രാത്രി തനിച്ചു സഞ്ചരിച്ചാൽ അറസ്റ്റ്, പിന്നെ ക്രൂരമാനഭംഗം; റെയ്ഡിനു ശേഷം സംഭവിച്ചത്

Women Says Officers Raped Them
പ്രതീകാത്മക ചിത്രം
SHARE

അവര്‍ ഏഴു പേരുണ്ടായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ മുഖം തിരിച്ചാണ് അവരെ ഇരുത്തിയിരുന്നത്. പക്ഷേ അവര്‍ പറയുന്നത് വ്യക്തവും അവരുടെ വാക്കുകള്‍ ഉറച്ചതുമായിരുന്നു. നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നു നേിരിട്ട പീഡനത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. ആദ്യം ചോദിച്ചത് കൈക്കൂലി. പണം ഇല്ലെന്നു പറഞ്ഞവരെ നിര്‍ബന്ധിതമായി ലൈംഗികബന്ധത്തിനു വിധേയരാക്കി. അറസ്റ്റ് ചെയ്തപ്പോഴും ദേഹോപദ്രവം ഏല്‍പിച്ചിരുന്നു. പൊലീസ് വാഹനത്തിലേക്ക് ശക്തിയായി തള്ളിയിടുകയായിരുന്നു. ശാരീരികവും മാനസികമായ പീഡനങ്ങള്‍. 

ഏപ്രില്‍ 27 ന് രാത്രി നടത്തിയ മിന്നല്‍ റെയ്ഡില്‍ ഹോട്ടലുകളില്‍നിന്നും നൈറ്റ് ക്ലബുകളില്‍നിന്നുമായി സെപ്ഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത് 65 യുവതികളെ. അവരില്‍ ഏഴു പേരാണ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ വാര്‍ത്താ സമ്മേളനം നടത്തി പൊലീസ് ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ വിവരിച്ചത്. 

അവര്‍ ഞങ്ങളെ മര്‍ദിച്ചു, മാനഭംഗപ്പെടുത്തി.... ഒരു സ്ത്രീ മൈക്രോഫോണിലൂടെ വിളിച്ചുപറഞ്ഞു.  പണം എവിടെ? അറസ്റ്റ് ചെയ്യപ്പെട്ട യുവതികളോട് ഉദ്യോഗസ്ഥര്‍ ചോദിച്ചു. പണമില്ലെങ്കില്‍ ഞങ്ങളുടെ ഇരകളായിക്കോളൂ.അവര്‍ ആവശ്യപ്പെട്ടു. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്രസമ്മേളനം നടത്തിയത്. 

180747985

നൈജീരിയയുടെ തലസ്ഥാന നഗരത്തില്‍ റെയ്ഡുകള്‍ പതിവാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ പിടിക്കാനാണ് റെയ്ഡ് നടത്തുന്നത്. ഹോട്ടലുകളിലും നൈറ്റ് ക്ലബുകളിലും സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്നവരെ അറസ്റ്റ് ചെയ്യും. പൊലീസില്‍ത്ത ന്നെയുള്ള സ്പെഷല്‍ ടാസ്ക് ഫോഴ്സിനാണ് ഇതിന്റെ ചുമതല. കഴിഞ്ഞ 27 ന് രാത്രി നടന്നതും ഇത്തരത്തിലുള്ള അറസ്റ്റ്. 

ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള യുവതികളുടെ ആരോപണത്തെ ഗൗരവത്തോടെയാണ് സമീപിക്കു ന്നതെന്നും കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുമെന്നും നൈജീരിയന്‍ പൊലീസ് വകുപ്പിന്റെ വക്താവ് അറിയിച്ചു. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും വക്താവ് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ റിപോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

അറസ്റ്റിലായ 65 പേരില്‍ 27 യുവതികളാണ് തങ്ങളെ മാനഭംഗം ചെയ്തതായി ആരോപിക്കുന്നത്. പണം കൊടുത്തില്ലെങ്കില്‍ ആറുമാസത്തെ തടവിനു ശിക്ഷിക്കുമെന്നായിരുന്നു അദ്യത്തെ ഭീഷണിയെന്നു പറയുന്നു യുവതികള്‍. തടവില്‍ കിടക്കുന്ന കാലത്ത് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഓരോരുത്തരും ഏഴായിരം രൂപ വീതം കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പണം കൊടുക്കുന്നവരെ ഉടന്‍ മോചിപ്പിക്കും. അല്ലാത്തവര്‍ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങണം. 

ഒരു ബന്ധുവിന്റെ ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ തന്നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതായി ആരോപിക്കുന്നു നൈജീരിയയിലെ യുവനടി അ‍ഡ അകുഞ്ഞേ. മോശമായി വസ്ത്രം ധരിച്ചു എന്ന കുറ്റമാണ് അവരുടെ മേല്‍ ചുമത്തപ്പെട്ടതെന്നും 44  വയസ്സുകാരിയായ അകുഞ്ഞേ പറഞ്ഞു. വസ്ത്രം ധരിച്ചിരിക്കുന്നത് പ്രകോപനപരമായി. വാഹനത്തില്‍ പുരുഷന്‍മാരും ഇല്ല. വേശ്യാവൃത്തിയാണ് ലക്ഷ്യം എന്നും പൊലീസ് ആരോപിച്ചത്രേ. നടിയുടെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനും അവര്‍ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോള്‍ പൊലീസ് പിന്തിരിയുകയായിരുന്നത്രേ. രാത്രി ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പതിവാണ്. വേഷം മോശമാണെന്ന് ആരോപിച്ചും സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. 

487729465

സ്ത്രീകളെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എഴുപതോളം സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അബൂജയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ടാസ്ക് ഫോഴ്സിനെ പിരിച്ചുവിടണമെന്നും അന്യായ അറസ്റ്റ് അവസാനിപ്പിക്കണം എന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA