sections
MORE

ഈ നിയമം മൂലം ഒരുപാട് സ്ത്രീകൾ മരിക്കും; രോഷം, പ്രതിഷേധം

488461804
SHARE

ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും കര്‍ശനമായ നിയമം നടപ്പാക്കിയ അലബാമ സംസ്ഥാനത്തിന്റെ പ്രതീകമായിരിക്കുകയാണ് സെനറ്റിലെ ഒരു ഡെമോക്രാറ്റിക് പ്രതിനിധി. ലിന്‍ഡ കോള്‍മാന്‍ മാഡിസന്‍. വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിച്ചിട്ടും ഫലമുണ്ടാകാതെ വന്നതിനെത്തുടര്‍ന്ന് നിരാശയായി, തല കൈകളില്‍ താങ്ങിയിരിക്കുന്ന ലിന്‍ഡ.

ഗര്‍ഭഛിദ്രത്തിനു കൂട്ടുനില്‍ക്കുന്ന ഡോക്ടര്‍ക്ക് 99 വര്‍ഷം വരെ തടവു ലഭിക്കാവുന്ന രീതിയില്‍ കര്‍ശനമായ നിയമം നടപ്പാക്കിയയതിന്റെ മേനി പറയുന്നവര്‍ നിയമത്തിന്റെ ഇരകളായി മരിക്കുന്നവര്‍ക്കുവേണ്ടി ഉത്തരം പറയണമെന്നു വാദിക്കുന്നു ലിന്‍ഡ. തന്റെ ഉള്ളില്‍ വളരുന്ന ജീവനെക്കുറിച്ച് അറിവുള്ള ഒരു സ്ത്രീയ്ക്കും ഇനി അലബാമയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കില്ല. സംസ്ഥാനത്തെ പാവപ്പെട്ടവരും കറുത്ത വര്‍ഗക്കാരുമായിരിക്കും ഈ കരിനിമയത്തിന്റെ ഇരകളെന്നു വാദിക്കുന്നു ലിന്‍ഡ. 

അറിഞ്ഞോ അറിയാതെയോ ഗര്‍ഭിണിയായാലും പണമുള്ളവര്‍ക്കും വെള്ളക്കാര്‍ക്കും സുരക്ഷിതമായി അതവസാനിപ്പിക്കാൻ മാര്‍ഗങ്ങളേറെയുണ്ട്. കര്‍ശനമായ ഗര്‍ഭഛിദ്ര നിയമം നിലവില്ലാത്ത ഒരു സംസ്ഥാനത്തേക്കോ മറ്റൊരു രാജ്യത്തേക്കു തന്നെയോ അവര്‍ക്കു പോകാം. ശസ്ത്രക്രിയ നടത്തി തിരിച്ചുവന്ന് സന്തോഷത്തോടെ ജീവിക്കാം. പാവപ്പെട്ടവര്‍ എന്തു ചെയ്യും. പണമില്ലാത്ത കറുത്ത വര്‍ഗക്കാര്‍ എന്തു ചെയ്യും ? ലിന്‍ഡയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. 

നിയമം കർശനമാക്കിയതോടെ തടവുശിക്ഷ ഭയന്ന് ഗൈനക്കോളജി ഡോക്ടര്‍മാരും അലബാമ ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു കൂടുമാറുകയാണ്. ഇതും പാവപ്പെട്ടവരെയും കറുത്ത വര്‍ഗക്കാരെയും തന്നെയാണ് ബാധിക്കുക. പണമില്ലാത്ത, വിദേശരാജ്യങ്ങളില്‍ ചികില്‍സ തേടി പോകാന്‍ കഴിവില്ലാത്തവരുടെ നിലവിളികള്‍ ഇനി ആരു കേള്‍ക്കുമെന്നാണ് ലിന്‍ഡ ആവര്‍ത്തിച്ചു ചോദിക്കുന്നത്. 

അലബാമയുടെ സെനറ്റില്‍ നിയമം പാസ്സാകാന്‍ വേണ്ടിയിരുന്നത് 25 വോട്ടുകാള്‍ മാത്രം. സെനറ്റര്‍മാരുടെ പേരുകള്‍ വിളിക്കാന്‍ തുടങ്ങി. ഓരോരുത്തരായി വന്ന് അവര്‍ വോട്ടു ചെയ്തു. ആദ്യത്തെ 25 വോട്ടുകളും ഗര്‍ഭഛിദ്ര നിരോധനത്തിന് അനുകൂലം. നിയമം പാസ്സാകാനുള്ള വോട്ടുകള്‍ കിട്ടിക്കഴഞ്ഞു. പക്ഷേ ആദ്യം വോട്ടു ചെയ്ത 25 പേരും വെള്ളക്കാരാണെന്ന് മറക്കരുതെന്ന് നിയമത്തിനെതിരെ വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ചികില്‍സയും വിദഗ്ധ ഉപദേശവും ലഭിക്കാതെ വരുന്നതോടെ പാവപ്പെട്ടവരും കറുത്ത വര്‍ഗക്കാരും ഓണ്‍ലൈന്‍ ചികില്‍സയെ കൂടുതലായി ആശ്രയിക്കാനുള്ള സാധ്യയതയുമുണ്ട്. ഇതും അപകടമാണ്. ദുരന്തങ്ങളിലേക്കായിരിക്കും ഇതു നയിക്കുക. യഥാര്‍ഥത്തില്‍ കറുത്തവര്‍ഗക്കാരെ അലബാമയില്‍നിന്നു തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ കരിനിയമം എന്നു പോലും സംശയിക്കണമെന്നാണ് ലിന്‍ഡ വാദിക്കുന്നത്.

സെനറ്റ് പാസ്സാക്കിയ നിയമം ബുധനാഴ്ച ഗവര്‍ണര്‍ കൂടി ഒപ്പുവച്ചതോടെ  ഏറ്റവും കര്‍ശനമായ നിയമം നിലനില്‍ക്കുന്ന സംസ്ഥാനം എന്ന ക്രെഡിറ്റ് അലബാമയ്ക്കു കിട്ടിയിരിക്കുന്നു. കറുത്ത വര്‍ഗക്കാരില്‍ ആയിരം സ്ത്രീകളില്‍ 27 പേര്‍ 2017-ല്‍ ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. വെള്ളക്കാരിലാകട്ടെ ഇത് 10 പേര്‍ മാത്രം. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കണക്കെടുത്ത് പരിശോധിച്ചാലും ഗര്‍ഭഛിദ്രത്തിനു വിധേയമാകുന്നവരില്‍ 75 ശതമാനം പേരും കറുത്ത വര്‍ഗക്കാര്‍ തന്നെ. ഇതില്‍ത്തന്നെ 49 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍. 

അലബാമയുടെ സെനറ്റില്‍ ബില്‍ അവതരിപ്പിച്ചതും ഗര്‍ഭഛിദ്രത്തിന് എതിരായി വാദിച്ചതുമൊക്കെ പുരുഷന്മാര്‍. അവര്‍ യഥാര്‍ഥത്തില്‍ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നും ആരോപണമുണ്ട്. ചര്‍ച്ചകള്‍ നടക്കുമ്പോഴും നിയമം ഒപ്പുവക്കുമ്പോഴുമൊക്കെ പുറത്തു പ്രക്ഷോഭകര്‍ സംഘടിക്കുകയായി രുന്നു. പ്ലക്കാര്‍ഡുകളുമേന്തി അവര്‍ അത്യാവശ്യഘട്ടങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുപോകൂ... എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ചിലര്‍ പ്രതീകാത്മകമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ആറാഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചു കൊണ്ട് സമീപ സംസ്ഥാനമായ ജോര്‍ജിയയിലും നിയമം നടപ്പാക്കിക്കഴിഞ്ഞു. 

ഗര്‍ഭാശയ കാന്‍സര്‍ മൂലം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്ന സംസ്ഥാനങ്ങളിലൊന്നുകൂടിയാണ് അലബാമ. ഗ്രാമ പ്രദേശങ്ങളിൽ മാതൃമരണനിരക്കും കൂടുതലാണ്. ഒരു മണിക്കൂറിലേറെ യാത്ര ചെയ്താല്‍ മാത്രമേ പൂര്‍ണ ഗര്‍ഭിണികളായവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍തന്നെ കഴിയൂ. ആശുപത്രികളില്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന കാരണത്താല്‍ സ്വയം അതിനു മുതിരുന്ന സ്ത്രീകളുടെ എണ്ണവും കൂടാം. ഇതും അപകടസാധ്യതയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. പാവപ്പെട്ടവരെയായിരിക്കും ഇതും പ്രതികൂലമായി ബാധിക്കുക. 

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ആശുപത്രികളില്‍ എത്തുന്നവരില്‍ ഏറെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഒരു കുട്ടിയെക്കൂടി നോക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തങ്ങള്‍ കടുംകൈയ്ക്കു മുതിരുന്നതെന്നാണ് അവര്‍ പറയുന്നത്. കുട്ടികളെ വേണ്ടെന്നുവയ്ക്കാന്‍ അനുവാദം ലഭിക്കാതിരിക്കുന്ന തോടെ അവര്‍ കൂടുതല്‍ പാവപ്പെട്ടവരായി ഇനി മാറും. അവരുടെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും കൂടും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA