sections
MORE

കഠ്‌വ പീഡനം; പ്രതികളിലൊരാൾ വിട്ടയയ്ക്കപ്പെടുമ്പോൾ?

Kathua rape-murder case: Six accused convicted, one let off
പ്രതീകാത്മക ചിത്രം
SHARE

ആ എട്ടുവയസ്സുകാരിയുടെ പേര് വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. കഠ്‌വയിൽ കൊടുംക്രൂരത യ്ക്കിരയായ ആ കൊച്ചുപെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടുപേർ പിടിയിലായിരുന്നു. അതിൽ ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഗ്രാമ മുഖ്യൻ സാഞ്ചിറാമിന്റെ മകൻ വിശാൽ വിട്ടയയ്ക്കപ്പെടുകയും ചെയ്തു. പെൺകുട്ടിയെ പല തവണ മാനഭംഗപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്ത വിശാൽ ജംഗോത്രയാണ് വിട്ടയയ്ക്കപ്പെട്ടത്.

മനസാക്ഷിയെ നടുക്കിയ ക്രൂരതകൾക്കാണ് ആ കൊച്ചുപെൺകുട്ടി ഇരയായത്. കഴിഞ്ഞ ജനുവരിയില്‍ ജമ്മു കശ്മീരിലെ കഠ്‍വയിലാണ് ക്രൂരത അരങ്ങേറിയത്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി ഒരാള്‍ വനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് നടന്നതെല്ലാം പല കുറി മാധ്യമങ്ങളില്‍ വാര്‍ത്തയായി. വനത്തിലെ ഇരുട്ടിലും തൊട്ടടുത്തുള്ള ക്ഷേത്രത്തിലും എട്ടുവയസ്സുകാരി പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവന്ന മനസാക്ഷിയെ മരവിപ്പിച്ച സംഭവങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍. ഒരാളെ മാത്രം വിട്ടയച്ചുകൊണ്ട് മറ്റുള്ളവരെല്ലാം കുറ്റം ചെയ്തവരായി  കോടതി കണ്ടെത്തിയിരിക്കുന്നു. 

പക്ഷേ, ഇപ്പോഴും മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെയെല്ലാം ചെവികളില്‍ മുഴങ്ങുന്നുണ്ട് ആ കുട്ടിയുടെ നിലവിളി. വനത്തിന്റെ ഇരുട്ടിനെയും നിബിഡതയേയും ഭേദിച്ചുകൊണ്ടെത്തിയ കരച്ചില്‍. കഴുത്തും വായും പൊത്തിപ്പിടിച്ചിട്ടും ലഹരിമരുന്നിന്റെ മയക്കത്തിലേക്കു തള്ളിവിട്ടിട്ടും ബോധം വീണ്ടുകിട്ടുമ്പോഴൊക്കെ അമര്‍ത്തിയ ശബ്ദത്തില്‍ പുറത്തുവന്ന നിലവിളികള്‍. ആ ശബ്ദം നിലച്ചിട്ടില്ല. ഇനിയൊരിക്കലും നിലയ്ക്കുകയുമില്ല. രാജ്യത്തിന്റെ മനസാക്ഷിയിലും അത് ഒരു മുറിവായി തുടരുകതന്നെയാണ്. പ്രതികള്‍ക്കു നല്‍കാവുന്ന പരമാവധി ശിക്ഷ കൊണ്ടുപോലും കഴുകിക്കളയാനാവാത്ത പാപത്തിന്റെ കറ. 

എന്തു തെറ്റാണ് ആ കുട്ടി ചെയ്തത്. ലോകത്തിന്റെ കാപട്യങ്ങളെക്കുറിച്ച് അറിവില്ലാത്ത, എല്ലാ മനുഷ്യരും നല്ലവരാണെന്നും ഹൃദയമുള്ളവരാണെന്നും പ്രതീക്ഷിച്ച പെണ്‍കുട്ടി. സഹായിക്കാന്‍ വിളിച്ചപ്പോള്‍ ആ കുട്ടിയുടെ മനസ്സില്‍ വഴിതെറ്റിപ്പോയ കുതിര ആയിരുന്നിരിക്കണം. വീട്ടിലെ അടുപ്പു പുകയുന്നത് ആ കുതിര ഉള്ളതുകൊണ്ടാണ്. അതിനെ കണ്ടുകിട്ടാതെ വീട്ടിലേക്ക് തിരിച്ചുചെല്ലാനാവില്ല. ഒടുവില്‍ സംഭവിച്ചതോ. വഴി തെറ്റിപ്പോയ കുതിരയെപ്പോലെ ആ കുട്ടിയുടെയും വഴി തെറ്റിച്ചു. ഒരിക്കലല്ല. ഒരു ദിവസമല്ല. ഒരാഴ്ച തുടര്‍ച്ചയായ പീഡനം. കെട്ടിയിട്ട്. മുതിര്‍ന്ന ഒരു വ്യക്തിക്കു പോലും സഹിക്കാനാവാത്ത ക്രൂരതകളിലൂടെ കടന്നുപോകേണ്ടിവന്ന ആ കുട്ടിയോട് ഇനിയെത്ര തവണ മാപ്പു ചോദിക്കേണ്ടിവരും. ഒരുപക്ഷേ മനുഷ്യനായി ജനിച്ചതിന്റെ പേരില്‍പ്പോലും ലജ്ജ തോന്നേണ്ട സംഭവം. 

പീഡനത്തിനും ക്രൂരതകള്‍ക്കുമൊടുവില്‍ കല്ലെടുത്ത് തലയില്‍ ഇടിച്ചു കൊലപ്പെടുത്തുമ്പോള്‍ അരുത് എന്ന് ഒരു ശബ്ദം ഉയര്‍ന്നില്ല. ഇണപ്പക്ഷികളിലൊന്നിനെ കാട്ടാളന്‍ അമ്പെയ്യുന്നത് കണ്ടപ്പോള്‍ ‘ അരുത് കാട്ടാളാ’  എന്നു വളിച്ചുകൂവിയ മഹാമുനികളുടെ നാടാണ് ഭാരതം. അമ്പേറ്റു വീണ പക്ഷിയുടെ ഇണ ചിറകടിച്ചു കരയുന്നതു കണ്ടപ്പോള്‍ മനമുരുകി കവിതയെഴുതിയ കവികളുടെ നാട്. അതേ നാട്ടില്‍തന്നെയാണ് കഠ്‍വ. ആ നാടിന്റെ തലസ്ഥാന നഗരത്തില്‍തന്നെയാണ് നിര്‍ഭയ....വീട്ടിലെത്താന്‍ ബസില്‍ കയറിയപ്പോള്‍ പീഡനവും പിന്നെ മരണവും സമ്മാനിച്ച ആണുങ്ങളുടെ സ്വന്തം നാട്. 

വിധികള്‍ വന്നുകൊണ്ടേയിരിക്കുന്നു. ജയിലറകള്‍ തുറക്കപ്പെടുന്നു. പ്രതികള്‍ക്ക് തടവറകള്‍. സംശയത്തിന്റെ ആനുകൂല്യത്തില്‍ ചിലര്‍ക്ക് മോചനം. അപ്പോഴും ആ നിലവിളി ഇല്ലാതാകുന്നില്ല. ദിഗന്തങ്ങള്‍ ഭേദിക്കുന്ന, നിലവിളി ശബ്ദങ്ങള്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തേടിവരുന്ന സഹായാഭ്യര്‍ഥനകള്‍. ആ വിളികള്‍ക്കു കാതോര്‍ക്കാനും യഥാര്‍ഥ മനുഷ്യരാകാനും എന്നാണു നമുക്ക് കഴിയുക. നമ്മുടെ നാടിനു കഴിയുക. ഒരു പക്ഷിക്കു പോലും ദുരന്തം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന പുണ്യമനസ്സ്. അതെന്നാണ് നാം വീണ്ടെടുക്കുക. ആണ് പെണ്ണിനു നരകമാകാത്ത ലോകം. ആ ലോകത്തിലേക്ക് എന്നാണ് നാം ഉണരുക... ഉയരുക..? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA