ADVERTISEMENT

ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്റെ സുഹൃത്തായിരുന്നു, ഒരു മൂന്ന് വർഷം മുൻപ് വരെ. ഏറ്റവുമടുത്ത സുഹൃത്ത്.ആദ്യത്തെ പ്രണയം പരാജയപ്പെട്ടതിന്റെ ഉൾനോവുകളിൽ നിന്നും അവനൊ രിക്കലും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല, പക്ഷേ പെട്ടെന്നാണ് വളരെ ആകസ്മികമായി ആ പെൺകുട്ടി അവന്റെ ജീവിതത്തിലേയ്ക്ക് വന്നത്. എത്ര സന്തോഷകരമായിരുന്നു അവരുടെ പ്രണയം. നാലുവശത്തും സർവയലൻസ് ക്യാമറയുള്ള ഓഫീസ് റൂമിലെ ഒരേ മുറിയിലിരുന്ന് അവർ പരസ്പരം മൈലുകളിലൂടെ സംസാരിച്ചു, പുറത്തിറങ്ങുമ്പോൾ ക്യാമറയില്ലാത്ത ഇടനാഴികളിൽ വച്ച് അവൾ അവനെ ചുംബിച്ചിട്ടു ഓടിയൊളിച്ചു. 

ജോലിയില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ നുണ പറഞ്ഞു അവളിറങ്ങി വന്നു, രണ്ടു പേരും നഗരം മുഴുവൻ ചുറ്റി കറങ്ങി. അങ്ങനെയൊരു ദിവസമാണ് അവിടുത്തെ ജോലി മതിയാക്കി സംസ്ഥാനത്തെ മറ്റേയറ്റത്ത് അവൾക്ക് കുറച്ചുകൂടി സൗകര്യമുള്ളൊരു ജോലി ലഭിക്കുന്നത്.അവൾ പോയതു മുതൽ വല്ലാത്ത ഒറ്റപ്പെടൽ അവൻ അനുഭവിക്കാൻ തുടങ്ങി. ഫോൺ വിളിക്കുമ്പോഴൊക്കെ സങ്കടങ്ങൾ, പരാതികൾ, പിന്നെ പിന്നെ ഭീഷണികൾ, ആത്മഹത്യാ ശ്രമങ്ങൾ, സംശയങ്ങൾ , അവളുടെ സ്ഥാപനത്തിൽ ഔദ്യോഗിക ഫോണിൽ വിളിച്ചു സഹപ്രവർത്തകരോട് അസഭ്യം പറച്ചിൽ.

parvathi-uyare-2

അവനെപ്പോഴും പരാതിയായിരുന്നു, ദൂരെ പോയതിനു ശേഷം അവൾ വിളിക്കുന്നില്ല, അടുത്തുണ്ടായിരുന്നാൽ മതി, ഒരിക്കലും അവളെ വേദനിപ്പിക്കില്ല, അവളുടെ കാര്യവും നോക്കി വീട്ടു പണിയും നോക്കി ഇരുന്നോളാം, പക്ഷേ അവളെ കാണാതെ വയ്യ.അവൾക്കും എപ്പോഴും പരാതിയായിരുന്നു, അവനു ഭ്രാന്താണ്, സഹപ്രവർത്തകരോട് അവളെ കുറിച്ച് അപവാദം പറയുന്നു. ആത്മഹത്യാ ശ്രമങ്ങൾ നടത്തി അതിന്റെ ഫൊട്ടോ അയച്ചു കൊടുക്കുന്നു, വേദനിപ്പിച്ച് സംസാരിക്കുന്നു, ഇനിയും ഇത് തുടരാൻ വയ്യ! അവളുടെ ഭാഗത്തു മാത്രമേ നിൽക്കാൻ തോന്നിയുള്ളൂ, ആത്മഹത്യയും അവളോടുള്ള പകയും ജീവിത നൈരാശ്യവും കൂടിക്കലർന്ന അവന്റെ ഭ്രാന്തൻ മാനസികാവസ്ഥയോടു  പൊരുത്തപ്പെടാനാവുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്  അവളോടൊപ്പം തന്നെ മനസ്സുകൊണ്ട് ചായ്ഞ്ഞു നിന്നു.

laxmi-agarwal-acid-attack-survivor-01

ഉയരെ എന്ന ചിത്രത്തിലെ പല്ലവിയെ കാണുമ്പോഴെല്ലാം ആ പെൺകുട്ടിയുടെ മുഖമായിരുന്നു മനസ് നിറയെ. ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. സുഹൃത്തും മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. രണ്ടു പേരും അവരവരുടെ ജീവിതം നന്നായി ജീവിക്കുന്നു. പക്ഷേ പല്ലവിയ്ക്ക് മാത്രം കാമുകന്റെ പ്രണയത്തിന്റെ പക തീരാത്ത പാടുകളായി അവശേഷിക്കുന്നു. പൊള്ളിയടർന്ന മുഖവുമായി അവൾ അതിജീവനത്തിന്റെ പാഠം പഠിക്കുന്നു. 

laxmi-agarwal-deepika-padukone-01

ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ ഒരുപാടുണ്ട്. അതിൽ തന്നെ ലക്‌ഷ്മി അഗർവാളിന്റെ കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് വിധേയയാകുന്നത്. ആദ്യത്തെ കുറേ വർഷങ്ങളുടെ നിരാശകൾക്കും ആത്മഹത്യാ ചിന്തകൾക്കുമൊടുവിൽ ലക്‌ഷ്മി മെല്ലെ കരകയറി. തന്നെ പോലെ ആസിഡ് അറ്റാക്കിനു വിധേരയായവർക്കു വേണ്ടി സംസാരിക്കാൻ ആരംഭിച്ചു. ലക്‌ഷ്മി വിവാഹം കഴിച്ചു, ഒരു കുട്ടിയുണ്ടായി. ഇപ്പോഴും ലക്ഷ്മി തന്റെ ജീവിത ദൗത്യം തുടരുന്നു. ലക്‌ഷ്മി കഥാപാത്രമായ ഛാപാക് എന്ന ബോളിവുഡ് ചിത്രത്തിൽ ദീപിക പദുക്കോൺ അഭിനയിക്കുന്നു. ഈ സാഹചര്യത്തിലാണ് പാർവതി എന്ന അതുല്യ നടി ലക്‌ഷ്മിയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കഥാപാത്രമായി പുനർജനിച്ചത്. 

സിനിമയിൽ നായിക ആസിഡ് ആക്രമണത്തിനു വിധേയയാകുന്ന സീന്‍ വന്നപ്പോൾ ഒപ്പമിരുന്ന് സിനിമ കണ്ടിരുന്ന ചില ആൺകുട്ടികൾ കയ്യടിച്ചതായി ലാജോ എന്ന സുഹൃത്ത് ഫെയ്‌സ്ബുക്കിലെ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ എഴുതിയത് കണ്ടു. അത് സത്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു അസ്വസ്ഥതയോടെ പറയുമ്പോൾ വെറും ഫാൻസിന്റെ നിലവാരത്തിൽ നിന്നു കൊണ്ട് ഒരു പെൺകുട്ടിയുടെ നേരെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും അധിക്ഷേപം നടത്തുമ്പോൾ, അവൾക്ക് നേരെ അതിക്രമം ഉണ്ടാകുമ്പോൾ സന്തോഷിക്കുമ്പോൾ, മനുഷ്യത്വം എന്ന വാക്ക് പോലും അപരിചിതമായി പോകുന്നുണ്ടോ നമ്മുടെ യുവാക്കൾക്ക് എന്ന് തോന്നുന്നു. 

Uyare

സ്ത്രീകൾക്ക് അവളുടെ ഏറ്റവും വലിയ ആവശ്യം ഒപ്പം നിൽക്കാൻ, കൈപിടിക്കാൻ, ഹൃദയത്തെയറിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കുക എന്നതാണെന്നും സിനിമയിലൊരിടത്ത് പല്ലവി ഉറപ്പിച്ചു പറയുന്നുണ്ട്.

ആ വാചകം എത്ര പെൺകുട്ടികളുടെ കൂടി ശബ്ദമാണെന്നോ. പ്രണയത്തിന്റെ പൊസ്സസ്സീവ്നെസുകൾ ഇല്ലാതെ, ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ കൂടെ നിൽക്കുന്ന, ഉയരെ പറക്കാൻ ഊർജ്ജം നൽകുന്ന ഒരു സുഹൃത്ത്. പുരുഷന്മാരിൽ നിന്നും പെൺകുട്ടികൾ ഒരുപക്ഷേ കൂടുതൽ ആഗ്രഹിക്കുന്നതും അത്തരമൊരു സുഹൃത്തിനെ തന്നെയാണ്. അത് പല്ലവി പറയുകയും ചെയ്തു. 

parvathi-uyare

പതിനാലു വയസ്സു മുതൽ പൈലറ്റ് ആവുക എന്ന സ്വപ്നം കണ്ടു തുടങ്ങിയ പെൺകുട്ടിയാണ് പല്ലവി. പ്രണയത്തിലെ പൊസസീവ്നെസ്സ് പരിധിവിടുമ്പോൾ അവൾ ആ പ്രണയത്തിൽ നിന്ന് ഇറങ്ങി നടക്കാൻ പോലും തയാറാവുന്നുണ്ട്. പിന്നീട്  കാമുകൻ സമ്മാനിച്ച ദുരന്തം മൂലം സ്വപ്നം നഷ്ടപ്പെട്ടെങ്കിലും പല്ലവി താൻ വീണ ചുഴികളിൽ നിന്നും സ്വാഭാവികമായെന്നോണം ഉയിർത്തെഴുന്നേൽക്കുകയാണ് .ഒപ്പം അവളുടെ സുഹൃത്തുക്കളുടെ സ്നേഹത്തിന്റെ വിരലുകളുണ്ട്, അച്ഛന്റെ ചൂടുള്ള നെഞ്ചുണ്ട്. അപ്പോഴും ചിന്ത പോയത്, ഇതൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത ചില മനുഷ്യരിലേക്കാണ്.

ആരോ ചോദിക്കുന്നത് കേൾക്കുന്നു,

"-എന്തുകൊണ്ട് ഈ ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരെല്ലാം സ്ത്രീകളാകുന്നത്? എന്തുകൊണ്ട് ഒരു പെൺകുട്ടി ഒരു പുരുഷന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നില്ല?"പല കാരണങ്ങളുണ്ടാകാം. പക്ഷേ എല്ലാത്തിലും വലിയ കാരണം പലയിടങ്ങളിലും "അവൾ" കാണിക്കുന്ന മര്യാദ തന്നെയാണ്. 

ഇനിയും പല്ലവിമാരും ലക്‌ഷിമാരും ഉണ്ടാകാതെയിരിക്കട്ടെ. ഗോവിന്ദിനെ പോലെയുള്ളവർ കുറഞ്ഞത് പ്രണയത്തിന്റെ ഇടയിൽ നൽകേണ്ട മര്യാദകൾ പഠിച്ചല്ലെങ്കിലും വിട്ടു പോകുമ്പോൾ പക വീട്ടാനുള്ളതല്ല പെൺ ശരീരങ്ങൾ എന്നെങ്കിലും പഠിക്കട്ടെ. പക്ഷേ അപ്പോഴും സിനിമയിൽ പല്ലവി ആസിഡ് ആക്രമണത്തിന് ഇരയാകുമ്പോൾ ആർത്തട്ടഹസിയ്ക്കുന്ന, കയ്യടിക്കുന്നു യുവാക്കൾ മുന്നിൽ ഉണ്ടെന്നുള്ളത് ഭയപ്പെടുത്തുന്നു. പെൺകുട്ടികളെ നിങ്ങൾ ഭയപ്പെടുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com