ADVERTISEMENT

വീട്ടുതങ്കലിലാണെന്ന പരാതിയുമായി അടുത്തിടെ ഒരു പെണ്‍കുട്ടി ദേശീയ വനിതാ കമ്മിഷനെ സമീപിച്ചു. കേസ് പരിഗണിച്ച കമ്മിഷന്‍ കണ്ടെത്തിയത് പെണ്‍കുട്ടിയെ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നത്. പീഡനമോ അക്രമ സംഭവങ്ങളോ ഇല്ല.  മാതാപിതാക്കള്‍ കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. പക്ഷേ അവര്‍ കണ്ടെത്തിയ വരന്റെ കൂടെ ജീവിക്കാന്‍ പെണ്‍കുട്ടി തയാറല്ല. എതിര്‍പ്പു രൂക്ഷമായപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ മുറിയില്‍ അടച്ചിട്ടു. മനസ്സു മാറ്റാന്‍വേണ്ടിയായിരുന്നു ഈ വീട്ടുതടങ്കല്‍. വീട്ടുകാര്‍ക്കും പെണ്‍കുട്ടിക്കും കൗണ്‍സലിങ് നടത്തി പ്രശ്നം പരിഹരിച്ചെങ്കിലും അടുത്തിടെയായി വനിതാ കമ്മിഷനു ലഭിക്കുന്ന പരാതികളില്‍ ഏറെയും ഇത്തരത്തിലുള്ളവയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ദേശീയ വനിതാ കമ്മിഷന്റെ സഹായം തേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അക്രമവും തുടര്‍പീഡനവും മൂലം ഗതികെട്ടാണ് ഒരിക്കല്‍ സ്ത്രീകള്‍ കമ്മിഷനെ സമീപിച്ചിരുന്നതെങ്കില്‍ പീഡനമോ അക്രമമോ ഇല്ലാതെതന്നെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സഹായം തേടുന്നവരുടെ എണ്ണമാണ് കൂടിയിരിക്കുന്നത്. 

ഈ വര്‍ഷം ജനുവരിക്കുശേഷം കമ്മിഷനു ലഭിച്ച 4400 പരാതികളില്‍ 20 ശതമാനവും ഇത്തരത്തിലുള്ളതാണ്. കുറ്റകൃത്യത്തിന്റെയോ അക്രമത്തിന്റെയോ പരിധിയില്‍ വരാത്തതും എന്നാല്‍ സ്വതന്ത്ര ജീവിതത്തിനു തടസ്സം നേരിടുന്നതുമായ സംഭവങ്ങള്‍ പ്രത്യേകം കേസായാണ് കമ്മിഷന്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. ഗാര്‍ഹിക പീഡനം പോലുള്ള കേസുകളും ഈ ഗണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേകം വകുപ്പായി തിരിച്ചു പരിഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് അക്രമത്തെക്കാള്‍ സ്ത്രീകള്‍ ഭയപ്പെടുന്നതും മാനസിക ആസ്വാസ്ഥ്യം അനുഭവിക്കുന്നതും വ്യക്തിത്വവും അഭിരുചികളും അനുസരിച്ച് ജീവിക്കാനാകാത്തതുകൊണ്ടാണെന്ന് വനിതാ കമ്മിഷനു ബോധ്യമായതും. 

638601772
പ്രതീകാത്മക ചിത്രം

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുമായി കമ്മിഷനെ സമീപിച്ചത് 990 പേരാണ്. സ്വകാര്യത അനുവദിക്കുന്നില്ലെന്നും ഇക്കൂട്ടര്‍ പരാതിപ്പെടുന്നുണ്ട്. തങ്ങളെ സ്വതന്ത്ര വ്യക്തികളായി പരിഗണിക്കാതെ തങ്ങള്‍ക്കുവേണ്ടി അച്ഛനമ്മമാരും ബന്ധുക്കളും തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ്. ഇതനുവദിക്കാന്‍ സാധ്യമല്ലെന്നാണ് പല സ്ത്രീകളുടെയും നിലപാട്. 

സ്വാഭാവികമായും സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ അവര്‍ അവസാന ആശ്രയമെന്ന നിലയില്‍ ദേശീയ വനിതാ കമ്മിഷനെ സമീപിക്കുന്നു. ഇത്തരം കേസുകളില്‍ അക്രമം നടന്നിട്ടുണ്ടായിരിക്കില്ല. മുറിവുകളുമില്ല. അസ്വസ്ഥതയും മാനസിക സംഘര്‍ഷവുമാണ് പലരും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. ഇഷ്ടമുള്ള വിഷയമോ കോഴ്സോ തിരഞ്ഞെടുക്കാന്‍ അനുദിക്കാത്ത സംഭവങ്ങളുണ്ട്. 

മാതാപിതാക്കളായിരിക്കും ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത്. ജോലി ചെയ്യാന്‍ അനുവദിക്കാത്ത സംഭവങ്ങളും ഏറെയുണ്ട്. വീട്ടില്‍നിന്നു മാറി നിന്ന് ജോലിക്കുപോകാനും പല കുടുംബങ്ങളും സ്ത്രീകളെ അനുദിക്കുന്നില്ല. ഒടുവില്‍ സഹായത്തിനുവേണ്ടി അവര്‍ കമ്മിഷനെ സമീപിക്കുന്നു. ജോലിക്കു പോകാന്‍ അനുവദിക്കാത്തതില്‍ പ്രതിസ്ഥാനത്ത് മാതാപിതാക്കള്‍ക്ക് ഒപ്പം ഭര്‍ത്താക്കന്‍മാര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമുണ്ട്. 

കഴിഞ്ഞ വര്‍ഷം ദേശീയ വനിതാ കമ്മിഷനു ലഭിച്ചത് 19000 പരാതികള്‍. ഇക്കൂട്ടത്തില്‍ 6500 പരാതികളും അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതികളായിരുന്നു. വീടുകളിലെ അക്രമങ്ങളില്‍നിന്നു സംരക്ഷണം വേണം എന്നാവശ്യപ്പെടുന്ന പരാതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഗാര്‍ഹിക അക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കി അന്തസ്സോടെ ജീവിക്കാന്‍ ആവുന്നില്ല എന്നു പരാതിപ്പെടുന്ന കേസുകള്‍ പ്രത്യേക വിഭാഗമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അയല്‍ക്കാര്‍ ശല്യപ്പെടുത്തുന്നു എന്ന പരാതിയുമായി കമ്മിഷനെ സമീപിച്ചവരുമുണ്ട്. ദുസ്സൂചനകളോടെ സമീപിച്ചവരെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയവരെക്കുറിച്ചുമുള്ള പരാതികളുണ്ട്. കുടുംബവഴക്കിനിടയില്‍ അസഭ്യം പറഞ്ഞു എന്നു പരാതിപ്പെട്ടവരുമുണ്ട്. ഇവയൊന്നും ലൈംഗിക പീഡനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നവയല്ല. വീടിനും സ്വത്തിനുംവേണ്ടിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്ക് മോശമായ അനുഭവങ്ങളുണ്ടാകാറുണ്ട്. അവയും ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നവയല്ല. 

ദുരഭിമാനക്കൊലപാതകങ്ങളും ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതികളും പ്രത്യേക വിഭാഗമായാണ് കമ്മിഷന്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. ഈ വര്‍ഷം ഈ വിഭാഗത്തില്‍ ഇതുവരെ 136 പരാതികള്‍ കമ്മിഷന്‍ പരിഗണിക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT