ADVERTISEMENT

കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്ത് കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബിവി ഏറ്റുവാങ്ങിയ ആചാരവാളിന് ഒരു കഥ പറയാനുണ്ട്. സമ്പന്നമായ ഒരു ചരിത്ര പാരമ്പര്യത്തിന്റെ ഐതിഹാസികമായ കഥ. നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാനാവുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും തുടര്‍ച്ച.

മുഴുവന്‍ മനുഷ്യരോടും സമഭാവനയോടു കൂടി പ്രവര്‍ത്തിക്കുകയും എല്ലാ ജീവജാലങ്ങളുടെയും നീതിയും ക്ഷേമവും ലക്ഷ്യമാക്കുകയും ചെയ്ത അറക്കല്‍ കൊട്ടാരത്തിന്റെ സമ്പന്നമായ ചരിത്രം ജനാധിപത്യത്തിന്റെ വര്‍ത്തമാനകാലത്തിലും തുടരുമെന്നാണ് പ്രഖ്യാപിച്ചുകൊണ്ടാണ് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ആചാരവാള്‍ ഏറ്റുവാങ്ങിയത്. ഒപ്പം സര്‍ക്കാരുമായി സഹകരിച്ച് പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പും അവര്‍ നല്‍കുന്നു. മർഹൂം ആദിരാജ സൈനബ് ആയിഷബി, മർഹൂം ആദിരാജ ഫാത്തിമ മുത്ത് ബീവി എന്നിവരുടെ പിന്‍ഗാമിയാണ് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ. 

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലക്ഷദ്വീപിനുമേല്‍ അധികാരം സ്ഥാപിക്കുകയും അറേബ്യന്‍ വന്‍കര വരെ പ്രധാന ശക്തിയായി വ്യാപാരം നടത്തുകയും ചെയ്തിട്ടുണ്ട് അറക്കല്‍ രാജവംശം. കേരളത്തിലെ ഏക മുസ്ലിം രാജവംശം കൂടിയാണ് അറക്കലിലേത്. പെണ്‍ഭരണത്തിന്റെ തുടര്‍ച്ചയിലൂടെ ലോകത്തിന്റെതന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അറക്കല്‍ രാജവംശം പുതിയ അധികാരാരോഹണ ചടങ്ങിലും ലാളിത്യവും ഗാംഭീര്യവും സമന്വയിപ്പിച്ചതിനൊപ്പം നവ കേരളത്തിന്റെ നിര്‍മിതിയില്‍  പങ്കുവഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഇക്കഴിഞ്ഞവര്‍ഷം നേരിട്ട പ്രകൃതിക്ഷോഭത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അന്നു പ്രദര്‍ശിപ്പിച്ച സ്നേഹവും കരുതലും ഇനിയുമുണ്ടാകണമെന്ന ആഗ്രഹവും പ്രകടിപ്പിക്കുന്നു.

മരുമക്കത്തായ സമ്പ്രദായമാണ് അറക്കല്‍ രാജവംശം പിന്തുടരുന്നത്. രാജകുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗത്തിനാണ് സുല്‍ത്താന്‍ പദവി. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ഈ വിവേചനമില്ലായ്മ തന്നെയാണ് അറക്കല്‍ കൊട്ടാരത്തിന്റെ കരുത്തും വ്യതിരിക്തതയും. രാജഭരണം നിലനിന്ന കാലത്തും പിന്നീട് കൊളോണിയല്‍ ശക്തികള്‍ അധികാരം പിടിച്ചടക്കിയപ്പോഴുമെല്ലാം കൊട്ടാരത്തെ കാത്തതില്‍ ബീവിമാര്‍ക്കു വലിയ പങ്കുണ്ട്. പക്ഷേ, ഒരു ബീവിയുടെ കാലത്തുതന്നെയാണ് ലക്ഷദ്വീപിന്റെ ഭരണം അറക്കല്‍ കൊട്ടാരത്തിനു നഷ്ടപ്പെടുന്നതും. സുല്‍ത്താന ഇമ്പിച്ചിബീവി ഭരണത്തിലിരിക്കുമ്പോള്‍. നിയമയുദ്ധത്തിന്റെ ഒടുവിലാണ് അന്ന് അധികാരപരിധിയിലുണ്ടായിരുന്ന ലക്ഷദ്വീപ് അടിയറ വയ്ക്കേണ്ടിവന്നത്. 

പക്ഷേ അതിനുശേഷവും, സ്വാതന്ത്ര്യകാലത്തിനുശേഷവുമെല്ലാം പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം ജനാധിപത്യത്തെ അംഗീകരിക്കാനും ജനാധിപത്യ മര്യാദകള്‍ പുലര്‍ത്താനും കൊട്ടാരം തയാറായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് ഇപ്പോഴും കൊട്ടാരം. മറ്റെല്ലാ ചുമതലകള്‍ക്കുമപ്പുറം കൊട്ടാരവും അധികാരത്തിന്റെ അടയാളങ്ങളും സമ്പന്നമായ ചരിത്രവും ഭാവിക്കുവേണ്ടി സംരക്ഷിക്കേണ്ടതുണ്ട്. വലിയൊരു ചുമതലയാണത്. കൗതുകത്തോടും അതിശയത്തോടും നാളത്തെ തലമുറ കൊട്ടാരത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ രേഖകളും ആചാരവാളുമുള്‍പ്പെടെ സംരക്ഷിക്കണം. ഈ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയാണെന്നും സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അധികാരോരഹണച്ചടങ്ങിലും സുല്‍ത്താന്‍ പ്രഖ്യാപിച്ചു.

പെണ്‍ഭരണത്തിന്റെ സാമൂഹിക നീതി മഹത്തായ മാതൃകയായി ലോകത്തിനു കാഴ്ചവയ്ക്കുന്നതിനൊപ്പം അറക്കല്‍ കൊട്ടാരം കണ്ണിപൊട്ടാതെ കാക്കുന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ കേരളത്തിനും അഭിമാനിക്കാനേറെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT