sections
MORE

പച്ചയ്ക്കു കത്തിക്കും, മുഖത്ത് ആസിഡ് ഒഴിക്കും; ഇതിനും പേര് പ്രണയം

Woman cop Killed By Colleague
പ്രതീകാത്മക ചിത്രം
SHARE

താൽപര്യമില്ലെന്ന് പറഞ്ഞിട്ടും പ്രണയമില്ലെന്ന് മനസ്സിലാക്കി കൊടുത്തിട്ടും ഭീഷണിപ്പെടുത്തി പിന്നാലെ നടക്കുന്ന മനുഷ്യരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരുടെ ദുർവാശികൾ തകർക്കുന്നത് ഒരുപാട് ജീവിതങ്ങളാണ്. 

ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും അവളോടത് വെളിപ്പെടുത്തുന്നതും സ്വാഭാവികമായ ഒരു കാര്യമാണ്. പക്ഷേ പ്രണയ ബന്ധത്തിന് താൽപര്യമില്ലെന്നു പ്രതികരിച്ചാൽ വിടാതെ പിന്നാലെ നടന്ന് പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും, ആസിഡ് ഒഴിച്ച് അപകടപ്പെടുത്തുന്നതും പെട്രോളൊഴിച്ച് തീ കൊളുത്തുന്നതുമൊക്കെയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉയരെ സിനിമയിൽ നിന്നും നമ്മുടെയൊക്കെ ചുറ്റുപാട്കളിലേക്കിറങ്ങി വന്നാൽ  ഇത്തരം ഒരുപാട് ഗോവിന്ദുമാർ പെൺകുട്ടികളുടെ ചുറ്റിലുമുണ്ടാകും.

ഇപ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം രണ്ട് വാർത്തകളാണ്. ഒന്ന് കേരളത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ വാർത്തയും രണ്ട് ന്യൂ ഡൽഹിയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ഒഴിച്ച പെൺകുട്ടിയുടെ വാർത്തയും. രണ്ടു പേരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. തനിക്ക് കിട്ടാത്ത സ്നേഹം മറ്റാർക്കും കിട്ടരുതെന്ന ദുശ്ശാഠ്യവും അങ്ങനെയുള്ളയാൾ ഈ ഭൂമിയിലേ ജീവിക്കാൻ അർഹനല്ലെന്ന അപക്വമായ തീരുമാനവും അവരെ കൊണ്ടെത്തിക്കുന്നത് ഒരിക്കലും തിരുത്താനാവാത്ത വലിയ ചില തെറ്റുകളിലേക്കാണ്.

Ajas-Soumya-Murder
സൗമ്യ

ഒരാളിൽ തന്നെ മനസ്സുറച്ച് അയാളെ സ്വന്തമായി വേണമെന്ന് വാശി പിടിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതിൽ ആണും പെണ്ണുമുണ്ട്. പക്ഷേ മറുഭാഗത്ത് താൽപര്യമില്ലെന്ന അവസ്ഥയിൽ മാന്യമായി പിന്മാറുക എന്നത് തന്നെയാണ് സ്നേഹത്തിന്റെ സ്വാർഥമല്ലാത്ത ഇടപെടൽ. പ്രണയിക്കുന്ന ആളെ തിരഞ്ഞെടു ക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് മാത്രമുള്ളതല്ല. അത് രണ്ടു പേരിലും ഒരേ പോലെയുള്ള ഒന്നാണ്.ഒരാൾക്ക് മാത്രം പ്രണയം തോന്നുന്ന അവസ്ഥയിൽ നിശബ്ദമായിരിക്കുകയാണ് നല്ല വഴിയെന്ന് കാലങ്ങൾക്ക് മുൻപു തന്നെ കവികളും കാമുകന്മാരും ആവർത്തിച്ചിരുന്നു. പക്ഷേ അമിതമായ പൊസ്സസ്സീവ്നെസ്സ്,സംശയരോഗം എന്നിവ ബന്ധങ്ങൾക്കിടയിൽ രൂക്ഷമായ പൊരുത്തക്കേടുകളുണ്ടാക്കും. 

സൗമ്യ എന്ന പോലീസ് ഓഫിസർ ഒരു ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. പക്ഷേ അതുകൊണ്ട് ഒരു സ്ത്രീയ്ക്ക് പുരുഷന്മാരെ സുഹൃത്തുക്കളായി സ്വീകരിക്കാൻ പാടില്ല എന്നുണ്ടോ?. സൗമ്യയുടെ കൊലപാതകത്തിൽ അജാസ് എന്ന കൊലപാതകിയെ സംരക്ഷിക്കാൻ സൗമ്യയെ തേജോവധം ചെയ്യുന്ന മനുഷ്യരെയും കണ്ടു.. അജാസിന്റെ മാനസിക നിലയിൽ നിന്നും ഒട്ടും ഉയരത്തിലല്ല അവരുടെയും ചിന്തകളുടെ നിലവാരം. 

soumya-murder
അജാസ്

സുഹൃത്ത് എന്ന വാക്കിനു പല അർഥങ്ങളുണ്ട്, അത് എന്താണ് എന്നതിനെ ചികഞ്ഞെടുത്ത് ആരെയും പോസ്റ്റുമാർട്ടം ചെയ്യേണ്ടതില്ല. അജാസിനോട് തന്റെ താൽപര്യക്കുറവ് സൗമ്യ പലവട്ടം വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത അജാസിന്റേത് മാനസിക അവസ്ഥയിലുണ്ടാകുന്ന താളപ്പിഴകൾ തന്നെയാണ്. എന്നാൽ ആ ഒരു കാരണത്തിന്റെ ആനുകൂല്യത്തിൽ അയാൾ രക്ഷപ്പെടാനും പാടില്ല. 

എത്ര ആവർത്തിച്ച് ശക്തമായി "നോ" പറഞ്ഞിട്ടും പിന്നാലെ വരുന്നവർ അപകടകാരികളാണ്. ആ ബോധം സൗമ്യയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് സംഭവം വീട്ടിൽ അറിയിക്കുകയും തന്റെ മേലുദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തത്. പക്ഷേ സംഭവത്തിന്റെ ഗൗരവത്തെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതുകൊണ്ടോ മറ്റോ ആരും അതത്ര കാര്യമായെടുത്തില്ല. പൊതുവെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവഗണിക്കുക, അല്ലെങ്കിൽ അടുത്ത തവണ നോക്കാം എന്ന സാധാരണ പ്രയോഗങ്ങൾ കൊണ്ട് സൗമ്യ നിയമപരമായി നീങ്ങാൻ കാത്തിരുന്നതാവും. പക്ഷേ അജാസ് അയാളുടെ കാത്തിരിപ്പുകളുടെ നീളം കൂട്ടിയില്ല. 

Mumbai News

ന്യൂ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഒരുപരിധിവരെ ഒറ്റപ്പെട്ട അനുഭവം തന്നെയാണ്. ഇന്ത്യയിൽ തന്നെ ആസിഡ് ആക്രമണത്തിന് ഇരയായ മനുഷ്യരുടെ കണക്കെടുത്താൽ അതിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം തന്നെയാണ് അധികം. പ്രണയ പരാജയത്തിന്റെ ഉത്തരമെന്നോണമാണ് മിക്ക പുരുഷന്മാരും പെൺകുട്ടികളുടെ നേർക്ക് ഇത്തരം ക്രൂരത പ്രയോഗിച്ചിട്ടുള്ളതും. അതിന്റെ നേർക്കാഴ്ച തന്നെയായിരുന്നു ഉയരെ എന്ന പാർവതിയുടെ ചിത്രം. അതിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടി അവളുടെ കാമുകന് നേരെ ആസിഡ് ആക്രമണം നടത്തുമ്പോൾ അത് ഇനിയുള്ള കാലത്ത് ചർച്ച ചെയ്യപ്പെടേണ്ട ഒന്നായും മാറുന്നുണ്ട്. 

ചന്ദ്രിക പോയ ദുഃഖത്തിൽ ആത്മഹത്യ ചെയ്ത രമണനെ മലയാളി വായിച്ചിട്ടും രമണനെ ഓർത്ത് കരഞ്ഞിട്ടുമുണ്ട്. പക്ഷേ ഇന്നത്തെ കാമുകന്മാർ പ്രണയനൈരാശ്യത്തിൽ ആത്മഹത്യ ചെയ്യാറില്ല, മറിച്ച് കൊലപാതകം ചെയ്യാനാണ് തയാറാവുക.

പക്ഷേ ഇഷ്ടം എന്നത് അവനവന്റെ ചോയ്‌സ് ആണ് എന്നത് പലരും മറന്നു പോകുന്നു. എന്റെ ഇഷ്ടത്തിന് നീ നിൽക്കണം, ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം, എന്നെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ പാടില്ല, എന്തൊക്കെ തരം നിർദ്ദേശങ്ങളാണ് ഒരാൾ മറ്റൊരാൾക്ക് നൽകുന്നത്. ഓരോ വ്യക്തിയും ഓരോ മനുഷ്യനായി നിൽക്കുമ്പോൾ അവർക്കൊക്കെയും വേറെ വേറെ വ്യക്തിത്വവും ഇഷ്ടങ്ങളുമുണ്ട്. അതിനെ ബഹുമാനിച്ച് അവരോടൊപ്പം നിൽക്കുക എന്നത് തന്നെയാണ് സ്നേഹത്തിന്റെ അർഥം. പ്രിയപ്പെട്ടവർക്ക് നൽകുന്ന സ്വാതന്ത്ര്യമാണ് സ്നേഹത്തിന്റെ വ്യാഖ്യാനം. 

acid-attack

താൽപര്യമില്ല എന്നൊരാൾ പറഞ്ഞാൽ അതിന്റെ അർഥം ഇനിയും ഒപ്പം നടക്കുന്നതിനോട് താൽപര്യമില്ല എന്നുതന്നെയാണ്. പക്ഷേ ആ പറച്ചിലിൽ ധാർഷ്ട്യം തോന്നുകയും പകരം വീട്ടുകയും ചെയ്യുന്നത് നിലവാരത്തകർച്ച തന്നെയാണ്. അതും കടന്നു അവരോടു പ്രതികാരം ചെയ്യുന്ന മനോഭാവം ശിക്ഷ ലഭിക്കേണ്ട തെറ്റും. അജാസ് നിയമത്തിനു മുന്നിലും മാനുഷികതയ്ക്ക് മുന്നിലും തെറ്റുകാരൻ തന്നെ. 'അമ്മ നഷ്ടപ്പെട്ട മൂന്ന് കുഞ്ഞുങ്ങളോട് അയാൾ എന്ത് മറുപടിയാണ് നൽകാൻ പോകുന്നത്? ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിനോട് അയാൾക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? സിവിൽ സർവന്റ് എന്നു സ്വയം ഏറ്റെടുത്ത ജോലിയോട് എന്ത് മാന്യതയാണ്‌ അയാൾ കാണിച്ചത്? എല്ലാത്തിനും ഉപരി മനുഷ്യത്വം എന്നു അവസ്ഥയോട് അയാളെന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. ഇതൊന്നും കാണാതെ സ്ത്രീകളുടെ ബന്ധത്തിലെ അപാകതയും പറഞ്ഞു നടക്കുന്ന സദാചാര മലയാളികൾക്ക് മറുപടികൾ നൽകാതെയിരിക്കു ന്നതാണ് നല്ലത്. ചിലർ മറുപടികൾ അർഹിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA