sections
MORE

ഗർഭഛിദ്രനിയമങ്ങൾ ചർച്ചയാകുമ്പോൾ; ഓർമകളിൽ സവിത

Abortion Law Ban
ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളായാണ് ഇന്ത്യന്‍ യുവതിയായ സവിത മരിക്കുന്നത്.
SHARE

അലബാമ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ സംസ്ഥാനങ്ങള്‍ കര്‍ശനമായ ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ നടപ്പാക്കവേ, നയം വ്യക്തമാക്കി രംഗത്തുവന്നരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിഷയം വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും എന്നതുറപ്പായിരിക്കെ കൂടുതല്‍ നേതാക്കന്‍മാരും പാര്‍ട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നുമുണ്ട്. 

താന്‍ ജീവിതത്തിന്റെ പക്ഷത്താണെന്നാണ് ട്രംപ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. മരണവും ജീവിതവും തമ്മിലുള്ള സമരത്തില്‍ താന്‍ ജീവിതത്തിനുവേണ്ടി പോരാടുന്നു എന്നാണദ്ദേഹം പറയുന്നത്. ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ ആവശ്യം തന്നെയാണ്. പക്ഷേ, അമ്മയുടെ ആരോഗ്യം പ്രതിസന്ധിയിലാകുന്ന ഘട്ടത്തില്‍ മാത്രമല്ല, പീഡനം പോലെയുള്ള സംഭവങ്ങളിലും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നും അത്തരത്തില്‍ നിയമം തിരുത്തിയെഴുതണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. 

അമേരിക്കയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി കര്‍ശനമായ ഗര്‍ഭഛിദ്രനിരോധന നിയമങ്ങള്‍ നടപ്പാക്കുന്നതാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു വ്യക്തിയുണ്ട്; അയര്‍ലന്‍ഡിലെ കര്‍ശന നിയമത്തിന്റെ പേരില്‍ ജീവന്‍ ബലി കൊടുക്കേണ്ടിവന്ന ഇന്ത്യക്കാരി. 31-ാം വയസ്സില്‍ ജീവന്‍ നഷ്ടമായ സവിത ഹലപ്പനവാര്‍. ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളായാണ് ഇന്ത്യന്‍ യുവതിയായ സവിത മരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഡബ്ലിനില്‍ അക്കാലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ 6,000 പേരാണ് പങ്കെടുത്തത്. യഥാര്‍ഥത്തില്‍ അതിലേറെപ്പേര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. 

സവിതയുടെ മരണം നടന്നത് ഗാല്‍വേ യുണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു. പ്രക്ഷോഭം ചൂടുപിടിക്കുകയും ഇന്ത്യാ ഗവണ്‍മെന്റ് ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തതോടെ അയര്‍ലന്‍ഡില്‍ ഹിതപരിശോധന നടന്നു. ഗര്‍ഭഛിദ്രത്തിന് അനുകൂലമായിരുന്നു ജനങ്ങള്‍. രാജ്യത്തെ 68 ശതമാനം ജനങ്ങളും  ഗർഭിഛിദ്രം വിലക്കുന്ന ഭരണാഘടനാ വ്യവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തു. ഡബ്ലിൻ നഗരത്തിൽ മാത്രം ഗർഭഛിദ്രത്തിന് അനുകൂലമായി 77% പേരാണ് വോട്ട് ചെയ്തത്. 

ഗർഭച്ഛിദ്രം അനുവദിക്കാത്ത ഉത്തര അയർലൻഡിലെ കർക്കശ നിയമം മനുഷ്യാവകാശ ലംഘനമാണെന്നു ഇതേകാലത്ത് ബെൽഫാസ്റ്റ് ഹൈക്കോടതിയും വിധിച്ചു. സവിതയുടെ ജീവൻ അപകടത്തിലാണെന്നു ബോധ്യപ്പെട്ടിട്ടും നിയമം അനുവദിക്കാത്തതുമൂലം ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതിനെത്തുടർന്ന് അവർ മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചരിത്രപ്രധാനമായ വിധി. തുടര്‍ന്ന് മാനഭംഗം, അവിഹിത ബന്ധം എന്നിവയെത്തുടർന്നുണ്ടാകുന്ന ഗർഭം അലസിപ്പിക്കുന്നതും ഗർഭസ്ഥശിശുവിനു മാരകമായ തകരാറുകളുണ്ടാവുമ്പോൾ ഗർഭച്ഛിദ്രം നടത്തുന്നതും നിയമവിധേയമാക്കി, ഭരണഘടനാ ഭേദഗതിക്ക് സര്‍ക്കാര്‍ നിർബന്ധിതമായി. 19-ാം നൂറ്റാണ്ടുമുതൽ നിലവിലിരുന്ന നിയമപ്രകാരം ഗർഭച്ഛിദ്രം നടത്തുന്ന ഡോക്ടർമാർക്കു ജീവപര്യന്തം തടവായിരുന്നു ശിക്ഷ. 

കര്‍ണാടകയില്‍നിന്നുള്ള സവിത എന്ന ഇന്ത്യക്കാരിയുടെ ജീവന്റെ വിലയാണ് അയര്‍ലന്‍ഡില്‍ ഇപ്പോള്‍ നൂറുകണക്കിന് അമ്മമാര്‍ക്ക് അനുഗ്രഹമായിരിക്കുന്നത്. കണ്ണുകെട്ടിയുള്ള നിയമങ്ങള്‍ നടപ്പാക്കുന്ന അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കാണാതെ പോകുന്നതും സവിതയുടെ മരണവും അതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും ഇപ്പോഴും കണ്ണീരുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ തീരാവേദനയുമാണ്. പുതിയ നിയമത്തിനെതിരെ അലബാമയിലും മറ്റും ഇപ്പോള്‍തന്നെ പ്രതിഷേധമുണ്ട്. സമൂഹത്തിലെ പിന്നാക്കക്കാരും കറുത്ത വര്‍ഗക്കാരുമാണ് ദുരിതഫലം അനുഭവിക്കുന്നതെന്നു വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കരിനിയമം കര്‍ശനമായി നടപ്പാക്കാനുള്ള പുറപ്പാടിലാണ് അലബാമയില്‍ ഉള്‍പ്പെടെ ഭരണകൂടങ്ങള്‍. അവര്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍ യാഥാര്‍ഥ്യമാകും മുമ്പേ പുതിയ ഇടപെടലുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ആ ദിശയിലേക്കാണ് ട്രംപിന്റെ വാക്കുകളും വെളിച്ചം വീശുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA