ADVERTISEMENT

എസ് യു വി വിഭാഗത്തിലുള്ള ആദ്യത്തെ വാഹനം ‘ഹെക്ടര്‍’ അടുത്ത മാസം പുറത്തിറക്കുന്നു എന്നതിനൊപ്പം ആവേശകരമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് കാര്‍ നിര്‍മാതാക്കളായ എം ജി മോട്ടര്‍ ഇന്ത്യ.  രാജ്യത്തെ ഏറ്റവും വലിയ എച്ച് ആര്‍ ഏജന്‍സിയുമായിച്ചേര്‍ന്ന് സെയില്‍സ്, സര്‍വീസ്, ഷോറൂം മേഖലകളിലേക്ക് എം ജി മോട്ടോര്‍ തിരഞ്ഞെടുക്കാൻ പോകുന്നത് പ്രധാനമായും വനിതകളെ. പ്രധാന തസ്തികകളെല്ലാം സ്ത്രീകള്‍ക്കു നീക്കിവച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയും വിവേചനമില്ലാത്ത സമൂഹ നിര്‍മിതിയിലുള്ള താല്‍പര്യവും കൂടി വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത വാഹന നിര്‍മാതാക്കളായ എംജി മോട്ടര്‍. 

പീപ്പിള്‍ സ്ട്രോങ്ങ് എന്ന സ്ഥാപനമാണ് എംജി മോട്ടറിനുവേണ്ടി ജീവനക്കാരെ കണ്ടെത്തിക്കൊടുക്കുന്നത്. പ്രധാനപ്പെട്ട തസ്തികകളില്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നത് വനിതകളെയാണെന്ന് വ്യക്തമാക്കിയ കമ്പനി ഇന്ത്യയിലെ വൈവിധ്യപൂര്‍ണമായ സമൂഹത്തിന്റെ അന്തസത്ത തങ്ങള്‍ ഉള്‍ക്കൊള്ളുകയാണെന്നും വ്യക്തമാക്കുന്നു. ഷോറൂമുകളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മാനേജ്മെന്റ്, ഫിനാന്‍സ്, ഐടി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ച വനിതകളെയാണ് കമ്പനി നിയമിക്കാന്‍ പോകുന്നത്.

സാമ്പത്തികരംഗത്തെ വ്യതിയാനങ്ങളും പണപ്പെരുപ്പത്തിലെ വ്യത്യാസവുമൊന്നും കൂസാതെ കുതിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ വാഹനവില്‍പന. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും വാഹന വില്‍പന മുന്നോട്ടുതന്നെയാണ്. പക്ഷേ, ഈ മേഖലയിലെ ജീവനക്കാരില്‍ അധിപത്യം പുരുഷന്‍മാര്‍ക്കാണ്. റിസപ്ഷന്‍ പോലെയുള്ള ഏതാനും മേഖലകളില്‍ മാത്രം വനിതകളെ നിയമിക്കുകയും ബാക്കിയെല്ലാ വിഭാഗങ്ങളിലും പുരുഷന്‍മാര്‍ മേധാവിത്വം സ്ഥാപിക്കുകയും െചയ്യുന്നു. കാലാകാലങ്ങളായി തുടരുന്ന ഈ കീഴ്‍വഴക്കത്തെ ലംഘിക്കുകയാണ് വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന പുതിയ തീരുമാനത്തിലൂടെ എംജി മോട്ടര്‍. പുതിയ തീരുമാനം രാജ്യത്തെ കഴിവുറ്റ വനിതാ നിര ആവേശത്തോടെ സ്വീകരിക്കുമന്നെ പ്രതീക്ഷ പങ്കുവയ്ക്കുകയാണ് എംജി മോട്ടര്‍ മേധാവികളും പീപ്പിള്‍ സ്ട്രോങ്ങ് നേതൃനിരയിലുള്ളവരും.

സെയില്‍സ്, സര്‍വീസ് ഔട്ട്ലെറ്റുകളില്‍ പ്രധാന തസ്തികകളിലെല്ലാം വനിതകളെത്തന്നെ നിയമിക്കുമെന്നു പറയുന്നു എംജി മോട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ രാജീവ് ചബ. വാഹന നിര്‍മാണ മേഖലകളില്‍ത്തുടങ്ങി പ്രൊഡക്‌ഷന്‍, മെയിന്റനനസ് തുടങ്ങി ഇതുവരെ വനിതകള്‍ കടന്നുചെന്നിട്ടില്ലാത്തയിടങ്ങളിലും അവരെ നിയമിച്ചുകൊണ്ട് പുതിയൊരു സാമൂഹിക വിപ്ലവത്തിനാണ് തങ്ങള്‍ തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ എംജി മോട്ടറിന്റെ 31 ശതമാനത്തോളം ജീവനക്കാരും വനിതകളാണ്. പുതിയ നീക്കത്തിലൂടെ ഇത് വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യത്തെ നിരത്തുകളിലേക്ക് എത്തുന്ന ഹെക്ടറിനെ സ്വീകരിക്കുന്ന അതേ ആവേശത്തോടെയും ഉത്സാഹത്തോടെയും വനിതകളെ കൂടുതലായി നിയമിക്കാനുള്ള തീരുമാനത്തെയും സമൂഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പീപ്പിള്‍ സ്ട്രോങ്ങ് ഫൗണ്ടിങ് മെംബര്‍ ദേവാശിഷ് ശര്‍മയും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT