ADVERTISEMENT

രാജ്യമൊട്ടാകെ മല്‍സരിച്ച 726 വനിതകളില്‍നിന്നാണ് 78 പേരാണ് ഇക്കുറി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവരിൽ ഒരാൾ മലയാളി. ആലത്തൂരിന്റെ സ്വന്തം പെങ്ങളൂട്ടിയായ രമ്യ ഹരിദാസ്. രമ്യയുൾപ്പടെ 16 മലയാളി വനിതാ നേതാക്കളാണ് ഇതുവരെ പാർലമെന്റിലെത്തിയത്. 

തിരു–കൊച്ചിയിൽ നിന്നും കേരളത്തിൽ നിന്നുമായി ആനി മസ്‌ക്രീൻ (1952-57), സുശീലാ ഗോപാലൻ (1967-70, 1980-84, 1991-96), ഭാർഗവി തങ്കപ്പൻ (1971-77), സാവിത്രി ലക്ഷ്‌മണൻ (1989-91, 1991-96), എ.കെ. പ്രേമജം (1998-99, 1999-2004), പി. സതീദേവി (2004-09), സി.എസ്. സുജാത (2004-09), പി.കെ. ശ്രീമതി (2014–19), രമ്യ ഹരിദാസ് (2019 –) എന്നിവരാണ് ലോക്‌സഭയിൽ അംഗമായത്. ആനി മസ്‌ക്രീൻ കോൺസ്‌റ്റിറ്റ്യൂവെന്റ് അസംബ്ലിയിലും (1948-50) അംഗമായിരുന്നു.

annie-mascarene-01
ആനി മസ്‌ക്രീൻ

1991ലും 2004ലും രണ്ടുപേർ വീതം വിജയിച്ചു. ആറു ലോക്‌സഭകളിൽ കേരളത്തിന് വനിതാപ്രാതിനിധ്യമി ല്ലായിരുന്നു. മറ്റു ലോക്‌സഭകളിൽ ഓരോ വനിത വീതവും. രണ്ടു വനിതകളെ ജയിപ്പിച്ച മണ്ഡലമാണ് വടകര. അമ്പലപ്പുഴ, ആലപ്പുഴ, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളുടെ പ്രതിനിധിയായിരുന്നു സുശീലാ ഗോപാലൻ. 

ലോക്സഭയിലെത്തിയ രണ്ടാമത്തെ കോൺഗ്രസ് വനിതയാണ് രമ്യ ഹരിദാസ്. സാവിത്രി ലക്ഷ്‌മണനാണ് പ്രഥമ വനിത. സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച രണ്ടാമത്തെ വനിതയും രമ്യ തന്നെ. ഭാർഗവി തങ്കപ്പൻ (അടൂർ, സിപിഐ, 1971) ആണ് പ്രഥമ വനിത. 

കെ. ഭാരതി ഉദയഭാനു (1954-58, 1958-64), ദേവകി ഗോപിദാസ് (1962-68), ലീലാ ദാമോദരമേനോൻ (1974-80), ഡോ. ടി.എൻ. സീമ (2010 - 16) എന്നിവരാണ് കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയിലെത്തിയ വനിതകൾ.  കെ. ഭാരതി ഉദയഭാനു ആദ്യം തിരു-കൊച്ചിയുടെ പ്രതിനിധിയായിരുന്നു. 

t-n-seema-01
ടി.എൻ സീമ

ബിഹാറിൽ നിന്ന് മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി എൻ. മേനോൻ 14 വർഷം (1952-66) രാജ്യസഭാംഗമായിരുന്നു. കേന്ദ്രമന്ത്രിയായ (1957 - 66) ഏക മലയാളി വനിതയാണ് അവർ. പഴയ മദ്രാസ് സംസ്‌ഥാനം കർമമണ്ഡലമായി സ്വീകരിച്ച അമ്മു സ്വാമിനാഥൻ ആ സംസ്‌ഥാനത്തു നിന്ന്  ഒന്നാം ലോക്‌സഭയിലും (1952-57) തുടർന്ന് രാജ്യസഭയിലും (1957-60) അംഗമായിരുന്നു. 

നേരത്തെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലും (1945-47) കോൺസ്‌റ്റിറ്റ്യൂവന്റ് അസംബ്ലിയിലും (1947-50) ഇടക്കാല പാർലമെന്റിലും (1950-52) അംഗമായിരുന്നു. ഇന്ത്യൻ പാർലമെന്റിന്റെ പരിണാമഘട്ടങ്ങളിൽ എല്ലാ സഭകളിലും അംഗമാകാൻ അവസരം ലഭിച്ച ഏക വനിതയും ഏക മലയാളിയും അവർ മാത്രമാകുന്നു. 

മലബാർ പ്രദേശം ഉൾപ്പെട്ട പഴയ മദ്രാസ് സംസ്‌ഥാനത്തിന്റെ പ്രതിനിധിയായി ദാക്ഷായണി വേലായുധൻ കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലിയിലും (1946-50) ഇടക്കാല പാർലമെന്റിലും (1950-52) ഉണ്ടായിരുന്നു. ഇതുൾപ്പെടെ ഇന്ത്യൻ പാർലമെന്റിൽ അംഗമാകാൻ അവസരം ലഭിച്ച മലയാളി വനിതകളുടെ എണ്ണം 16 ആണ്.

ramya-haridas-03
രമ്യ ഹരിദാസ്

അമ്മു സ്വാമിനാഥന്റെ മകൾ ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിന്റെ പുത്രിയാണ് കാൻപൂരിൽ (ഉത്തർപ്രദേശ്) നിന്ന് ഒൻപതാം ലോക്‌സഭയിൽ (1989-91) അംഗമായ സുഭാഷിണി അലി. അവരുടെ അച്ഛനും ഭർത്താവും മലയാളികളല്ല. 

കേരള പ്രതിനിധികൾ ഇതുവരെ168;  വനിതകൾ 9 മാത്രം

17–ാം ലോക്സഭയിലേക്ക് 10 പുതുമുഖങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിൽ നിന്നും സംസ്‌ഥാനരൂപീകരണത്തിനു മുൻപുള്ള തിരുവിതാംകൂർ-കൊച്ചിയിൽ നിന്നും മലബാറിൽ നിന്നുമായി  ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 168 ആയി. പിന്നീട് കേരളത്തിന്റെ ഭാഗമായിത്തീർന്ന കാസർകോട് ഉൾപ്പെട്ട സൗത്ത് കാനറ സൗത്ത് മണ്ഡലത്തിൽ നിന്ന് 1952ൽ തിരഞ്ഞെടുക്കപ്പെട്ട ബി. ശിവറാവുവും ഉൾപ്പെടെയുള്ള കണക്കാണിത്. മലയാളികളല്ലാത്ത 4 പേരും ഉൾപ്പെടും. ഇവരെ കൂടാതെ ആംഗ്ലോ-ഇന്ത്യൻ നോമിനികളായി ഡോ. ചാൾസ് ഡയസ്, പ്രഫ. റിച്ചാർഡ് ഹേ എന്നിവരുമുണ്ട്. കേരളത്തിനു പുറത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളികളെ ഉൾപ്പെടുത്തിയിട്ടില്ല. 168 കേരളപ്രതിനിധികളിൽ വനിതകൾ 9 മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT