ADVERTISEMENT
sonali-b

കാന്‍സര്‍ ജീവിതശൈലിയില്‍ മാത്രമല്ല മാറ്റം വരുത്തുന്നത്, കാഴ്ചപ്പാടുകളില്‍ കൂടിയാണ്. ഒരു രോഗം എന്നതിനേക്കാള്‍, രൂപത്തിലും ഭാവത്തിലും കാന്‍സര്‍ വരുത്തുന്ന മാറ്റം തന്നെയാണ് കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നത്. രൂപപരിണാമം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതാകട്ടെ മുടിയും. നീളമുള്ള മുടി ഏറ്റവും വലിയ സ്വത്തായി കരുതുന്നവര്‍ക്ക് പ്രത്യേകിച്ചും. പക്ഷേ, നീളമുള്ള മുടിയില്‍ സുന്ദരിയായി കാണപ്പെട്ട മുന്‍ ബോളിവുഡ് നടി സോണാലി ബെന്ദ്രെ മുടി നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് വ്യത്യസ്തമായാണ് സംസാരിക്കുന്നത്. 

മുടി മുറിച്ചപ്പോള്‍ എനിക്കു ഹൃദയഭേദകമായി ഒന്നും തോന്നിയില്ല. മുടിയില്ലാത്തതിലും ഭേദമല്ലേ ജീവനോടെയിരിക്കുന്നത്. ഞാന്‍ പ്രധാന്യം കൊടുക്കുന്നതു ജീവിതത്തിനുതന്നെ- സോണാലി പറയുന്നു. അവസാനഘട്ടത്തില്‍ മാത്രം കാന്‍സര്‍ കണ്ടെത്തുകയും ചികില്‍സയ്ക്കുവേണ്ടി അമേരിക്കയില്‍ താമസിക്കുകയും ചെയ്തശേഷം നീളം കുറഞ്ഞ മുടിയുമായി ഇന്ത്യയില്‍ തിരിച്ചെത്തിയ താരം മുടി നിഷ്ടപ്പെട്ടതിനെക്കുറിച്ചും അത് തന്റെ കാഴ്ചപ്പാടുകളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും വാചാലയാകുകയാണ്. 

sonali-bendri

കീമോതെറാപി തുടങ്ങുന്നതിനുമുമ്പാണ് മുടി മുറിക്കണമെന്ന നിര്‍ദേശം ലഭിക്കുന്നത്. അപ്പോഴാദ്യമായി എനിക്കു മുമ്പില്‍ വേറെ ചോയ്സ് ഒന്നും ഇല്ല എന്നു ഞാന്‍ മനസ്സിലാക്കി. രോഗത്തിനു മുന്നില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളേക്കാള്‍ വേറെ എന്തു ചോയ്സ്. മുടി മുറിക്കുക എന്ന ലക്ഷ്യവുമായി സലൂണിലേക്കു പോകുമ്പോള്‍ സഹോദരി എന്റെ കൂടെയുണ്ടായിരുന്നു. ചിത്രീകരിക്കാന്‍ സുഹൃത്തും. മുടി മുറിക്കാന്‍ വന്നയാള്‍ക്കു മനസ്സിലായി ഇത് എന്തോ പ്രത്യേകതയുള്ള സംഭവമാണല്ലോ എന്ന്. ഒടുവില്‍ ആ ദിവസം വന്നെത്തി. അന്ന് മകന്‍ രണ്‍വീറും എന്നോടൊത്ത് ന്യൂയോര്‍കില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അല്ലെങ്കില്‍ അതവന് വലിയ ഷോക്കായിരിക്കും. മുടി ഒരു നാരുപോലുമില്ലാതെ വടിച്ചിറക്കണമെന്ന് ഞാന്‍ ഹെയര്‍ ഡ്രെസ്സറോടു പറഞ്ഞു. പക്ഷേ നീളം കുറച്ചാല്‍ മാത്രം മതിയെന്നായിരുന്നു അവരുടെ നിര്‍ദേശം. അന്നങ്ങനെ അവസാനിച്ചു. പിന്നീടാണ് ഞാന്‍ മുടിയില്ലാത്ത വ്യക്തിയായി മാറുന്നത്. കഴിഞ്ഞുപോയ കഷ്ടപ്പാടിന്റെയും രോഗങ്ങളുടെ നാളുകളെക്കുറിച്ചും സോണാലി പറയുന്നു. 

കീമോതെറാപ്പിക്കുശേഷം വീണ്ടും മുടി കിളിര്‍ത്തു. ഇപ്പോള്‍ മുടിയില്‍ നിറം ചേര്‍ത്ത സോണാലി വിവിധ പരീക്ഷണങ്ങളും നടത്തുകയാണ്. നീളമുള്ള മുടിയുണ്ടായിരുന്നപ്പോള്‍ അതു സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാതിരുന്ന വ്യക്തിയാണ്. ഇപ്പോഴാകട്ടെ എന്തു പരീക്ഷണവും നടത്താം. അതിന്റെ സന്തോഷത്തിലാണ് മുന്‍ നടി. 

sonalibn2

അമേരിക്കയിലെ ചികില്‍സ കഴിഞ്ഞ് ഇന്ത്യയിലെത്തിയപ്പോള്‍ ആദ്യം തന്നെ ചെയ്തത് വളര്‍ന്നുതുടങ്ങിയ മുടി മുറിക്കുകയായിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും സ്വന്തം രാജ്യത്തെയും സുഹൃത്തുക്കളെയും കാണുക. അതും ഒരു സന്തോഷം. നീളമുള്ള മുടി ഒരിക്കല്‍ എന്റെ സന്തോഷമായിരുന്നു. അതു പോയി. എങ്കിലും കുറച്ചെങ്കിലും മുടി തിരിച്ചുകിട്ടിയല്ലോ. അതില്‍ ഞാന്‍ സന്തോഷവതിയാണ്. നേരത്തെ, നീളമുള്ള മുടിയായിരുന്നു എന്റേത്. ഇപ്പോഴത് കുറച്ച് ചുരുണ്ടിരിക്കുന്നു. അതും സന്തോഷം തന്നെ. നീളമുള്ള മുടിയുള്ളപ്പോള്‍ ഒരിക്കലും അതു മുറിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കില്ല. ഇപ്പോഴാകട്ടെ എനിക്ക് പരീക്ഷണങ്ങളുടെ കാലമാണ്. ഞാനത് ആസ്വദിക്കുന്നു. 

മുടി മുറിച്ചുകളഞ്ഞ നിമിഷത്തിലും താന്‍ വലിയ വേദനയൊന്നും അനുഭവിച്ചില്ലെന്നും സോണാലി പറയുന്നു. കാരണം അപ്പോഴേക്കും താന്‍ ജീവിതത്തെ സ്നേഹിച്ചുതുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും ജീവിക്കുക എന്നതായി മോഹം. മുറിക്കുന്ന മുടി എടുത്തു സൂക്ഷിച്ച് പിന്നീട് ഒരു വിഗ് ഉണ്ടാക്കാമെന്ന് സുഹൃത്ത് നിര്‍ദേശിച്ചതാണ്. പക്ഷേ ഞാന്‍ ആ ആശയം ഉപേക്ഷിച്ചു. മുടി പോകട്ടെ എന്നുതന്നെയാണ് ഞാന്‍ തീരുമാനിച്ചത്. മുടി മുറിച്ചതില്‍ സന്തോഷമുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. പക്ഷേ, എനിക്കു ദുഃഖമില്ലായിരുന്നു എന്നതാണ് സത്യം. ഇതു ഞാന്‍ ചെയ്യേണ്ടതുതന്നെ എന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു- സോണാലി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com