ADVERTISEMENT

വിദ്യാഭ്യാസ മേഖലയില്‍ വന്‍ വിപ്ലവത്തിനു തുടക്കം കുറിക്കുകയാണ് നെതര്‍ലന്‍ഡ്സിലെ ഒരു സര്‍വകലാശാല. ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുകയും ഫലപ്രദമായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന പതിവിന് അവസാനം കുറിക്കുന്നതുകൂടിയാണ് പുതിയ നീക്കം. മറ്റു സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവര്‍ത്തിക്കൂക കൂടി ചെയ്താല്‍ സമൂഹത്തെ മാറ്റിമറിക്കുന്ന ചുവടുവയ്പ്. കഴിഞ്ഞ ദിവസമാണ് പുതിയ നയത്തെക്കുറിച്ച് സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്. 

 

നെതര്‍ലന്‍ഡ്സിലെ പ്രശസ്തമായ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനമായ എയ്ൻധോവെൻ (Eindhoven) യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ജൂലൈ 1 മുതല്‍ ഈ യൂണിവേഴ്സിറ്റിയിലെ ചില അധ്യാപക പോസ്റ്റുകളിലേക്ക് സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ആദ്യത്തെ ആറു മാസത്തേക്കായിരിക്കും സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന വ്യവസ്ഥ ബാധകമാകുക. ആ കാലയളവില്‍ അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കിട്ടിയില്ലെങ്കില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കും. അപ്പോഴും സ്ത്രീ-പുരുഷന്‍മാരില്‍ നിന്ന് ഓരോരുത്തരെ വീതമായിരിക്കും സെലക്‌ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക. 

 

നിലവില്‍ എയ്ന്‍ധോവന്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍മാരില്‍ 29 ശതമാനം പേര്‍ വനിതകളാണ്. അസോസിയേറ്റ് പ്രഫസര്‍മാരില്‍ 15 ശതമാനവും വനിതകള്‍ തന്നെ. സ്ത്രീകള്‍ക്കു മാത്രമായി അധ്യാപക പോസ്റ്റുകള്‍ സംവരണം ചെയ്യുന്നതിലൂടെ അവരുടെ ശതമാനം 50 ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് റോബര്‍ട്ട് ജാന്‍ സ്മിത്ത് അറിയിച്ചു. 

 

വിപ്ലവകരമായ നീക്കം പ്രഖ്യാപിച്ചയുടന്‍ വിവാദവും തുടങ്ങി. പുതിയ നയം പുരുഷന്‍മാരോടുള്ള വിവേചനമാണെന്നാണ് പ്രധാന പരാതി. ഇതിന് സ്മിത്തിന് ഉഗ്രന്‍ മറുപടിയുണ്ട്. ‘ ഇത് വിവേചനം തന്നെയാണ്. നൂറ്റാണ്ടുകളായി സ്ത്രീകളെ വിവേചനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയതിന് മറ്റൊരു വിവേചനം മാത്രമാണ് പരിഹാരം. വിവേചനത്തിലൂടെ വിവേചനത്തിന് അന്ത്യം കുറിയ്ക്കുകയാണ് ഞങ്ങള്‍. വര്‍ഷങ്ങളായി പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം സ്ത്രീകള്‍ക്ക് കൊടുക്കുന്നില്ല എന്നുമോര്‍ക്കണം. വിദ്യാഭ്യാസ നിലവാരം താഴേക്കു പോകുമെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അവര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല- സ്മിത്ത് ആത്മവിശ്വാസത്തോടെ പറയുന്നു. 

 

2011-ല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരില്‍ മൂന്നിലൊന്നുപേര്‍ മാത്രമായിരുന്നു വനിതകള്‍. 2013 ആയപ്പോഴേക്കും ഇത് 21  ശതമാനമായി ഉയര്‍ന്നു. യൂണിവേഴ്സിറ്റിയില്‍ ഇപ്പോള്‍ മൊത്തം സ്റ്റാഫിന്റെ എണ്ണം 500. അടുത്ത അഞ്ചു വര്‍ഷത്തിനകം 150  പെര്‍മനന്റ് പോസ്റ്റുകളില്‍ ഒഴിവു വരും. ഒന്നര വര്‍ഷത്തിനു ശേഷം പുതിയ നീക്കം വിലയിരുത്താനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com