sections
MORE

ആർത്തവകാലത്ത് വീടിനുവെളിയിലുറങ്ങാൻ സ്ത്രീകൾ വാശിപിടിക്കുന്നതിനു പിന്നിൽ?

Menstrual Hut
ആർത്തവകാലത്ത് സ്ത്രീകൾക്ക് താമസിക്കാനായി വീടിനു വെളിയിൽ ഒരുക്കിയിരിക്കുന്ന മൺകുടിൽ
SHARE

എല്ലാവർഷവും നേപ്പാളിൽ ആർത്തവകാലത്ത് സ്ത്രീകൾ മരിക്കാറുണ്ട്. ആർത്തവത്തിന് അശുദ്ധി കൽപ്പിച്ച്

വീടിനു വെളിയിലെ മൺകുടിലിൽ കഴിയാൻ നിർബന്ധിതരാക്കപ്പെടുന്ന സ്ത്രീകളാണ് മരണപ്പെടുന്നവരിലേറെയും. മൺകുടിലിൽ തീകായാൻ കൊണ്ടുപോകുന്ന വസ്തുക്കളിൽ നിന്ന് വമിക്കുന്ന വിഷപ്പുകയോ, ഇഴജന്തുക്കളുടെ ആക്രമണങ്ങളോ, മിന്നൽപ്പിണരുകളോ, കൊടുങ്കാറ്റോ ഒക്കെ ആർത്തവപ്പുരകളിൽ തനിച്ചു കഴിയുന്ന സ്ത്രീകളുടെ പ്രാണനെടുക്കാറുണ്ട്.

ആർത്തവപ്പുരകളിലെ പെൺമരണങ്ങളുടെ നിരക്ക് ക്രമാതീതമായി കൂടിയപ്പോൾ നിയമപാലകരും മനുഷ്യാവകാശ പ്രവർത്തരും ഈ കാടൻ നിയമത്തെ നിർത്തലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. 2005 മുതൽ ഇത് സംബന്ധിച്ച നിയമങ്ങൾ നിലവിൽ വന്നിരുന്നു. അന്ന് പക്ഷേ പിഴത്തുക ശിക്ഷാനടപടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആർത്തവപ്പു രകളിലുറങ്ങാൻ സ്ത്രീകളെ നിർബന്ധിക്കുന്ന കുടുംബാംഗ ങ്ങൾക്ക് മൂന്നുമാസം ജയിൽ ശിക്ഷയും 3000 രൂപ പിഴയും നൽകുന്ന നിയമങ്ങൾ കഴിഞ്ഞ ആഗസ്റ്റ് മുതൽ നിലവിലു ണ്ടെങ്കിലും നേപ്പാളിലെ പെണ്ണുങ്ങൾ ഇപ്പോഴും വാശിപിടിക്കു ന്നത് ആർത്തവപ്പുരകളിൽ ഉറങ്ങാനാണ്.

ചൗപ്പാഡിയിലുറങ്ങാൻ വാശിപിടിക്കുന്ന പെണ്ണുങ്ങൾ

ആർത്തവ ദിനങ്ങളിൽ അമ്പലങ്ങളിലോ പൂജാമുറിയിലോ കയറാൻ പാടില്ല, മറ്റു മനുഷ്യരെയും മൃഗങ്ങളെയും തൊടാൻ പാടില്ല. ചെടികളിൽ നിന്ന് പൂക്കൾ പറിക്കാൻ പാടില്ല. എന്നിങ്ങനെയുള്ള അരുതുകളുടെ ഒരു നീണ്ട നിരകേട്ടുകൊണ്ടാണ് ഋതുമതിയായ ഓരോ പെൺകുട്ടിയുടെയും ആർത്തവ കാലങ്ങൾ കടന്നു പോകുന്നത്. കുട്ടിക്കാലം മുതൽ കേൾക്കുന്ന അരുതുകൾ ലംഘിച്ചാൽ കുടുംബത്തിന് അത്യാപത്തു വരുമെന്ന് ഭയന്ന് അവർ അത്തരം ദുരാചാരങ്ങൾ പിന്തുടരാൻ നിർബന്ധിതരാകുന്നു.

21 വയസ്സുകാരിയായ ഡംബര ഉപാധ്യായയുടെയും ജീവനെടുത്തത് അത്തരത്തിലൊരു ഭയമായിരുന്നു. ആർത്തവകാലത്ത് ചൗപ്പാഡി ( ആർത്തവ സമയത്ത് സ്ത്രീകൾക്കു താമസിക്കാനായി വീടിനു മുന്നിൽ കെട്ടിയ മൺവീട്. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാവുന്ന പൊക്കമേ ആ വീടിനുണ്ടാവൂ. കാറ്റ് കയറാൻ ജനലുകൾ പോലുമുണ്ടാവാറില്ല.)യിൽ ഒറ്റയ്ക്കു കഴിയേണ്ടെന്നും വീടിനുള്ളിൽ കഴിയാമെന്നും ഡംബരയോട് ഭർത്താവ് പറഞ്ഞു. എന്നാൽ ആചാരം ലംഘിച്ച് താൻ വീടിനുള്ളിൽ കഴിഞ്ഞാൽ വീട്ടിലുള്ളവർക്ക് മഹാവിപത്തു സംഭവിക്കുമെന്ന് ഭയന്ന് അന്ന് രാത്രിയും ഡംബര ചൗപ്പാഡിയിലേയ്ക്കു പോയി. പിറ്റേന്ന് രാവിലെ ഡംബരയെ അന്വേഷിച്ച് മൺകുടിലിന്റെ വാതിൽക്കൽച്ചെന്ന ഭർതൃ സഹോദരി കണ്ടത് അവരുടെ മൃതദേഹമായിരുന്നു. മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. ഡംബരയുടെ ആത്മാവ് തങ്ങളെ ഉപദ്രവിക്കുമോയെന്നു ഭയന്ന് അവർ അപ്പോൾത്തന്നെ വീടിനു മുന്നിൽ നിന്ന് ആ മൺകുടിൽ പൊളിച്ചു നീക്കി.

irregilar-period

എന്നാൽ അധികം വൈകാതെ ആ വീടിനു മുന്നിൽ മറ്റൊരു മൺകുടിൽ ഉയർന്നു. ഉപാധ്യായയുടെ 14 വയസ്സുകാരി അനന്തരവൾക്കു വേണ്ടിയായിരുന്നു അത്. അവൾക്ക് ആദ്യ ആർത്തവം വന്ന ദിവസം മുതൽ അവളും ആർത്തവ ദിനങ്ങളിൽ ഉറങ്ങുന്നത് ആ കുടിലിലാണ്. ഒരു ദുരന്തം കൊണ്ടും പഠിക്കാതെ ആ കുടുംബം അന്ധവിശ്വാസങ്ങളെ തള്ളിക്കളയാനാകാതെ നിസ്സഹായരായി ജീവിക്കുകയാണ്.

നിയമം നോക്കുകുത്തിയാകുന്നതെന്തുകൊണ്ട്?

ആർത്തവപ്പുരകളിലെ പെൺമരണങ്ങൾ തുടർച്ചയായി വാർത്തകളിൽ നിറഞ്ഞപ്പോഴാണ്. ആഗസ്റ്റിലെ നിയമം നിലവിൽ വന്നത്.  2016  നവംബറിലാണ് ഡംബര ഉപാധ്യായ മരിച്ചത്. കൃത്യം ഒരുമാസം പിന്നിട്ടപ്പോഴാണ് 2016 ഡിസംബറിൽ ചൗപ്പാഡിയിൽക്കിടന്ന് ശ്വാസംമുട്ടി ഒരു പതിനഞ്ചുകാരി മരിച്ചത്. 7 മാസം കഴിഞ്ഞ് ജൂലൈ 2017 മറ്റൊരു കൗമാരക്കാരി പാമ്പുകടിയേറ്റു മരിച്ചു. തുടർന്നും സ്ത്രീ മരണങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു.

2019 ന്റെ തുടക്കത്തിൽ നാലുപേരാണ് ചൗപ്പാഡിയിൽ മരിച്ചത്. അമ്മയോടൊപ്പം ചൗപ്പാഡിയിൽ ഉറങ്ങിയ രണ്ടു കുട്ടികളും മരിച്ചിരുന്നു. മൂന്നുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കുടിലിനുള്ളിൽ വെളിച്ചം കിട്ടാനും കുഞ്ഞുങ്ങൾക്ക് തീകായാനും ഒരുക്കിയിരുന്ന വസ്തുക്കളിൽ നിന്ന് വമിച്ച വിഷപ്പുക ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്. പക്ഷേ ഈ കേസുകളിലൊന്നും ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

ഭയം അപമാനം അന്ധവിശ്വാസം

സമൂഹം കൽപ്പിച്ച ചില ആചാരങ്ങളെ ലംഘിക്കാനുള്ള ഭയം മൂലമാണ് പല സ്ത്രീകളും  തങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽക്കൂടി അന്തിയുറങ്ങാൻ ചൗപ്പാഡിയിലേക്ക് പോകുന്നത്. കുടുംബത്തിലുള്ളവർ വീടിനുള്ളിൽ ഉറങ്ങാൻ അനുവദിച്ചാലും സമൂഹത്തിന്റെ സമ്മർദ്ദത്തെ ഭയന്നാണ് അവർ‌ ഭയത്തോടെ അവർ മൺകുടിലിൽ ഉറങ്ങുന്നത്. –  കാഠ്മണ്ഡുവിലെ നേപ്പാൾസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ അംഗം മോഹ്ന അൻസാരി നാട്ടിലെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിങ്ങനെ. '' ആർത്തവ സമയത്ത് മൺകുടിലിലേക്ക് മാറിയില്ലെങ്കിൽ എന്തോമോശം സംഭവിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് മാരകരോഗങ്ങൾ പിടിപെടുമെന്നും മരണം പോലും സംഭവിക്കുമെന്നും കൃഷിനാശം സംഭവിക്കുമെന്നുമൊക്കെ അവർ ഉറച്ചു വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളാണ് നിയമം നടപ്പിലാക്കുന്നതിന് വിഘാതമായി നിൽക്കുന്നതെന്നാണ് അച്ഛം ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ജനകി ബഹദൂർ സഹി പറയുന്നു.'' അവർ പേടിക്കുന്നത് ദൈവത്തെയാണ്. പൊലീസിനെയല്ല.''

period-end-of-sentence-01

ഉപാധ്യായയുടെ വീടിനു സമീപം താമസിക്കുന്ന കോശിക ഘാത്രിയ്ക്കും തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു മോശമായ അനുഭവത്തിന്റെ കഥ പറയാനുണ്ട്. സംഭവത്തെക്കുറിച്ച് 27 വയസ്സുകാരിയായ കോശിക പറയുന്നതിങ്ങനെ :- ''ആർത്തവ സമയത്ത് പാകം ചെയ്ത ഭക്ഷണം അബദ്ധത്തിൽ ഞാൻ വീടിനുള്ളിൽ കൊണ്ടു വന്നു. അതിനുശേഷം വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടിനെ കടുവ പിടിച്ചു''. ആർത്തവ കാലത്തു ചെയ്തുപോയ അബദ്ധത്തിന്റെ ഫലമാണ് ഈ ദുരന്തമെന്നാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത്.

സംഭവത്തെക്കുറിച്ച് കോശികയുടെ അമ്മായിയച്ഛൻ ദിൽ പ്രസാദ് പറയുന്നതിങ്ങനെ :- '' നിയമം അനുസരിച്ചല്ല വിശ്വാസമനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടതെന്ന് ഇതുകൊണ്ടാണ് പറയുന്നത്. ആടുകൾക്ക് സംഭവിച്ച അപകടം ഇതു തന്നെയാണ് അർഥമാക്കുന്നത്. 20000 രൂപ വിലയുള്ള ഒരു എരുമയെ ആർത്തവമുള്ള ഒരു സ്ത്രീ തൊടുകയും അക്കാരണത്താൽ ആ എരുമ ചത്തുപോവുകയും ചെയ്താൽ അതിന്റെ പണം ഗവൺമെന്റ് തരുമോ?''.

ചൗപഡി കാത്തുവയ്ക്കുന്ന പ്രത്യാഘാതങ്ങളിവയൊക്കെ

ആർത്തവദിനങ്ങളിൽ പെൺകുട്ടികൾക്ക് അശുദ്ധി കൽപ്പിക്കുന്നവർ പഴയകാലത്തെ ജാതിവ്യവസ്ഥയിലെ തൊട്ടുകൂടായ്മയെയാണ് ഓർമ്മിപ്പിക്കുന്നതെന്നാണ് ഈ അനാചാരത്തിനെതിരെ പോരാട്ടം നടത്തുന്ന മുതിർന്നവർ പറയുന്നത്.

periods-homoeo

നാട്ടിലെ ആർക്കെങ്കിലും അസുഖം വന്നാൽ അത് ബാധയാണെന്നും ഈശ്വരകോപമാണെന്നും ഒക്കെ പറഞ്ഞുകൊണ്ട് രംഗത്തുവരുന്ന മന്ത്രവാദികളും ഈ അനാചാരങ്ങളെ പരിപോഷിപ്പിക്കുന്നുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ലംഘിച്ചാൽ ദൈവംകോപിക്കുമെന്നു പറഞ്ഞ് അവർ പാവം പെൺകുട്ടികളെയും സ്ത്രീകളെയും ഭയപ്പെടുത്തും. മിക്ക വീടുകളിലും പൂജാമുറികളുണ്ട്. ആർത്തവ സമയത്ത് വീടിനുള്ളിൽ പെൺകുട്ടികൾക്ക് വിലക്കു കൽപ്പിക്കുന്നത് ഇതുകൊണ്ടു കൂടിയാണെന്നാണ് അവരുടെ ന്യായം.

ദൈവം വീടിന് പുറത്ത് ആർത്തവമുള്ള സ്ത്രീകൾ വീടിനകത്ത്

പെൺകുട്ടികളുടെ സുരക്ഷയ്ക്കായാണ് ലോക്കൽ ഗവൺമെന്റ് ഇങ്ങനെയൊരു ആശയം ആവിഷ്കരിച്ചത്. ഗ്രാമത്തിൽ ചെറിയ ചെറിയ അമ്പലങ്ങളുണ്ടാക്കി വീടുകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പൂജാസാമഗ്രികൾ അത്തരം അമ്പലങ്ങളിൽ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഗ്രാമീണർക്കു ചെയ്തുകൊടുക്കും. ദൈവവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും വീടിനുള്ളിൽ ഇല്ലാത്തിനാൽ വീട്ടുകാർക്ക് ധൈര്യപൂർവം ആർത്തവമുള്ള പെൺകുട്ടികളെ വീടിനുള്ളിൽ കിടക്കാൻ അനുവദിക്കാം.

Periods

''ഞങ്ങൾക്ക് പ്രാർഥിക്കണമെന്നുണ്ട്. പക്ഷേ ഞങ്ങളുടെ സുരക്ഷയ്ക്കായാണ് ദൈവങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിനേയും ഗ്രാമത്തിനു പുറത്തുള്ള അമ്പലങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. – രത്ന ടമാറ്റ എന്ന അമ്പത്തഞ്ചുകാരി പറയുന്നതിങ്ങനെ.

ഇത്തരം അനാചാരങ്ങൾ അവസാനിപ്പിക്കാനായി റമാറോഷൻ മുൻസിപ്പൽ ഗവൺമെന്റ് ചില കാര്യങ്ങൾ കൂടി ചെയ്യുന്നുണ്ട്. ചൗപഡി ആചരിക്കുന്ന കുടുംബങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരം ശിക്ഷാനടപടികൾ കൊണ്ടൊന്നും ചൗപഡി അവസാനിപ്പിക്കാനാകുന്നില്ല. ഉദ്യോഗസ്ഥരോട് നുണ പറഞ്ഞുകൊണ്ടാണ് ഗ്രാമീണർ ഇത്തരം നടപടികളിൽ നിന്ന് രക്ഷപെടുന്നത്.

സ്ത്രീ നിലപാടുകൾ 

ആക്റ്റിവിസ്റ്റുകളോടൊപ്പം ചേർന്ന് സ്ത്രീകളും ഈ വിഷയത്തിൽ പ്രതികരിച്ചു തുടങ്ങി. '' സ്ത്രീകളും പുരുഷന്മാരും സമന്മാരാണെന്നും, ഇരുകൂട്ടരുടെയും ശരീരത്തിലൊഴുകുന്ന രക്തത്തിന്റെ നിറം ഒന്നാണെന്നും പറഞ്ഞുകൊണ്ടാമ് ഒരു സംഘം സ്ത്രീകൾ ക്യാംപെയിൻ നടത്തിയത്. അനാചാരങ്ങൾ ലംഘിച്ചതുകൊണ്ട് ഒരു അത്യാപത്തും സംഭവിക്കുകയില്ലെന്നു പറഞ്ഞുകൊണ്ടാണ് അവർ രംഗത്തെത്തിയത്.

കാഠ്മണ്ഡുവിലെ ഫെർട്ടിലിറ്റി കെയർ സെന്ററിലെ എക്സിക്യൂട്ടീവ് ഡയറക്ടർ പേമ ലാഖി പങ്കാളിയായ ഒരു പഠനത്തിൽ പറയുന്നത്. നേപ്പാളിലെ വളരെ കുറച്ചു സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമേ ആർത്തവം അമ്മയാകുന്നതിന് ശരീരം നടത്തുന്ന മുന്നൊരുക്കമാണെന്ന് അറിയുകയുള്ളൂ എന്നാണ്. ഭൂരിപക്ഷം സ്ത്രീകളും പെൺകുട്ടികളും വിശ്വസിക്കുന്നത് ഇത് അശുദ്ധരക്തം പുറന്തള്ളുന്ന ഒരു പ്രക്രിയ മാത്രമാണെന്നാണ്.

ആർത്തവം ദൈവ ശാപമല്ലെന്നും അതു കേവലം ജൈവിക പ്രക്രിയ മാത്രമാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി നേപ്പാളിലെ സ്റ്റഡി സെന്ററുകളും ഗവൺമെന്റുമായി ചേർന്ന് സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നുണ്ട്.

ഗ്രാമത്തിലെ ചില പെൺകുട്ടികൾ ഈ പാരമ്പര്യത്തെ ലംഘിക്കാതെ തന്നെ സ്വയം സുരക്ഷിതരാകാറുണ്ട്. ഹോർമോൺ ഇൻജെക്‌ഷൻ എടുക്കുന്നതുകൊണ്ട് തങ്ങൾക്ക് ആർത്തവം വരാറില്ലെന്നാണ് അവർ ഭർത്താവിന്റെ അച്ഛനമ്മമാരെ ധരിപ്പിച്ചിരിക്കുന്നത്. ഭർത്താക്കന്മാർക്ക് സത്യം അറിയാമെങ്കിലും അവർ ഭാര്യമാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി അവരെ പിന്തുണയ്ക്കുകയാണ് പതിവ്.

നേപ്പാളിൽ മരണമടഞ്ഞ ഡംബര ഉപാധ്യായയുടെ ഭർതൃസഹോദരി ഒരു മാറ്റത്തിനായി ആഗ്രഹിച്ചുകൊണ്ട് പറയുന്നതിങ്ങനെ :-

'' ഇപ്പോൾ ഞാൻ ഭർത്താവിന്റെ മാതാപിതാക്കളുടെ നിയമമാണ് അനുസരിക്കുന്നത്. അവർ ഞങ്ങളോടൊപ്പം അല്ലായിരുന്നെങ്കിൽ ഞാൻ തീർച്ചയായും ആർത്തവ കാലങ്ങളിൽ വീടിനുള്ളിൽത്തന്നെ കഴിച്ചു കൂട്ടുകയും, എരുമയെ കറക്കുകയും, ഭക്ഷണം പാകം ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. അമ്പലത്തിൽ പോകുന്നതൊഴിച്ചുള്ള കാര്യങ്ങളെല്ലാം ഞാൻ ചെയ്തേനേം''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA