥയില്‍ അതിനിടയില്‍ പുറത്തുവന്നിരിക്കുന്ന കൊലപാതക വാര്‍ത്ത അവര്‍ക്ക് മറ്റൊരു ആഘാതമായിരിക്കുകയാണ്. ജോലി ഉപേക്ഷിച്ച് നാട്ടില്‍പ്പോയാല്‍ സഹിക്കേണ്ടിവരുന്ന ദാരിദ്രവും ജോലി ചെയ്യുന്നിടത്തെ അക്രമങ്ങളും അവരെ സമാനതകളില്ലാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. മോചനമില്ലാത്ത സങ്കടത്തിന്റെ നടുക്കടലില്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA