sections
MORE

സൈന്യത്തിൽ ചേരാനൊരുങ്ങി രണ്ടു ലക്ഷത്തിലധികം വനിതകൾ; അമ്പരപ്പ് മാറാതെ അധികൃതർ

Over 2 Lakh Women Apply For 100 Posts In Military Police
SHARE

സൈന്യത്തില്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള ക്ലറിക്കല്‍ തസ്തികകളിലേക്കു മാത്രമല്ല, ജവാന്‍മാരായി പോരാടാനും സ്ത്രീകള്‍ തയാര്‍. യുദ്ധവിമാന വൈമാനികരാകാന്‍ യോഗ്യത നേടിയ ആറു യുവതികളുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ സ്ത്രീകൾ സൈന്യത്തിലേക്ക് തുറന്ന മനസ്സോടെ കടന്നുവരാന്‍ ആഗ്രഹിക്കുന്നു. 15 ലക്ഷം പുരുഷന്‍മാരുടെ കരുത്തിലും ശക്തിയിലും അഭിമാനിക്കുന്ന ഇന്ത്യന്‍ സൈന്യത്തില്‍ ഇനി സ്ത്രീകളും ഉണ്ടായിരിക്കും. അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് രണ്ടു ലക്ഷം വനിതകള്‍. കോപ്സ് ഓഫ് മിലിറ്ററി പൊലീസ്(സിഎംപി) വിഭാഗത്തില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കാണ് അധികൃതരെ ഞെട്ടിച്ചുകൊണ്ട് രണ്ടുലക്ഷത്തിലധികം പേര്‍ അപേക്ഷ സമര്‍പ്പിച്ച് സൈനികരാകുന്ന നിമിഷത്തിനുവേണ്ടി കാത്തിരിക്കുന്നത്. 

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ‘മഹിള പ്രൊവോസ്റ്റ് യൂണിറ്റ്’ എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൈന്യം. രണ്ട് ഓഫിസര്‍മാരും മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 40 സൈനികരും അടങ്ങിയതായിരിക്കും പുതിയ യൂണിറ്റ്. ഈ യൂണിറ്റിനുള്ള അന്തിമ തീരുമാനം ഉടന്‍തന്നെ ഉന്നതങ്ങളില്‍നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചുകൊണ്ടിരുന്നത്. യുദ്ധവിമാനങ്ങളില്‍നിന്നും യുദ്ധക്കപ്പലുകളില്‍നിന്നും യുദ്ധമുഖത്തുനിന്നുമെല്ലാം അവരെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിനു മാറ്റം വരും. പുരുഷ മേധാവിത്വത്തിന് തിരശ്ശീലയിട്ട് സ്ത്രീ പ്രവേശത്തിന്റെ പുത്തന്‍ പ്രഭാതം ഉദിക്കും. അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കുവേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമിലാണ് റിക്രൂട്ട്മെന്റ് റാലി നടത്താന്‍പോകുന്നത്. 

ഓഫിസര്‍ റാങ്കിനു താഴെയുള്ള തസ്തികകളിലേക്ക് അടുത്ത 15 വര്‍ഷത്തിനകം 1700 സ്ത്രീകളെ നിയമിക്കാനും സൈന്യത്തിനു പദ്ധതിയുണ്ട്. ഓരോ വര്‍ഷവും 100 പേരെ വച്ച് നിയമിക്കുന്നതിലൂടെ സിഎംപിയുടെ 20 ശതമാനം സ്ത്രീശക്തിയാകും. പക്ഷേ, ഇത് ടെറിട്ടോറിയല്‍ ആര്‍മിയില്‍ രൂപീകരിക്കാന്‍ പോകുന്ന ആദ്യത്തെ മഹിള പ്രൊവോസ്റ്റ് യൂണിറ്റിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. 

സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് എന്നും സൈന്യത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്നത്തിനും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ, ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും. 

മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ സ്ത്രീകളെ ജവാന്‍മാരായി സൈന്യത്തില്‍ എടുക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 100 വനിതകളെ തിരഞ്ഞെടുക്കുന്നതിലൂടെ സൈന്യത്തിലെ വിവേചനത്തിന് അവസാനം കുറിക്കാനും പുതിയ തുടക്കമിടാനും ഇന്ത്യന്‍ സൈന്യത്തിനും കഴിയുമെന്നാണ് പ്രതീക്ഷ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA