sections
MORE

പൊറുക്കില്ല, കൊലയ്ക്ക് ന്യായീകരണം പ്രണയമെന്നു പറഞ്ഞാൽ

murder-01
SHARE

യാദൃച്ഛികമായാണ് ആ വിഡിയോ കണ്ടത്. റോഡിൽ വീണു കിടക്കുന്ന ഒരു പെൺകുട്ടിയോട് ഒരു ആൺകുട്ടി ദേഷ്യപ്പെടുകയും അവൾക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്നു. അതിനുശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അവളെ ആഞ്ഞു കുത്തുന്നു. ഈ സംഭവത്തിന് ദൃക്സാക്ഷികളായി നിരവധി ആളുകൾ അവിടെയുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആൾക്കൂട്ടത്തിൽ ആരൊക്കെയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ട്.

പെൺകുട്ടിയെ രക്ഷിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അയാൾ കത്തിവീശി അവരെ ഭയപ്പെടുത്തി അകറ്റുന്നുമുണ്ട്. പിന്നെ അയാൾ ആ കത്തികൊണ്ടു തന്നെ സ്വയം മുറിവേൽപ്പിക്കുന്നുമുണ്ട്. ആ ദൃശ്യങ്ങൾ കണ്ണിൽ നിന്നും മായുന്നതിനു മുൻപേയാണ് കാമുകനുമായി ചേർന്ന് അമ്മ സ്വന്തം മകളെ കൊലപ്പെടുത്തിയ വാർത്ത കേട്ടത്. കാമുകനുമൊത്തുള്ള സ്വൈര്യ ജീവിതത്തിന് മകൾ തടസ്സമാകുമെന്നുറപ്പായപ്പോൾ അവളെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി.

ഇത്തരം വാർത്തകൾ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്താണ് ജീവിക്കുന്നതെന്ന ഉറച്ച ബോധ്യമാണ് ഇനിയുള്ള മനുഷ്യർക്ക് ഉണ്ടാകേണ്ടതെന്ന് ഈ വാർത്തകൾ കാണിച്ചു തരുന്നത്. എങ്ങനെയാണ് മനുഷ്യർ പ്രണയിക്കേണ്ടത്? പ്രണയിക്കുമ്പോഴുള്ള അടിസ്ഥാന വികാരങ്ങളെ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്? അല്ലെങ്കിൽ എന്താണ് പ്രണയം? ഏതു കാലത്തും ഒളിഞ്ഞും തെളിഞ്ഞും അവനവനിലേക്ക് ചുരുണ്ടു കൂടിയ പ്രണയങ്ങളും തന്റേതു മാത്രം എന്ന നിലയ്ക്കുള്ള അക്രമണങ്ങളുമൊക്കെയുണ്ടായിരുന്നു, പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്നു, എന്നാൽ ഇന്നത്തെ അനുഭവങ്ങൾ, നമ്മുടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളൊക്കെ എങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറയും?

ലോകത്തെ ഏറ്റവും മനോഹരമായ വൈകാരിക അനുഭവങ്ങളിൽ ഒന്നാണ് പ്രണയമെങ്കിലും അതിനെ ഏറ്റവും ക്രൂരമായും അസഭ്യമായും അശ്ലീലമായും ഉപയോഗിക്കാൻ അറിയുന്നവർ മനുഷ്യരായിരിക്കണം. അമ്മയും-കുഞ്ഞും തമ്മിലുള്ള മാനസിക ബന്ധത്തിന് മതത്തിന്റെ ഉദാത്തതയുടെ ഭാവമൊന്നും കൊടുക്കേണ്ടതില്ലെങ്കിലും മനുഷ്യത്വത്തിന്റെ പരിഗണന അത്യാവശ്യമാണ്. ഒരു കാലം മുൻപ് വരെ മക്കൾ എന്നാൽ മാതാപിതാക്കളെ-പ്രത്യേകിച്ച് അമ്മമാരെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവരായിരുന്നു. പത്തുമാസം ചുമന്നു പ്രസവിച്ചതിന്റെ കണക്കെു നിരത്തി മകന്റെ ഭാര്യയായി വീട്ടിൽ വന്നു കയറുന്ന പെണ്ണിനെപ്പോലും പടിക്ക് പുറത്താക്കിയിരുന്ന അമ്മായിയമ്മമാർ അരങ്ങു വാണിരുന്ന കാലം.

പക്ഷേ എന്തിനും കാലം കണക്കു ചോദിക്കുമല്ലോ, അതേ അമ്മമാർ തന്നെയാണ് ഇതുവരെ അവർ മാതൃത്വത്തിനു നൽകിയിരുന്ന ഉദാത്തമായ ആ താര പരിവേഷം ഉടച്ചെറിഞ്ഞു കളഞ്ഞു ഇങ്ങേയറ്റത്തെ ക്രൂരതയ്ക്ക് കാരണക്കാരാകുന്നത്. വിവാഹം കഴിഞ്ഞ ആദ്യത്തെ അഞ്ചോ-ആറോ-പത്തോ വർഷങ്ങൾ വലിയ കുഴപ്പമില്ലാതെ പോകുന്ന ദാമ്പത്യങ്ങൾ(പലതും തങ്ങൾ അഡ്ജസ്റ്റ് ചെയ്യുകായിരുന്നെന്നാണ് ഭാര്യമാരുടെ ഭാഷ്യം) പെട്ടെന്നൊരു ദിവസം മുതൽ അതിന്റെ മാറ്റം വെളിപ്പെടുത്തി തുടങ്ങും. അതുവരെ ഭർത്താവിന്റെ തിരക്കുകളെയും അവഗണനയെയും ജോലി തിരക്കുകളെയും അഡ്ജസ്റ്റ് ചെയ്തിരുന്ന ഭാര്യ പെട്ടെന്നൊരു ദിവസം മുതൽ പഴയ കാലത്ത് അടക്കി വച്ചിരുന്ന സ്വപ്നങ്ങളെ പൊടി തട്ടിയെടുക്കാനും സ്വന്തമായി വരുമാനം വേണമെന്നും സൗഹൃദങ്ങൾ വേണമെന്നും ആഗ്രഹിച്ചു തുടങ്ങും.

പക്ഷേ ഇത്രയും നാൾ "അടങ്ങിയൊതുങ്ങി" ജീവിച്ച ഭാര്യ തങ്ങളുടെ ചരട് പൊട്ടിച്ച് പറന്നു പോവുകയാണോ എന്ന ഭീതിയിൽ ഭർത്താക്കന്മാർ അവരെ നിയന്ത്രിക്കാനും സംശയത്തിന്റെ കണ്ണോടെ നോക്കാൻ ശ്രമിക്കുകയും ചെയ്തു തുടങ്ങുമ്പോൾ ദാമ്പത്യം ഉലഞ്ഞു തുടങ്ങുന്നു. പിന്നെ അതിന്റെ ബാക്കി ദുരന്തങ്ങളും കൊലപാതകങ്ങളും ഒക്കെ തന്നെയാണ്. 

കൊലപാതകം എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മഹത്വവത്കരിക്കപ്പെടുന്ന ഒരു അവനവൻ രക്ഷപെടൽ ആയിക്കഴിഞ്ഞിട്ടുണ്ട് ഇന്ന്. നമുക്ക് വേണ്ടി ചെയ്യുമ്പോൾ അത് വിശുദ്ധീകരിക്കപ്പെടുന്നതു പോലെ തോന്നിയേ ക്കാവുന്ന സൈക്കോകളാണ് ഇത്തരത്തിൽ ന്യായീകരണം കണ്ടെത്തുന്ന പല മനുഷ്യരും. മാനസികമായ ഈ അസ്ഥിരതയും തോന്നലുകളും സത്യമാണോ എന്ന് പോലും ഇവർക്ക് മനസ്സിലായെന്ന് വരില്ല. തങ്ങളുടെ തീരുമാനങ്ങളെ എതിർത്തു സംസാരിക്കുന്നവർ ജീവിച്ചിരിക്കാൻ പോലും അർഹരല്ല എന്ന തോന്നൽ എങ്ങനെയാവും ഉണ്ടാവുക? 

നമ്മുടെ മാത്രം ചിന്താധാരകൾ മാത്രമാണ് ശരി, മറ്റുള്ളവരുടേതെല്ലാം തെറ്റാണ് എന്ന തോന്നൽ സമൂഹമാധ്യമ ങ്ങളിൽ  ചിലർ പ്രകടിപ്പിച്ചു തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നുമായില്ല. എന്നാൽ ആ ഒരു ചിന്തയിലുള്ള കുഴപ്പം വിരുദ്ധമായ ചിന്തകളെ ജനാധിപത്യ മര്യാദയോടെ കാണാനുള്ള മനസാക്ഷി ഇല്ലായെന്നുള്ളതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന ക്രൂരമായ കൊലപാതകങ്ങൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. അതിൽ കൂടുതലും കാമുകിമാരെ പെട്രോളൊഴിച്ചും കുത്തിയും ആസിഡ് ഒഴിച്ചും കൊലപ്പെടുത്തുന്ന കാമുകന്മാരും. അതുപോലെ കാമുകന്മാർക്ക് വേണ്ടി സ്വന്തം മക്കളെ ഏതു വിധേനയും കൊല്ലാൻ മടിയില്ലാത്ത അമ്മമാരും. 

എന്താണ് പ്രണയം എന്നത് ഈ രണ്ടു സംഭവങ്ങളെ ആധാരമാക്കി ചർച്ച ചെയ്യുകയാണെങ്കിൽ. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പെരുമാറുമ്പോൾ കൊല്ലാൻ തക്കവണ്ണമുള്ള അടുപ്പം മാത്രമേ പ്രിയപ്പെട്ട ആ ഒരാളുമായി അവർ സൂക്ഷിച്ചിരുന്നുള്ളൂ?. കാമുകിമാർ നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്തിരുന്ന കാമുകന്മാർ പഴങ്കഥയായി. ഇപ്പോൾ എന്നെ വേണ്ടാത്തവൾക്ക് ജീവിക്കാൻ പോലും അർഹതയില്ലെന്ന് സ്വയം തീരുമാനിച്ച് സ്വാർഥ ചിന്താഗതികൊണ്ട് അവളെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള വഴികൾ നോക്കുന്നു. അല്ലെങ്കിൽ കാമുകിയുടെ കുഞ്ഞുങ്ങൾ തങ്ങളുടെ സ്വൈര്യമായി പ്രണയത്തിനു തടസ്സമാണെന്ന് തോന്നുമ്പോൾ അവരെ ഇല്ലാതാക്കാനുള്ള പദ്ധതികൾ തേടുന്നു. പ്രണയം എന്ന വാക്കിന് പോലും പ്രസക്തി നഷ്ടപ്പെട്ടു അതിനു സ്വാർഥതയുടെ ഇരുട്ട് കൂടുന്നു. 

സ്ത്രീകൾ തന്നെയാണ് ഇവിടെയും സൂക്ഷിക്കേണ്ടതെന്ന് തോന്നുന്നു. പ്രണയിക്കാൻ ഒരു വ്യക്തിയെ കണ്ടെത്തുമ്പോൾ അയാളുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. സ്നേഹം എന്നാൽ സ്വാതന്ത്ര്യവും ഊർജ്ജവുമാണ്. വികലമായ ചിന്തകൾക്ക് പിറകേ പായുമ്പോൾ ജയിൽ മാത്രമല്ല മുന്നിലുള്ളത് അതിനു ശേഷമുള്ള മാനസികസംഘർഷങ്ങളുടെ കാലവും കൂടിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA