sections
MORE

ഫെയ്സ്ബുക് ബന്ധങ്ങളിൽ വീഴുമ്പോൾ സ്വന്തം കുഞ്ഞിനെ മറക്കാമോ?

Mom Eloped With Facebook Lover
പ്രതീകാത്മക ചിത്രം
SHARE

ഫെയ്സ്ബുക്കിന്റെ വിശാല ലോകം കൺമുന്നിൽ കൊണ്ടുവരുന്ന അപരിചിത സൗഹൃദത്തിലും പ്രണയത്തിലും മയങ്ങി ജീവിതം കൈവിട്ടു കളഞ്ഞവരുടെ പട്ടികയിലേക്കാണ് ആലപ്പുഴക്കാരിയായ യുവതിയുടെ പേരും എഴുതി ചേർക്കപ്പെട്ടത്. ഒരു കൗമാരക്കാരിയുടെ ചപലതയോടെയാണ് ഫെയ്സ്ബുക്ക് പ്രണയത്തിനു വേണ്ടി അവൾ വീടുവിട്ടിറങ്ങിയത്.

അമ്മയെ കാണാതെ വിശന്നു കരയുന്ന രണ്ടര വയസ്സുള്ള കുഞ്ഞിനെക്കുറിച്ചോ, കുടുംബത്തിനു വേണ്ടി വിദേശത്ത് ജോലിക്കായി പോയ പങ്കാളിയെക്കുറിച്ചോ ഒരു നിമിഷംപോലും ചിന്തിക്കാതെയാണ് ആ 24കാരി ഫെയ്സ്ബുക് കാമുകനൊപ്പം പോയത്. കുഞ്ഞിന്റെ കരച്ചിൽ കണ്ടും കേട്ടും സഹിക്കാനാവാതെയാണ് യുവതിയുടെ അച്ഛനമ്മമാർ പൊലീസിൽ പരാതി നൽകിയത്.  പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പ്രണയവല നെയ്ത് വെർച്വൽ ലോകം, ബന്ധങ്ങൾ മറക്കുന്ന അമ്മമാർ

ഇന്നലെ പരിചയപ്പെട്ട ഒരാൾക്കു വേണ്ടി സ്വന്തവും ബന്ധവും ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് എവിടെ നിന്നാണ് ധൈര്യം ലഭിക്കുന്നത്. എന്തുതരം മാജിക്കിലൂടെയാണ് ഫെയ്സ്ബുക് കാമുകന്മാർ ഇരകളെ ആകർഷിക്കുന്നത്?. അവരുടെ യഥാർഥ ലക്ഷ്യമെന്താണ്?. ചോദ്യങ്ങൾ നിരവധിയുയരുമ്പോഴും ഒരറ്റത്ത് വെർച്വൽ കാമുകന്മാർ വലവിരിക്കുകയും ആ പ്രണയവലകളിൽ ചെറിയ പെൺകുട്ടികൾ മുതൽ മധ്യവയസ്കകൾ വരെ കുരുങ്ങുകയും ചെയ്യുന്നു.

സ്വന്തം കുടുംബങ്ങളിൽ നിന്ന് ലഭിക്കാത്ത എന്തു സുരക്ഷിതത്വവും പ്രണയവും പ്രതീക്ഷിച്ചാണ് യാതൊരു മുൻപരിചയുമില്ലാത്ത ഒരാൾക്കൊപ്പം ഇറങ്ങിപ്പോകാൻ സ്ത്രീകൾ തയാറാകുന്നത്?. മധുരം പുരട്ടിയ പഞ്ചാര വാക്കുകൾക്കപ്പുറം അവരുടെ യഥാർഥ വ്യക്തിത്വത്തെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും യാതൊരു മുൻധാരണയുമില്ലാതെ അവർക്കൊപ്പം ഇറങ്ങിപ്പോകുമ്പോൾ സ്വന്തം ഭാവിയെക്കുറിച്ച് അവർ ആശങ്കപ്പെടാത്തതെന്താണ്.

530163737

വിവാഹത്തിന്റെ കെട്ടുപാടുകളെയും മാതൃത്വത്തിന്റെ ബന്ധനങ്ങളെയും മറന്ന് ഏതോ അപരിചിതന്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ കുടുംബത്തിനുണ്ടാകുന്ന അപമാനത്തെക്കുറിച്ചോ കുഞ്ഞുങ്ങളനുഭവിക്കേണ്ടി വരുന്ന അനാഥത്വത്തെക്കുറിച്ചോ അവർ ചിന്തിക്കാത്തതെന്തുകൊണ്ടാണ്. അമ്മയുടെ മടിയിൽ അഭയം പ്രാപിച്ച് അമ്മയെ ചേർത്തു പിടിച്ച് ആശ്വസിക്കുന്ന കുഞ്ഞുമനസ്സുകൾ അമ്മയുടെ അസാന്നിധ്യത്തെ എങ്ങനെ മറികടക്കുമെന്ന് എന്തുകൊണ്ടാണ് അവർ ഒരു നിമിഷം പോലും ചിന്തിക്കാത്തത്.

ഒരിക്കലും തലയ്ക്കു മുകളിൽ നിന്നും മായാത്ത അപമാനത്തിന്റെ ഭാണ്ഡവും പേറിവേണം അവർ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പിന്നിടാനെന്ന് എന്തുകൊണ്ടാണ് അവർ മനസ്സിലാക്കാത്തത്. പ്രായത്തിന്റെ പക്വതകൾ പോലും ഇത്തരം മോശം തീരുമാനമെടുക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. ഒടുവിൽ ഒരുപാടു വൈകിയെത്തുന്ന തിരിച്ചറിവുകളിൽ ഒന്നും നേടാനാവാത്തതിന്റെ നിരാശമാത്രം അവശേഷിക്കും.

സങ്കൽപ്പലോകത്ത് ഭ്രമിച്ച് സ്വയം നഷ്ടപ്പെടുന്നവർ

പങ്കാളികളെ മറന്ന് വെർച്വൽ ലോകത്ത് അഭയം കണ്ടെത്തുന്നത് സ്ത്രീകൾ മാത്രമല്ല. ആ പട്ടികയിൽ പുരുഷന്മാരുമുണ്ട്. വെറുമൊരു നേരമ്പോക്കിനു വേണ്ടി ഇത്തരം ബന്ധങ്ങളിൽ തലവച്ചു കൊടുക്കുന്നവരും കുറവല്ല. വെർച്വൽ ലോകത്ത് പ്രണയം തേടിപ്പോകുന്നവരിൽ പലരും പിൽക്കാലത്ത് സാമ്പത്തിക തട്ടിപ്പിന് ഇരകളാകാറുണ്ട്. ഈ ഇരയാക്കപ്പെടലിന് സ്ത്രീ–പുരുഷ ഭേദമില്ലെന്നു മാത്രം. താൽക്കാലിക സുഖത്തിനു വേണ്ടി, നേരമ്പോക്കുകൾക്കു വേണ്ടി ഇത്തരം കെണികളിലേക്ക് അറിഞ്ഞുകൊണ്ട് ഇറങ്ങിച്ചെല്ലുന്നവരെ കാത്തിരിക്കുന്നത് വൻ വിപത്തുകളാണെന്ന് എടുത്തുചാട്ടങ്ങൾക്ക് മുൻപ് പല ഇരകളും തിരിച്ചറിയാറില്ല എന്നു മാത്രം.

924676402

വൈകിയെത്തുന്ന തിരിച്ചറിവ്, കൈവിട്ടു പോകുന്ന ജീവിതം

‌വെർച്വൽ ലോകത്തെ മുഖമില്ലാത്ത ബന്ധങ്ങൾ പലപ്പോഴും ബാക്കിവയ്ക്കുന്നത് തകർന്ന മനസ്സും ചൂഷണം ചെയ്യപ്പെട്ട ശരീരവും വൻ സാമ്പത്തിക ബാധ്യതകളുമാകാം. പെട്ടുപോയത് വലിയൊരു ചതിക്കുഴിയിലേക്കാണെന്ന് പലരും തിരിച്ചറിയുമ്പോൾ ഒരുപാടു വൈകിപ്പോയെന്നും വരാം. എല്ലാം കൈവിട്ടു പോയി എന്നു തോന്നുന്ന ഒരു ഘട്ടത്തിൽ അവർ മരണത്തിന്റെ വഴിതന്നെ തിരഞ്ഞെടുത്തുവെന്നും വരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA