sections
MORE

19 വയസ്സിൽ ഇരട്ടക്കുട്ടികൾ, പക്ഷേ; അമ്മയും 7 മക്കളും കൂടി ഗർഭിണികൾക്കു വേണ്ടി ചെയ്യുന്നത്

Pregnant Woman
പ്രതീകാത്മക ചിത്രം
SHARE

അമേരിക്കയില്‍ മിസ്സിസ്സിപ്പിയിലെ ഒരു വീട്. രാവിലെ നാലു മണി. വീടിന്റെ ഒരു ഭാഗം ഉറക്കത്തിലാണ്. മറുഭാഗത്ത് ധൃതി പിടിച്ച ഒരുക്കങ്ങളും. ലോറി ബെര്‍ട്രാം റോബര്‍ട്സ് കിടക്കയിലാണ്. അവിടെ കിടന്നുകൊണ്ട് അവര്‍ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ നല്‍കുന്നു. അവര്‍ ഒരു യാത്രയ്ക്ക് തയാറാകുകയാണ്. മിസ്സിസ്സിപ്പിയില്‍നിന്ന് റോഡ് മാര്‍ഗം മെംഫിസ് വഴി അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്ക് എന്ന സ്ഥലത്തേക്ക്. 

യാത്രയ്ക്ക് ഒരുക്കങ്ങള്‍ നടക്കുകയാണെങ്കിലും ഒന്നും ഉദ്ദേശിച്ച വഴിക്കു നീങ്ങുന്നില്ല. യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച വാഹനം നല്ല അവസ്ഥയിലല്ല. ഡ്രൈവര്‍ കൃത്യസമയത്ത് ലൈസന്‍സ് പുതുക്കിയിട്ടില്ല. എല്ലാത്തിനും ഉപരി അര്‍ക്കന്‍സാസിലെ വെള്ളപ്പൊക്കവും. ഉദ്ദേശിച്ച സമയത്തൊന്നും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്താനാവുമെന്ന പ്രതീക്ഷയില്ല. ഇപ്പോള്‍ തന്നെ അവര്‍ വൈകിയിട്ടുമുണ്ട്. 

വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള ഫാമിലി ട്രിപ്പിനല്ല ലോറി ബെര്‍ട്രാം റോബര്‍ട്സ് ഒരുക്കങ്ങള്‍ നടത്തുന്നത്. 25 വയസ്സുകാരിയായ ഒരു യുവതിയെ കൂടെകൂട്ടാനാണ് അവരുടെ യാത്ര. ആ യുവതിയെ ഗര്‍ഭച്ഛിദ്രം നടത്തുന്ന ഒരു ക്ലിനിക്കില്‍ എത്തിക്കണം. സുരക്ഷിതയായി തിരിച്ചുകൊണ്ടാക്കുകയും വേണം. ഇതാദ്യമല്ല ആ കുടുംബം ഒരു യുവതിയെ ഗര്‍ഭച്ഛിദ്ര ക്ലിനിക്കില്‍ എത്തിക്കാന്‍ യാത്ര നടത്തുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഒട്ടേറെ യുവതികളെ അവര്‍ ഇങ്ങനെ അപകടങ്ങളില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. 

ശരിയായ ചികില്‍സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ സ്വന്തം വാഹനത്തില്‍. മറ്റു ചിലപ്പോള്‍ വാടകയ്ക്ക് എടുത്ത വണ്ടികളില്‍. എന്തായാലും സഹായം വേണ്ടയിടത്ത് അവര്‍ പാഞ്ഞെത്തും. അടുത്തിടെ 12 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഒരു വാഹനവും ആ കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. വേദനയില്‍ പുളയുന്ന സ്ത്രീകള്‍ക്ക് സുഖമായി കിടക്കാനും മാത്രം സ്ഥലമുള്ള വാഹനം. വലിയ വാഹനവുമായി ഈ കുടുംബം ഒരു സ്ഥാപനം നടത്തുകയാണ്- മിസ്സിസ്സിപ്പി റിപ്രൊഡക്റ്റീവ് ഫ്രീഡം ഫണ്ട്. ആസ്ഥാനം ജാക്സനില്‍. ഗര്‍ഭച്ഛിദ്രം ആവശ്യമുള്ള യുവതികള്‍ക്ക് എല്ലാ സഹായവും ചെയ്യുന്ന സന്നദ്ധ സ്ഥാപനം. ഗര്‍ഭച്ഛിദ്രത്തിനെതിരെ നിയമങ്ങള്‍ ഒന്നൊന്നായി പാസ്സാക്കിക്കൊണ്ടിരിക്കുന്ന, ഗര്‍ഭച്ഛിദ്രം ചെലവേറിയ ഏര്‍പ്പാടായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പണം, സുരക്ഷ, സൗകര്യം, പരിപാലനം, ഗതാഗത സൗകര്യം എന്നിവയെല്ലാം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന മാതൃകാ സ്ഥാപനം. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം ഒരു പേടിസ്വപ്നമാണ്. കറുത്തവര്‍ഗക്കാര്‍ക്കിടയിലും ഇതുതന്നെ സ്ഥിതി. അത്തരമൊരു സാഹചര്യത്തിലാണ് ഒരു കുടുംബം നടത്തുന്ന സന്നദ്ധ സ്ഥാപനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. 

അബോഷന്‍ ഫണ്ടുകള്‍ വേറെയും അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലര്‍ക്കും ആവശ്യത്തിനു പണവും മറ്റു സൗകര്യങ്ങളുമില്ല. ലോറി ബെര്‍ട്രാം റോബര്‍ട്സ് ആകട്ടെ കുറവുകള്‍ ഒന്നും ആരെയും അറിയിക്കാതെ അബോഷന്‍ ഫണ്ട് നടത്തുകയാണ്. ജനങ്ങള്‍ പരസ്പരം പറഞ്ഞാണ് പലരും ലോറിയുടെ സന്നദ്ധ സംഘത്തെക്കുറിച്ച് അറിയുന്നതും. ആവശ്യം വേണ്ടപ്പോള്‍ അവര്‍ ലോറിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവര്‍ സഹായം ആവശ്യമുള്ളവര്‍ക്കുവേണ്ടി ദീര്‍ഘദൂരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു. 

41 വയസ്സുകാരിയായ ലോറി 2013 ലാണ് കുടുംബം നടത്തുന്ന അബോഷന്‍ ഫണ്ട് തുടങ്ങുന്നത്. സുഹൃത്ത് യോലണ്ട വാക്കറുടെയും പെണ്‍മക്കള്‍ സാറയുടെയും കയ്‍ലയുടെയും സഹായത്തോടെ. കാലം കടന്നുപോകെ, കുടുംബം അനേകം പേര്‍ക്ക് ആശ്വാസം എത്തിച്ചതോടെ വീട്ടിലെ മറ്റ് അംഗങ്ങളുടെ അബോഷന്‍ ഫണ്ടിന്റെ കൂടെക്കൂടി. 

ലോറിക്ക് ഏഴു മക്കളാണ്. ആറു പെണ്‍മക്കളും ഒരു മകനും. 16 നും 24 നും ഇടയിലാണ് മക്കളുടെ പ്രായം. ലോറിയുടെ കൂടെ ദീര്‍ഘകാല പങ്കാളി ജിബസും ഉണ്ട്. ജിബസ് പങ്കാളിയുടെ യഥാര്‍ഥ പേരല്ല. ജീസസിന്റെയും ബുദ്ധന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് സ്നേഹപൂര്‍വം വിളിക്കുന്നതാണ്. 

വാഹനം ഓടിക്കുന്നത് പ്രധാനമായും ജിബസ് ആണ്. മൂന്നു പെണ്‍മക്കള്‍ സഹായം ആവശ്യമുള്ള യുവതികളുടെ നഴ്സുമായി പ്രവര്‍ത്തിക്കുന്നു. 

മകന്‍ 17 വയസ്സുകാരന്‍ അജാനി സംഭാവനകളും മറ്റും കൈകാര്യം ചെയ്യുന്നു. മറ്റു കുട്ടികള്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും മറ്റും ചെയ്ത് അബോഷന്‍ ഫണ്ടിന്റെ ഭാഗമാകുന്നു. ‍കുടുംബത്തിലെ അംഗങ്ങളല്ലാതെ കുറച്ചുപേരും മിസ്സിസ്സിപ്പി ഫണ്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും പ്രധാനപ്പെട്ട ജോലികളെല്ലാം നിര്‍വഹിക്കുന്നത് കുടുംബത്തിലെ അംഗങ്ങള്‍ തന്നെ. അടുത്തിടെ മിസ്സിസ്സിപ്പി അബോഷന്‍ ക്ലിനിക്കിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സഹായവും സംഭാവനകളും കൂടിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനു വിധേയരാകുന്നവര്‍ക്കും സഹായം ആവശ്യമുള്ള മറ്റു സ്ത്രീകള്‍ക്കും മിസ്സിസ്സിപ്പി അബോഷന്‍ ഫണ്ട് നല്ലൊരു തുക മാസം തോറും നല്‍കുന്നുമുണ്ട്. 

ലോറി കുടുംബമായിത്തന്നെ ഇങ്ങനെയൊരു ബിസിനസ് തുടങ്ങാന്‍ കാരണമുണ്ട്. ആരോഗ്യപ്രശ്നങ്ങ ള്‍ക്കുപുറമെ അവരും അമേരിക്കന്‍ സംസ്ഥാനങ്ങളിലെ കണ്ണില്ലാത്ത നിയമത്തിന്റെ ഇരയാണ്. 19-ാം വയസ്സിലാണ് അത് സംഭവിച്ചത്. ലോറി അന്ന് ഇന്ത്യാനയിലാണ്. അന്ന് അബോഷന്‍ വേണ്ടിവന്നെങ്കിലും പണത്തിന്റെ ഞെരുക്കം ഉണ്ടായിരുന്നതിനാല്‍ നടത്തില്ല. കര്‍ശന നിയമങ്ങളായിരുന്നു മറ്റൊരു തടസ്സം. അബോഷന്‍ നടത്താനാകാതെതന്നെ അവര്‍ക്ക് ജീവിതത്തിന്റെ വേദനകളും ദുരിതങ്ങളും സഹിക്കേണ്ടിവന്നു. 

19-ാം വയസ്സില്‍ അവര്‍ ഇരട്ടക്കുട്ടികളുടെ അമ്മയായിരുന്നു. പ്രസവം നടന്നത് 16-ാം വയസ്സില്‍. അടുത്ത പ്രസവം അവര്‍ക്ക് പല കാരണങ്ങളാല്‍ ഒഴിവാക്കേണ്ടിയിരുന്നു. കുട്ടിക്ക് ആരോഗ്യമില്ലെന്ന് ഉറപ്പായിരുന്നെങ്കിലും കുട്ടിയുടെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കുന്നുണ്ട് എന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ അന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിച്ചു. ഈ സംഭവത്തെക്കുറിച്ച് പിന്നീട് പലപ്പോഴും ലോറി സംസാരിച്ചിട്ടുണ്ട്. ദേഷ്യത്തോടെ. ധാര്‍മികരോഷത്തോടെ. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന ക്രൂരമായ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍. ലോറിയുടെ മകള്‍ കയ്‍ലയ്ക്കും 15-ാം വയസ്സില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നു. ഇങ്ങനെയുള്ള അനുഭവങ്ങളോരോന്നും കുടുംബം മുഴുവനായി അബോഷന്‍ ഫണ്ട് നടത്തിക്കൊണ്ടുപോകാനുള്ള തീരുമാനത്തിനു പിന്നിലുണ്ട്. 

ഗര്‍ഭഛിദ്രം അനുഭവിക്കേണ്ടിവന്നവര്‍ ആരാണ് എന്ന ചോദ്യത്തിന് സ്ത്രീകള്‍ എന്നല്ല അമ്മ, ഭാര്യ, സഹോദരി എന്നൊക്കെയാണ് ലോറി കുടുംബം ഉത്തരം പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA