sections
MORE

സ്ത്രീകൾ തമ്മിൽ വിവാഹം ചെയ്യുന്നൊരു രാജ്യം; പ്രണയമില്ലാത്ത വിചിത്ര ഉടമ്പടിയുടെ കഥ

Woman Marry Woman
പ്രതീകാത്മക ചിത്രം
SHARE

25 വയസ്സുകാരിയായ ബോക് ചഹ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടു വിവാഹം കഴിച്ചത് ഒരു വിധവയെ. സ്നേഹത്തിനുവേണ്ടിയല്ല സഹായത്തിനുവേണ്ടിയുള്ള വിവാഹം. പരസ്പരം സഹകരിച്ചു ജീവിക്കാന്‍വേണ്ടിയുള്ള വിചിത്രമായ ഒരു ഉടമ്പടി. കെനിയ അതിര്‍ത്തിക്ക് അടുത്ത് ടാന്‍സാനിയന്‍ ഗ്രാമമായ കിതവാസി എന്ന സ്ഥലത്താണ് ബോക് ചഹ താസമിക്കുന്നത്.

അഞ്ചു വര്‍ഷം മുമ്പാണ് അവര്‍ ഒരു വിധവയെ വിവാഹം കഴിച്ചത്. ക്രിസ്റ്റിന വാംബുറ എന്നാണ് വിധവയുടെ പേര്. 64 വയസ്സ്. കുരിയ എന്ന ഗോത്രത്തില്‍ ഉള്‍പ്പെട്ടവരാണ് ബോക് ചഹയും വാംബുറയുമെല്ലാം. ഇവരുടെ ആചാരമനുസരിച്ച് പുരുഷന്‍മാരായ അനന്തരാവകാശികളില്ലാത്ത വയോധികയ്ക്ക് ചെറുപ്പക്കാരിയായ സ്ത്രീയെ വിവാഹം ചെയ്യാം. മക്കളുള്ളതോ ഭാവിയില്‍ മക്കളുണ്ടാകാന്‍ സാധ്യതയുള്ളതോ ആയ യുവതികളെയും വിവാഹം കഴിക്കാന്‍ തടസ്സമില്ല. ഇങ്ങനെയുള്ള വിവാഹങ്ങളുടെ ലക്ഷ്യം ഒന്നുമാത്രം-സുരക്ഷിതത്വം. അക്രമങ്ങളില്‍നിന്നുള്ള രക്ഷപ്പെടല്‍. 

കുരിയ ഗോത്രത്തിലുള്ള 78 ശതമാനം സ്ത്രീകളും പങ്കാളികളാല്‍ പീഡിപ്പിക്കപ്പെടുന്നവരാണ്. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്നതും ടാന്‍സാനിയയിലുള്ള കുരിയ ഗോത്രത്തില്‍പ്പെട്ട സ്ത്രീകളാണ്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ അനുവദിച്ചിട്ടില്ലാത്ത രാജ്യമാണ് ടാന്‍സാനിയ. രണ്ടു സ്ത്രീകള്‍ക്ക് അവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കിലും ആ ഇഷ്ടം തുറന്നുപ്രകടിപ്പിക്കാന്‍ അനുവാദമില്ലാത്ത രാജ്യം. പ്രായം കൂടിയ ഒരു സ്ത്രീയും യുവതിയും തമ്മിലുള്ള ബന്ധം ശാരീരികമായ ആകര്‍ഷണത്തിന്റെയോ ഇഷ്ടത്തിന്റെയോ പേരിലല്ല, അക്രമങ്ങളില്‍നിന്നു രക്ഷപ്പെട്ട് സുഖമായി ജീവിക്കാന്‍വേണ്ടി മാത്രം. വാംബുറയുടെ വീടിന്,  ബോക് ചഹ വന്നതിനുശേഷം ഒരു പ്രത്യേക ഭംഗിയും വൃത്തിയുമൊക്കെ വന്നിട്ടുണ്ട്. വീടിന്റെ മുറ്റത്തിരുന്ന് ബോക് ചഹയുടെ കുട്ടികള്‍ കളിക്കുന്നു. അവര്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ നോക്കുന്നത് വാംബുറയുടെ ജോലിയാണ്. 

ഇവിടെ എന്നെ ആരും മര്‍ദിക്കുന്നില്ല. ചീത്ത വിളിക്കുന്നില്ല. സമാധാനവും സന്തോഷവും ഉണ്ട്- പുതിയ വിവാഹ ജീവിതത്തെക്കുറിച്ച് ബോക് ചഹ പറയുന്നു. 15-ാം വയസ്സിലായിരുന്നു ബോക് ചഹ വിവാഹം കഴിച്ചത്. അന്നുമുതല്‍ ഭര്‍ത്താവിന്റെ പീഡനവും അക്രമവും സഹിക്കുന്നു. ഒടുവില്‍ സഹികെട്ടാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് 64 വയസ്സുകാരിയായ വാംബുറയെ വിവാഹം കഴിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച ചഹ ആദ്യം മാതാപിതാക്കളുടെ അടുത്തേക്കാണ് പോയത്. വിവാഹിതയായപ്പോള്‍ ഭര്‍ത്താവ് അവര്‍ക്കു കൊടുത്ത ‘സ്ത്രീധന’ തുക ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നു. മാതാപിതാക്കള്‍ക്ക് ബാക്കിത്തുക കൊടുക്കാന്‍ ഇല്ലായിരുന്നു. ആ തുക താന്‍ കൊടുക്കാമെന്ന് വാംബുറ സമ്മതിച്ചു. അതോടെ ബാധ്യത പൂര്‍ണമായി ഒഴിവാക്കി ഭാര്‍ത്താവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ബോക് ചഹ വാംബുറ എന്ന വയോധികയുടെ സ്വന്തമായി. 

വാംബുറയ്ക്കും പറയാനുള്ളത് തകര്‍ന്നുപോയ വിവാഹത്തിന്റെയും ഭര്‍ത്താവില്‍നിന്നുള്ള പീഡനത്തിന്റെയും കഥ തന്നെ. 11-ാം വയസ്സിലായിരുന്നു അവരുടെ വിവാഹം. ആദ്യകുട്ടി പ്രസവത്തില്‍ മരിച്ചുപോയി. അതിനുശേഷം ഗര്‍ഭിണി ആയില്ല. അതോടെ ഗര്‍ഭം ധരിക്കുന്നില്ല എന്ന കുറ്റം ചുമത്തി ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവില്‍ വീട്ടില്‍നിന്ന് ചവിട്ടിപുറത്താക്കുകയും ചെയ്തു. 11 വര്‍ഷം ഒരു ഫാക്ടറിയിലും വീട്ടിലും ജോലി ചെയ്തതിനുശേഷമാണ് അവര്‍ കിതവാസിയില്‍ തിരിച്ചെത്തിയത്. ഇളയ സഹോദരന്‍ വാങ്ങിക്കൊടുത്ത കുറച്ചു സ്ഥലത്ത് ഒരു വീടു വച്ച് താമസിക്കുകയാണ്. സഹോദരന്‍ തന്നെയാണ് സ്ത്രീധനത്തുകയില്‍ ബാക്കി കൊടുക്കാനുണ്ടായിരുന്നത് കൊടുത്തുതീര്‍ത്തതും. 

വാംബുറയൊടൊപ്പം ജീവിക്കാന്‍ തുടങ്ങിയതിനുശേഷം ബോക് ചഹ മൂന്നു കുട്ടികളെ പ്രസവിച്ചു. ചഹയും വാംബുറയും ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും ചഹയ്ക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനും ഗര്‍ഭിണിയാകാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയാകാന്‍വേണ്ടി മാത്രമാണ് ചഹ ഇപ്പോള്‍ പുരുഷന്‍മാരെ സ്വീകരിക്കുന്നത്. ഗര്‍ഭിണിയാകുന്നതോടെ കൂടെയുള്ള പുരുഷനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും. കുട്ടി ജനിച്ച് കുറച്ചൊന്നു മുതിരുമ്പോള്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങും. അതിനുശേഷം പുതിയ പുരുഷനെ കണ്ടുപിടിക്കുകയും ചെയ്യും. അയാളില്‍നിന്നു കുട്ടിയെ സ്വീകരിച്ചതിനുശേഷം മറ്റൊരാള്‍. 

ഇങ്ങനെയൊരു ബന്ധമാണ് എനിക്കിഷ്ടം. ആരുടെയും ഇടിയും തൊഴിയും അനുഭവിക്കേണ്ട. പൂര്‍ണസ്വാതന്ത്ര്യം. കുട്ടികളെ നോക്കാന്‍ വാംബുറയുണ്ട്. സന്തോഷത്തോടെയാണ് ഞാനിപ്പോള്‍ ജീവിക്കുന്നത് - ബോക് ചഹ പറയുന്നു. 

പരിഷ്കൃത ജീവിത മര്യാദകളുടെയും സംസ്കാരത്തിന്റെയും അളവുകോല്‍കൊണ്ട് അളക്കാനാവില്ല ബോക് ചഹയുടെ ജീവിതം. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ഇങ്ങനെ മാത്രമേ സന്തോഷവും സംതൃപ്തിയും കണ്ടെത്തി ഇവര്‍ക്കു ജീവിക്കാനാവുന്നുള്ളൂ എന്നതാണ് സത്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA