sections
MORE

പ്രസവാനന്തരം സംഭവിക്കുന്ന പെൺമരണങ്ങൾക്ക് ഉത്തരവാദികൾ ആര്?

Pregnant Woman
പ്രതീകാത്മക ചിത്രം
SHARE

ജീവിതത്തില്‍ നിറത്തിനും വംശത്തിനും വര്‍ഗത്തിനുമൊക്കെ സ്ഥാനമുണ്ടെങ്കിലും മരണത്തിന് എല്ലാവരും ഒരുപോലെയാണെന്ന തത്വചിന്തയ്ക്കും മാറ്റം വന്നിരിക്കുന്നു; അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ജീവചരിത്രത്തിലെങ്കിലും. ആരോപണമോ പരാതിയോ അല്ല യാഥാര്‍ഥ്യം. ഏറ്റവും പുതിയ കണക്കുകള്‍ ശാസ്ത്രീയമായി അപഗ്രഥിച്ചു കണ്ടെത്തിയ സത്യം. പ്രസവവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മരിക്കുന്ന സ്ത്രീകളില്‍ നല്ലൊരു പങ്കും ആഫ്രിക്കന്‍ വംശജരും തദ്ദേശീയരായ കറുത്ത വര്‍ഗക്കാരും തന്നെ. വെള്ളക്കാരായ സ്ത്രീകള്‍ മാതൃമരണനിരക്കില്‍നിന്നു പൂര്‍ണമായും രക്ഷപ്പെട്ടു എന്നല്ല. 

വിവിധ കാരണങ്ങളാല്‍ മരിക്കുന്നവരിലേറെയും കറുത്ത വര്‍ഗ്ഗകാരാണെന്നാണ് കണ്ടെത്തല്‍. ഇതൊരു പുതിയ അറിവോ വിഷയമോ അല്ല. പക്ഷേ, അടുത്തിടെ നടന്ന ഏതാനും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ തുടരെയുള്ള മരണങ്ങള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് മുഖ്യവിഷയമായി മാറാനും പോകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യം സമ്മതിച്ചുകഴിഞ്ഞു; പിന്നാലെ അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തുവരാന്‍ സാധ്യതയുള്ള കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രറ്റിക് സെനറ്റര്‍ കമല ഹാരിസ് ഉള്‍പ്പെടെയുള്ളവരും വിഷയം ഏറ്റുപിടിച്ചിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്ത്രീകളെ ചുറ്റിപ്പറ്റിത്തന്നെ; അപ്രതീക്ഷിതവും ചിലപ്പോഴൊക്കെ ദുരൂഹവും ദുരന്തം നിറഞ്ഞതുമായ നിസ്സഹായ മരണങ്ങളെക്കുറിച്ച്. 

പ്രസവ സമയത്തും പ്രസവാനന്തരവും അമേരിക്കയില്‍ നടക്കുന്ന ഭൂരിപക്ഷം മരണങ്ങളും ഒഴിവാക്കാനാവുന്നതാണ് എന്നതാണു യാഥാര്‍ഥ്യം. മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും വിവര വിനിമയ മാര്‍ഗങ്ങളും ഉണ്ടെങ്കില്‍ത്തന്നെ 60 ശതമാനം ദുരന്തങ്ങളും ഒഴിവാക്കാനാകും. അതായത് ആരോഗ്യമേഖലയിലും നിറത്തിന്റെ പേരിലുള്ള വിവേചനം നിലനില്‍ക്കുന്നു എന്നു സാരം. പ്രസവത്തിനു മുമ്പും ശേഷവുമുള്ള ലക്ഷണങ്ങളെ അഗവണിക്കുന്നതാണ് മരണം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യൂണിസെഫിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള 15 വര്‍ഷക്കാലത്ത് വികസിത രാജ്യങ്ങളിലുള്‍പ്പെടെ മാതൃമരണനിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും അമേരിക്കയില്‍ ഇപ്പോഴും അപ്രതീക്ഷിത ദുരന്തത്തിനു കീഴടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. 

പ്രസവവുമായി ബന്ധപ്പെട്ട രക്തസ്രാവമാണ് കറുത്തവരായ സ്ത്രീകള്‍ക്കിടയില്‍ ദുരന്തം വര്‍ധിപ്പിക്കുന്നത്. പ്രസവത്തിനുശേഷമുള്ള ഒരാഴ്ചയില്‍ രക്തസമ്മര്‍ദവും പലപ്പോഴും വില്ലനാകുന്നു. ഹൃദയസംബന്ധമായ സങ്കീര്‍ണതകളും സ്ട്രോക്കും മറ്റു പ്രധാന കാരണങ്ങളാണ്. നേരത്തെതന്നെ ഹൃദയത്തിനു പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭിണികളാകുന്നതോടെ പ്രശ്നം ഗുരുതരമാകുന്നു. നെഞ്ചുവേദനയും ശ്വാസം മുട്ടലുമൊക്കെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായ ഹൃദ് രോഗങ്ങളുടെ സൂചനകളെ അവഗണിക്കുന്നതോടെ രോഗം ജീവനു ഭീഷണിയായി മാറുന്നു.

പ്രസവത്തിനുശേഷമുള്ള ഒരുവര്‍ഷക്കാലം പൊതുവെ വെള്ളക്കാര്‍ സുരക്ഷിതരാണെങ്കിലും ഇക്കാലയള വിലും കറുത്ത വര്‍ഗക്കാര്‍ക്ക് ദുരന്തങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. അമിതരഭാരവും അമിതവണ്ണവും പലര്‍ക്കും വിനയാകുന്നു. അമിതവണ്ണത്തെത്തുടര്‍ന്ന് രക്തസമ്മര്‍ദം കൂടുന്നതും പ്രശ്നമാണ്. ശരിയായ വിശ്രമമില്ലാത്തതും ദുരന്തകാരണമാണ്. 

നവജാതശിശുക്കളെപ്പോലെതന്നെ പരിചരണം അര്‍ഹിക്കുന്നുണ്ട് പ്രസവത്തിനുശേഷമുള്ള കാലത്ത് അമ്മമാരും. ഇക്കാലയളവില്‍ ഉണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കരുതെന്ന് അമേരിക്കന്‍ ആരോഗ്യമന്ത്രാലം മുന്നറിയിപ്പു നല്‍കുന്നു. കാലിലുണ്ടാകുന്ന ചുവന്ന പാടു പോലും രക്തം കട്ടപിടിക്കുന്നതിന്റെ സൂചനയാകാം. പനി അണുബാധനയുടെ സൂചനയാകാം. ഇത്തരം ലഘുലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് പലപ്പോഴും ജീവന്‍തന്നെ ത്യജിക്കേണ്ടിവരുന്നു. പ്രായവും ഒരു ഘടകം തന്നെയാണ്. 40 വയസ്സിനുശേഷമുള്ള പ്രസവങ്ങള്‍ സങ്കീര്‍ണ സാഹചര്യങ്ങളിലേക്ക് നയിക്കാം. കറുത്തവരാണ് ഇവിടെയും ഇരകള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA