ADVERTISEMENT

നാലു വര്‍ഷമായി ജീവ എന്ന യുവതി സന്ദര്‍ശിക്കാത്ത ഗൈനക്കോളജി ഡോക്ടര്‍മാര്‍ ദിന്‍ഡിഗല്‍ ജില്ലയിലില്ല. ഓരോ ഡോക്ടറിനെ കണ്ട് മരുന്ന് കഴിക്കുമ്പോഴും  28 വയസ്സുകാരിയായ ജീവ പ്രതീക്ഷിക്കും ഇത്തവണയെങ്കിലും ഗര്‍ഭിണിയാകുമെന്ന്. പക്ഷേ, ഒരു ഫലവുമില്ല. സമയവും പണവും നഷ്ടപ്പെടുന്നതു മാത്രം മിച്ചം. ഇപ്പോള്‍ അവര്‍ പഴിക്കുന്നത് ജോലി ചെയ്ത വര്‍ഷങ്ങളില്‍ കഴിച്ച വേദനാ സംഹാരി ഗുളികകളെ. 

തമിഴ്നാട്ടിലെ തിരുപ്പൂര്‍, ദിന്‍ഡിഗല്‍ ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ ഒന്നിലാണ് ജീവ ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് മറ്റു യുവതികള്‍ക്കൊപ്പം. എല്ലാ ദിവസവും ജോലിയാണ്. മതിയായ വിശ്രമമില്ല. ആര്‍ത്തവ ദിവസങ്ങളില്‍ കടുത്ത വേദനകൊണ്ട് പുളഞ്ഞ് അവധി ചോദിക്കുമ്പോള്‍ സുപ്പര്‍വൈസര്‍മാര്‍ ഗുളിക നല്‍കും. വേദനാ സംഹാരികളാണ്. സൈഡ് ഇഫക്ടിനെക്കുറിച്ചൊന്നും ചിന്തിക്കാതെ വേഗം അതു വാങ്ങിച്ചു കഴിക്കും. വര്‍ഷങ്ങളായി ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഗര്‍ഭിണികളാകുന്നില്ല. ഇപ്പോള്‍ ജീവ അനുഭവിക്കുന്ന പ്രശ്നവും അതുതന്നെ. ജീവയെപ്പോലെ നൂറുകണക്കിനു യുവതികളും. പ്രായം കടന്നുപോകുകയും ഒരു കുഞ്ഞിക്കാലു കാണാനുള്ള അവരുടെ മോഹം സഫലമാകാതെ വരുകയും ചെയ്യുമ്പോള്‍ ആരെ കുറ്റപ്പെടുത്തണം എന്നറിയാതെ വിഷമിക്കുകയാണവര്‍. അരോടു പരാതി പറയണമെന്നും.

ലക്ഷണക്കനു സ്ത്രീകളാണ് തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നത്. പക്ഷേ അശാസ്ത്രീയമായ ജോലി നിയമങ്ങള്‍ ഇവരുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തെപ്പോലും ഇല്ലാതാക്കുന്നു. ടൈം കീപ്പര്‍മാര്‍ എന്നറിയപ്പെടുന്ന സൂപ്പര്‍വൈസര്‍മാരാണ് എല്ലായിടത്തും ജോലി നിയന്ത്രിക്കുന്നത്. ഓരോ തൊഴിലാളിയും എന്താണു ചെയ്യുന്നതെന്ന് ഇവര്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും. ശുചിമുറിയില്‍ പോകുന്ന സമയം പോലും ഇവര്‍ കണക്കൂകൂട്ടുന്നുണ്ട്. എന്തു കാരണം പറഞ്ഞാലും ഇവര്‍ തൊഴിലാളികള്‍ക്ക് ലീവ് അനുവദിക്കാറില്ല. എല്ലാ അസുഖത്തിനും ഇവരുടെ കയ്യില്‍ മരുന്നുമുണ്ട്. അത് വേദനാ സംഹാരിയാണ്. അതു കഴിച്ച് വീണ്ടും ജോലി ചെയ്യാനാകും നിര്‍ദേശം.

1948 ലെ ഫാക്ടറീസ് ആക്ട് അനുസരിച്ച് ഇത്തരം വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ മെഡിക്കല്‍ ഡിസ്പെന്‍സറികള്‍ വേണം. ക്വളിഫൈഡ് നഴ്സിന്റെ സേവനവും ലഭ്യമാക്കണം. പക്ഷേ, തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നു.23 വയസ്സുകാരി സുമതി പറയുന്നത് ചിലപ്പോള്‍ ഡബിള്‍ ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവരാറുണ്ടെന്നാണ്. അതായത് തുടര്‍ച്ചയായി 16 മണിക്കൂര്‍.

ദിന്‍ഡിഗലില്‍ മാത്രം 130 യൂണിറ്റുകളിലായി 90,000 ജീവനക്കാരാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീത്തൊഴിലാളികള്‍. കൂടുതല്‍ ഉല്‍പാദനം എന്ന മന്ത്രം മാത്രം ആധാരമാക്കി ഇവര്‍ ജോലിചെയ്യുമ്പോള്‍ തൊഴില്‍നിയമങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയും ഇല്ലാതെവരുന്നു. പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള തൊഴിലാളികളാണിവര്‍. ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുന്നത് 250 രൂപ. മാസം തോറും കിട്ടുന്ന 750 രൂപയുടെ ബോണസും. അതുകൊണ്ട് വേദന കടിച്ചമര്‍ത്തിയും ടൈം കീപ്പര്‍മാര്‍ കൊടുക്കുന്ന മരുന്നു കഴിച്ചും ഇവര്‍ ജോലി തുടരുന്നു. കുറച്ചു വര്‍ഷങ്ങളാകുമ്പോള്‍ നിത്യരോഗികളായി ആര്‍ക്കും വേണ്ടാത്തവരുമാകുന്നു. തിരുപ്പൂരില്‍ മാത്രം ലക്ഷക്കണക്കിനുപേര്‍ ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. 55 ശതമാനവും സ്ത്രീകള്‍ തന്നെ.

വേദനാസംഹാരികളുടെ നിരന്തര ഉപയോഗത്തെത്തുടര്‍ന്ന് സ്ത്രീകള്‍ക്ക് ആര്‍ത്തവചക്രത്തിന്റെ ക്രമം തെറ്റുന്നു. ക്രമേണ ഗര്‍ഭിണികളാകാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. സംഭവത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ ഇത്തരം അശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മില്‍ ഉടമകള്‍ പ്രതികരിക്കുന്നത്. പക്ഷേ, മനുഷ്യാവകാശ പ്രവര്‍ത്തകരും തൊഴിലാളി യൂണിയനുകളും ഇരകളായ സ്ത്രീകളുടെ അനുഭവം പറഞ്ഞ് സംഭവം സത്യമാണെന്ന് അടിവരയിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com