sections
MORE

ആർത്തവമാണെന്ന് പറയാൻ ഒരു സൈൻ, ഉള്ളു നീറ്റും ജീവിതം; കണ്ണു നിറയ്ക്കും ട്വിസ്റ്റ്

menses-sign-01
SHARE

ഒരു അമ്മയില്ലാക്കുട്ടിയുടെ സങ്കടം അതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിലെത്തുന്ന നിമിഷത്തെക്കുറിച്ചും അതിന് ആ പെൺകുട്ടി നൽകേണ്ടി വന്ന വിലയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ഷോർട്ട് ഫിലിം ഇപ്പോൾ ചർച്ചയാണ്. ഈ ഹ്രസ്വചിത്രത്തിന്റെ പേര് മെൻസസ്. പേരുസൂചിപ്പിക്കുന്നതുപോലെ ആർത്തവത്തെക്കുറിച്ചാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.

ആർത്തവ വേദനകൊണ്ടു പുളയുന്ന ഒരു പെൺകുട്ടിയെ സഹായിക്കാനെത്തുന്ന ഒരു ആൺകുട്ടിയിൽ നിന്നാണ് ഈ ഹ്രസ്വചിത്രം തുടങ്ങുന്നത്. ആർത്തവം എന്ന വാക്കുപയോഗിക്കാതെ ഒരു സൈനിലൂടെയാണ് താൻ അനുഭവിക്കുന്ന കൊടിയ വേദനയെക്കുറിച്ചും തനിക്ക് സാനിറ്ററി പാഡ് വേണമെന്നതിനെക്കുറിച്ചും അവൾ അപരിചിതനായ ആ പയ്യനോട് പറയുന്നത്.

പിന്നീട് അവളുടെ സഹായത്തിന് ഒരു കൂട്ടുകാരിയെത്തിയെത്തുകയും അവർ ഒരു ഓട്ടോറിക്ഷയിൽ മടങ്ങുകയും ചെയ്യുന്നു. നിനക്ക് പീരീഡ്സ് ആണെന്ന് നീ അവനോട് പറഞ്ഞോ എന്നുള്ള ചോദ്യത്തിന് പെൺകുട്ടി നൽകുന്ന മറുപടിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആ കഥ ഒരു അമ്മയില്ലാക്കുട്ടിയെക്കുറിച്ചായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത അവൾക്ക് ഏക ആശ്രയം അവളുടെ സഹോദരൻ മാത്രമായിരുന്നു.

നിർഭാഗ്യവശാൽ ആർത്തവത്തെക്കുറിച്ചും അതു വരുമ്പോളെടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആ കുട്ടികൾക്കറിയില്ലായിരുന്നു. ഓരോ ആർത്തവ വേളയും അവൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ദുരനുഭവങ്ങളായിരുന്നു. ഓരോ തവണയും ആർത്തവ രക്തക്കറ പുറംവസ്ത്രങ്ങളിൽ പുരളുമ്പോഴും അറപ്പോടെയാണ് ആളുകൾ അവളെ നോക്കിയത്. ഒരു ചെറിയ പെൺകുട്ടിയോടുള്ള കരുതൽ പോലും നൽകാതെ അവളുടെ അറിവില്ലായ്മയെ പരിഗണിക്കാതെ അവർ അവളെ അറപ്പോടെ ആട്ടിയകറ്റി.

ഒരിക്കൽ വഴിയിൽവച്ച് അവൾക്ക് ആർത്തവം വന്നപ്പോൾ സഹായിക്കാനെത്തിയ ഒരു യുവതിയോട് അവൾ തന്റെയുള്ളിലെ വേദനയെപ്പറ്റി തുറന്നു പറഞ്ഞു. പക്ഷേ അവരുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിനോ കരുതലിനോ അവളുടെയുള്ളിലെ വേദനയുടെ കനലിനെ ശമിപ്പിക്കാനായില്ല. അവൾക്ക് കുടിക്കാനായി വെള്ളം വാങ്ങാൻ ആ യുവതി അവളുടെ സമീപത്തു നിന്നു മാറിയപ്പോൾ ലോകത്തോടു മുഴുവനുള്ള വാശിതീർക്കാൻ അവളൊരു തീരുമാനമെടുത്തു.

ആർത്തവ സമയത്തെ ശാരീരികാസ്വസ്ഥതകളും ഒറ്റപ്പെടലും ആളുകളുടെ വെറുപ്പുമെല്ലാം അവളെ വല്ലാതെ തളർത്തി. തന്നെ വെറുത്ത ലോകത്തോട് തന്റെ ജീവൻ തന്നെ ബലിനൽകിയാണ് അവൾ പകരം വീട്ടിയത്. ഒരു നിമിഷത്തിന്റെ പരിചയം മാത്രമുണ്ടായിരുന്ന ആ പെൺകുട്ടിയുടെ വേർപാട് ഹൃദയത്തെ അസ്വസ്ഥമാക്കിയപ്പോൾ ആ യുവതി സമൂഹമാധ്യമങ്ങളിൽ ഒരു ലൈവ് ചെയ്യുകയും ആർത്തവത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. ആർത്തവമാണെന്ന് തുറന്നു പറയാൻ മടിക്കേണ്ട എന്ന് ആവർത്തിച്ചു പറയുന്നു. ഇതൊക്കെ കേട്ടിട്ടും ആർത്തവത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നവർക്കു വേണ്ടി അവർ ഒരു സൈൻ കാണിക്കുന്നു. ആ യുവതിയുടെ ലൈവ് കണ്ട പെൺകുട്ടികളിലൊരാളാണ് പൊതുസ്ഥലത്തു വച്ച് ആ സൈനിലൂടെ ഒരു ആൺകുട്ടിയുടെ സഹായം തേടിയത്.

തന്നെ സഹായിച്ച ആൺകുട്ടിയോട് നന്ദി പറയാൻ മറന്നുവെന്ന് അവൾ പറയുന്നുണ്ട്. ശരിക്കും ആ ആൺകുട്ടി ആരായിരുന്നു എന്നറിയുന്ന നിമിഷം കാഴ്ചക്കാരുടെ ഉള്ളുപൊള്ളും. മനോജ് ആണ് ഹൃദയത്തിൽത്തൊടുന്ന ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA