ADVERTISEMENT

പീഡനക്കേസുകളിലെ പ്രതികൾക്ക് കുറഞ്ഞ ശിക്ഷയുമായി രക്ഷപ്പെടാൻ കഴിയുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ മനുഷ്യാവകാശ  പ്രവർത്തകർക്ക് ഗ്രീസിൽ വിജയം. സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തെയും പീഡനം തന്നെയായി കണക്കാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകിയതോടെ ദിവസങ്ങളായി തുടരുന്ന സമരങ്ങൾക്കും വിജയപര്യവസാനം. ഇതോടെ, ഗ്രീസിൽ പീഡനത്തിന്റെ നിർവചനത്തിലും മാറ്റം വന്നു. 

 

ബലം പ്രയോഗിച്ചു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നു തെളിയിച്ചാൽ മാത്രം പീഡനത്തിന്റെ വകുപ്പിൽപെടുത്തി ശിക്ഷ നൽകുന്നതായിരുന്നു ആദ്യം അവതരിപ്പിച്ച നിയമം. ഇരയുടെ ജീവനു തന്നെ ഭീഷണിയായാൽ മാത്രമേ അക്രമിക്കു കാര്യമായ ശിക്ഷ ലഭിക്കുമായിരുന്നുള്ളൂ. ബലം പ്രയോഗിച്ചുവെന്നു തെളിയിക്കേണ്ടത് ഇരയുടെ ബാധ്യതയുമായിരുന്നു. അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിനു മുതിർന്നാലും അപമര്യാദയായ പെരുമാറ്റം മാത്രമായി പരിഗണിച്ച്,  ബലപ്രയോഗമില്ലെങ്കിൽ,  മൂന്നുവർഷത്തെ ജയിൽശിക്ഷയുമായി അക്രമിക്കു രക്ഷപ്പെടാനും സാധിച്ചേനേം. 

 

ശക്തമായി ചെറുത്തുനിന്നു എന്ന് ബോധ്യപ്പെടുത്താൻ ഇരകൾക്കു കഴിഞ്ഞില്ലെങ്കിൽ വിധി അക്രമിക്ക് അനുകൂലമാകുന്ന സ്ഥിതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ബലപ്രയോഗത്തിൽ ചലിക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയതിനുശേഷം ഇരയെ കീഴ്പ്പെടുത്തിയാലും അക്രമിക്ക് രക്ഷപ്പെടാം. ലഹരിമരുന്ന് ഉപയോഗിച്ച് ഇരകളെ അബോധാവസ്ഥയിലാക്കുന്ന സംഭവങ്ങളിലും അക്രമികൾക്ക് കടുത്ത ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കഴിയും. നിയമം നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. ഒടുവിൽ സർക്കാർ വഴങ്ങി. അനുമതിയില്ലാത്ത ലൈംഗികബന്ധങ്ങളെ പീഡനമായി കണക്കാക്കാൻ സമ്മതിച്ചു. സ്ത്രീകൾക്ക് അനുകൂലമായ നിയമം പാസ്സാക്കുന്ന യൂറോപ്പിലെ 9–ാമത്തെ രാജ്യം കൂടിയാണ് ഗ്രീസ്. 

 

ചരിത്രപരമായ നിയമമാണ് ഗ്രീസിൽ പാസ്സായിരിക്കുന്നതെന്നും ഇരകൾക്ക് മാത്രമല്ല, മുഴുവൻ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന നിയമമാണിതെന്നും ആംനസ്റ്റി ഇന്റർനാഷനലിനുവേണ്ടി ഗ്രീസിൽ പ്രക്ഷോഭം നടത്തിയ സമരനായിക ഇറിനി ഗെയ്റ്റോണു അഭിപ്രായപ്പെട്ടു. ബലപ്രയോഗം ഇല്ലാതെതന്നെ ഇഷ്ടമില്ലാത്ത ലൈംഗികബന്ധത്തെ പീഡനമായി കണക്കാക്കുന്നതോടെ അക്രമികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇനി ഇരകൾക്ക് നീതി ലഭിക്കാനാവുന്ന വിധത്തിൽ നിയമം വ്യാഖാനിക്കാനും നടപടികളുണ്ടാകണം. 

 

നിയമത്തിൽ വെള്ളം ചേർത്ത് അക്രമികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന നയത്തിനെതിരെ ഭരണകക്ഷിയിൽതന്നെ എതിർപ്പുകളുണ്ടായിരുന്നു. പാർലമെന്റിലെ വനിതാ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് അലക്സിസ് സിപ്രസ് ഇടപെട്ട് നിയമം പരിഷ്കരിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കർശനമായി നേരിടണമെന്നാണ് ഗ്രീസിലെ നയം. 

 

ഇസ്താംബുൾ കൺവൻഷനിലും ഗ്രീസ് സ്ത്രീസൗഹൃദ നയങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം പാസ്സാക്കാൻ തീരുമാനിച്ചതോടെ ഗ്രീസ് സ്ത്രീസൗഹൃദമായെങ്കിലും യൂറോപ്പിലെ മറ്റനേകം രാജ്യങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നത് അക്രമികൾക്ക് അനുകൂലമായ നിയമമാണ്. അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിനു വിധേയമാക്കുന്നതു കുറ്റകൃത്യമാണെന്നിരിക്കെ, ബലം പ്രയോഗിച്ചു എന്നുകൂടി തെളിയിക്കണം എന്നാവശ്യപ്പെടുന്നത് പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ഗ്രീസിന്റെ മാതൃക പിന്തുടർന്ന് യൂറോപ്പിൽ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ പീഡനത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com