ADVERTISEMENT

ഒരു ഞായറാഴ്ച. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ റോഡിന്റെ പിന്‍ഭാഗത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിലനില്‍ക്കുന്ന വീടുകളുടെ നിര. 3 പൗണല്‍ ടെറസ് എന്ന മുറിയിലേക്കു നടന്നുകയറുന്ന 12 വയസ്സുകാരന്‍. പൊളിഞ്ഞ ഗോവണി കയറിയാണ് വീട് എന്നു വിളിക്കാവുന്ന ചെറിയ മേല്‍പ്പുരയിലേക്കു കയറുന്നത്. പഴകിയ മാലിന്യങ്ങളുടെ ഗന്ധമുള്ള വീട്. ജീര്‍ണഗന്ധം വമിക്കുന്ന വീട്. 12 ചതുരശ്ര അടി മാത്രമായിരുന്നു ആ മുറിയുടെ വലുപ്പം. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ചുവരിനോടു ചേര്‍ത്തിട്ടിരിക്കുന്ന മേശയില്‍ കഴുകാത്ത പ്ലേറ്റുകളും ചായക്കപ്പുകളും. ഒരു മൂലയിലില്‍ ചുവരിലേക്ക് ചാരിവച്ചിരിക്കുന്ന ഒരു ഇരുമ്പുകട്ടില്‍. കട്ടിലിനും ജനലിനുമിടയ്ക്കായി ചെറിയ ഒരു നെരിപ്പോട്. കട്ടിലിന്റെ കാല്‍ക്കല്‍ പഴകിയ ഒരു ചാരുകസേര. നിവര്‍ത്തിയിടുമ്പോള്‍ കിടക്കയാകുന്ന അതിലാണ് 12 വയസ്സുകാരന്റെ സഹോദരന്‍ സിഡ്നി ഉറങ്ങിയിരുന്നത്. 

മുറിയിലേക്കു നടക്കുന്ന 12 വയസ്സുകാരന്‍ തേടുന്നത് അമ്മയെ. നഷ്ടവസന്തങ്ങളെക്കുറിച്ചോര്‍ത്ത് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അമ്മ. മകന്‍ കയറിച്ചെല്ലുമ്പോള്‍ ദുര്‍ബലമായി പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്കുവരുന്ന അമ്മ. പക്ഷേ അന്ന് മുറി വൃത്തിയാക്കാന്‍ പോലും മറന്ന് അമ്മ ഉദാസീനയായി കാണപ്പെട്ടു. 37 വയസ്സുപോലുമില്ലെങ്കിലും സന്തോഷവും പ്രസരിപ്പുമില്ലായിരുന്നു അവരുടെ മുഖത്ത്. അവരെ ആശങ്കപ്പെടുത്തിയിരുന്നത് ദാരിദ്ര്യവും കഷ്ടപ്പാടുകളും. ഓരോ ദിവസവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന അസ്വസ്ഥത. മകനെ കണ്ടിട്ടും ചിരിക്കാത്ത അമ്മയുടെ മുഖത്തേക്കു നോക്കി എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തില്‍ നിന്ന 12 വയസ്സുകാരന്‍ ഭാവിയില്‍ ലോകമറിയുന്ന പ്രശസ്ത താരമായി.

സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടി കയറിയ ഹോളിവുഡ് താരം. ലോകത്തെ കുടുകുടെ ചിരിപ്പിച്ച, ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചാര്‍ലി ചാപ്ലിന്‍. എണ്‍പതോളം സിനിമകളിലൂടെ ചിരിയുടെ ചക്രവര്‍ത്തിപ്പട്ടം നേടിയ ചാപ്ലിന്‍ ചിരിയുടെ ഇടവേളകളില്‍ കരഞ്ഞിട്ടുണ്ട്. അമ്മയെയോര്‍ത്ത്; അമ്മയ്ക്കുവേണ്ടി. അച്ഛന്‍ ഉപേക്ഷിച്ചുപോയ വീട്ടില്‍ രണ്ട്  ആണ്‍മക്കളെ വളര്‍ത്താന്‍ പാടുപെട്ട, അവരുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട് മനസ്സിന്റെ സമനില തെറ്റിയ അമ്മ ഹന്നെയെക്കുറിച്ച് ഓര്‍മിച്ച്. ആത്മകഥയുടെ തുടക്കത്തില്‍ ആമുഖമായി ചാപ്ലിന്‍ എഴുതിയ അധ്യായവും അമ്മയെക്കുറിച്ച്. അമ്മയ്ക്കുവേണ്ടി. മകന്‍ കൂടെയുണ്ടാകണമെന്നാണ് ആഗ്രഹമെങ്കിലും കഴിക്കാന്‍ കൊടുക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ അവനെ അയല്‍വീടുകളിലേക്കു തള്ളിവിട്ട അമ്മയെക്കുറിച്ച്. 

വൈകുന്നേരങ്ങളില്‍ അമ്മയൊടൊപ്പം ഇരിക്കുന്നതാണ് കൊച്ചു ചാപ്ലിന്റെ ഏറ്റവും വലിയ ആഹ്ലാദം. അമ്മയുണ്ടാക്കുന്ന ചായയും ഇറച്ചിനെയ്യില്‍ പൊരിച്ച റൊട്ടിയും ആസ്വദിച്ചു കഴിക്കാം. പിന്നീട് ഒരു മണിക്കൂര്‍ അമ്മ മകനുവേണ്ടി വായിച്ചുകൊടുക്കും. നല്ല വായനക്കാരിയായിരുന്നു അവര്‍. സുഹൃത്തുക്കളുടെ വീടുകളില്‍ പോകുന്നതിനേക്കാള്‍ ചാപ്ലിന്‍ ഇഷ്ടപ്പെട്ടത് അമ്മയ്ക്കൊപ്പമിരിക്കുന്നതും അമ്മ വായിക്കുന്നതു കേള്‍ക്കാനും. പക്ഷേ, അന്നൊരു ഞായറാഴ്ച മുറിയിലേക്ക് പ്രതീക്ഷയോടെ കടന്നുചെന്നപ്പോള്‍ മകന്‍ കണ്ടത് പരുഷഭാവത്തില്‍ പുറത്തേക്കു നോക്കിയിരിക്കുന്ന അമ്മയെ. 

അവരുടെ രൂപം മകനെ ഞെട്ടിച്ചു. മെലിഞ്ഞ്, എല്ലും തോലും മാത്രമായിരിക്കുന്നു. അസഹ്യമായ യാതന അനുഭവിക്കുന്ന ഒരാളുടെ ഭാവം. നിര്‍വചിക്കാനാകാത്ത വിഷാദം. വേദനയിലും അമ്മയുടെ കൂടെത്തന്നെ ആ വേകുന്നേരം ചെലവഴിക്കാന്‍ മകന്‍ തീരുമാനിച്ചു. വേണമെങ്കില്‍ അമ്മയ്ക്കു പരിചയമുള്ള സുഹൃത്തുക്കളായ മക്കാര്‍ത്തിമാരുടെ വീട്ടിലേക്കു പോകാം. അവിടെ സുഹൃത്തുക്കളുണ്ട്. ഭക്ഷണവും കിട്ടും. അതുപേപേക്ഷിച്ച് വീട്ടില്‍ത്തന്നെയിരിക്കാന്‍ തീരുമാനിച്ച മകനെ നോക്കി അമ്മ ചോദിച്ചു: എന്താ മക്കാര്‍ത്തിയുടെ വീട്ടിലേക്കു പോകാത്തത് ? 

അമ്മയുടെ കൂടെ നില്‍ക്കുന്നതാണ് എനിക്കിഷ്ടം- ചാപ്ലിന്‍ പറഞ്ഞു. 

അവന്‍ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. 

അമ്മ മകന്റെ മുഖത്തു നിന്ന് കണ്ണെടുത്ത് ജനലിലൂടെ പുറത്തേക്കു നോക്കി. 

മക്കാര്‍ത്തിയുടെ വീട്ടിലേക്കു പോയി അവിടെനിന്ന് ഭക്ഷണം കഴിച്ചോളൂ. ഇവിടെ നിനക്ക് തരാനൊന്നുമില്ല. 

ആ വാക്കുകളില്‍ പാരുഷ്യമുണ്ടായിരുന്നു. എങ്കിലും അതു കണക്കിലെടുക്കാതെ ‘പോകാനാണ് അമ്മ പറയുന്നതെങ്കില്‍ പോകാം’ എന്നു ചാപ്ലിന്‍ പറഞ്ഞു. 

വേണം. പോകണം. വേഗം ഓടിപ്പോകൂ...അമ്മ നിര്‍ബന്ധിച്ചു. 

അമ്മയുടെ കൂടെ നില്‍ക്കുന്നതാണ് ഇഷ്ടമെന്നു കെഞ്ചിപ്പറഞ്ഞെങ്കിലും അവര്‍ അത് അനുവദിച്ചില്ല. ഒടുവില്‍ അമ്മയെ തനിയേ വിട്ട്, കുറ്റബോധത്തോടെ ചാപ്ലിന്‍ നടന്നു. മകന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇല്ലാതിരുന്നതാണ് ചാപ്ലിന്റെ അമ്മ ഹന്നെയെ ആ ഞായറാഴ്ച ക്ഷുഭിതയാക്കിയത്. അവര്‍ക്കന്ന് ചെയ്യാവുന്ന ഏകകാര്യം മകനെ സുഹൃത്തിന്റെ വീട്ടിലേക്കു പറഞ്ഞയയ്ക്കുക മാത്രമായിരുന്നു. അവരെ ക്രൂരയും പരുഷസ്വഭാവക്കാരിയുമാക്കിയതു ദാരിദ്ര്യം. കഷ്ടപ്പാട്. ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങള്‍. 

അമ്മമാരുടെ മക്കളോടുള്ള ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍, ഒരു പാഠപുസ്തകം പോലെ ചാപ്ലിന്റെ അമ്മയുടെ രൂപം തെളിഞ്ഞുവരുന്നു. നിറഞ്ഞ സ്നേഹമുണ്ടായിരുന്നെങ്കിലും അത് മറച്ചുവച്ച് മക്കളോടു പരുഷമായി പെരുമാറിയ ഹന്നെയെക്കുറിച്ച്. കഷ്ടപ്പാടുകള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ മനസ്സിന്റെ സമനില തെറ്റിയ ദയനീയ വ്യഥയെക്കുറിച്ച്. ക്രൂരതകളുടെ ഓരോ സംഭവങ്ങള്‍ക്കും പിന്നില്‍ അന്വേഷിച്ചുചെന്നാല്‍ ഒരുപക്ഷേ ഇന്നും കണ്ടേക്കും ജീവിതം സമ്മാനിച്ച മുറിവുകളുടെ തീരാവേദന. നഷ്ടമോഹങ്ങളുടെ, ചതിയുടെ, വഞ്ചനയുടെ, വാഗ്ദാനലംഘനങ്ങളുടെ വേദനകള്‍. ആ വേദനയും കൂടെ അറിയുമ്പോഴേ അമ്മയെ അറിയുന്നുള്ളൂ. അമ്മമനസ്സിനെ അറിയുന്നുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT