sections
MORE

ബ്രിട്ടനിൽ ഏകാന്തതയ്ക്ക് കാരണം ചായക്കടകൾ പോലുള്ള സംവിധാനങ്ങളില്ലാത്തത്;വനിതാ മന്ത്രി

Minister of Loneliness Mims Davies
മിമ്സ് ഡേവീസ്, പ്രതീകാത്മക ചിത്രം
SHARE

വര്‍ഷം തോറും വര്‍ധിച്ചുവരുന്ന ജനങ്ങളുടെ അസഹനീയമായ ഏകാന്തതയെത്തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ഒരു വകുപ്പ് തന്നെ രൂപീകരിക്കുകയും മന്ത്രിയെ നിയോഗിക്കുകയും ചെയ്തിട്ടും ഒറ്റപ്പെടുന്നവരുടെ, ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ് ബ്രിട്ടനില്‍. ഏതാണ്ട് ഒമ്പത് ദശലക്ഷത്തോളം പേര്‍ നിലവില്‍ ബ്രിട്ടനില്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ത്തന്നെ നാലു ദശലക്ഷം പേര്‍ വയോധികരും. ഇതിനെത്തുടര്‍ന്നാണ് പുതിയൊരു വകുപ്പ് രൂപീകരിച്ച് മന്ത്രിയെ നിയോഗിച്ചത്. മിമ്സ് ഡേവീസ് ആണു വകുപ്പു മന്ത്രി. 

ബ്രിട്ടന്റെ സംസ്കാരത്തിലും ജനങ്ങളുടെ ജീവിതരീതിയിലും ഏകാന്തത അതിദയനീയമായിത്തന്നെയുണ്ടെന്നാണ് മിമ്സ് ഡേവീസ് പറയുന്നത്. ഓരോരുത്തരും അവരവരിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന പ്രവണത.ദൗര്‍ബല്യങ്ങളോ പ്രയാസങ്ങളോ സങ്കടങ്ങളോ ഒന്നും ആരോടും പങ്കുവയ്ക്കാത്ത അവസ്ഥ. ഇതാണ് ജനങ്ങളെ വീണ്ടും വീണ്ടും ഒറ്റപ്പെടലിലേക്ക് നയിക്കുന്നതും. ഇതേത്തുടര്‍ന്ന് രാജ്യത്ത് പുതിയൊരു പദ്ധതിക്കും കഴിഞ്ഞമാസം തുടക്കം കുറിച്ചു- നമുക്ക് ഏകാന്തതെക്കുറിച്ചു സംസാരിക്കാം. 

ഒരു ഹായ് പറയുന്നതു പോലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് മിമ്സ് പറയുന്നത്. എങ്ങനെയിരിക്കുന്നു, എന്തൊക്കെയാണ് വിശേഷങ്ങള്‍ തുടങ്ങിയ കുശലപ്രശ്നങ്ങള്‍ക്കും ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുമത്രേ. ശൂന്യമായ സ്ഥലങ്ങള്‍ നിറയ്ക്കുന്നതുപോലെ നിശ്ശബ്ദതയെ ശബ്ദങ്ങള്‍കൊണ്ടു നിറയ്ക്കുക. 

സതാംപ്റ്റണിലാണ് 48 വയസ്സുകാരിയായ മാഗി താമസിക്കുന്നത്. ഇവിടെ വീടുകളെല്ലാം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുറ്റിക്കാടുകളും മരങ്ങളും വളര്‍ന്നുനില്‍ക്കുന്ന ഇരുട്ടുപിടിച്ച പ്രദേശം. പ്രത്യേകിച്ചൊരു സംഭവങ്ങളും നടക്കാത്ത പ്രദേശം. ലണ്ടനിലെപ്പോലെയല്ല സതാംപ്റ്റന്‍. ജീവിതച്ചെലവു വളരെക്കുറവാണ്. സംസാരിക്കാന്‍ തന്നെ അധികമാരുമില്ല. ആകെ വിരസത തോന്നുമ്പോള്‍ മാഗി അടുത്തുള്ള കോഫി ഷോപ്പിലേക്കു പോകും. അവിടെയുള്ള വെയ്റ്റര്‍മാരോടും മറ്റും സംസാരിച്ചിരിക്കും. അല്ലെതെന്തു ചെയ്യും എന്നാണു മാഗി ചോദിക്കുന്നത്. 

ലണ്ടന്‍ ഉള്‍പ്പെടെ നഗരങ്ങളിലും സ്ഥിതി വലിയ വ്യത്യസ്തമൊന്നുമല്ല. നഗരപ്രദേശങ്ങളില്‍ 56 ശതമാനം പേര്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ 44 ശതമാനം പേരും. ആഴ്ചാവസാനം ആളുകളുടെ ഏകാന്തത കൂടുമെന്നും പഠനം പറയുന്നു. 

വൈകാരികം മാത്രമല്ല ഏകാന്തത. ഇത് ആരോഗ്യത്തെ ബാധിക്കുന്ന രോഗാവസ്ഥ കൂടിയാണ്. ദിവസം 15 സിഗരറ്റ് വലിക്കുമ്പോള്‍ സംഭവിക്കുന്ന അതേ അനാരോഗ്യം ഏകാന്ത അനുഭവിക്കുന്നവര്‍ക്കുമുണ്ടാകുന്നുണ്ട്. അമിത വണ്ണവും ഇതിന്റെ മറ്റൊരു അനന്തരഫലമാണ്. ക്രമേണ ഹൃദ് രോഗങ്ങളിലേക്കും ഈ രോഗാവസ്ഥ നയിക്കാം. 

ഒറ്റപ്പെട്ടവര്‍ അവരുടെ അവസ്ഥയെക്കുറിച്ച് വാചാലരാകണം എന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാവരോട് വിശേഷങ്ങള്‍ തിരക്കുക. അവരെ സംസാരിക്കാന്‍ പ്രേരിപ്പിക്കുക. വെറും ടെക്സ്റ്റ് മെസേജുകള്‍ മാത്രം പോരാ. 

ഇന്ത്യയിലും മറ്റും സ്ഥിതി വ്യത്യസ്തമാണെന്ന് മിമ്സ് ഡേവീസ് പറയുന്നു. ചായക്കടകളും ആളുകള്‍ ഒത്തുകൂടുന്ന മറ്റിടങ്ങളുമാണ് ഇന്ത്യയിലും മറ്റും വ്യത്യാസമുണ്ടാക്കുന്നത്.അങ്ങനെയൊരു സംസ്കാരം ബ്രിട്ടനിലില്ല. പക്ഷേ ഏകാന്തത ബ്രിട്ടന്‍ മാത്രം അനുഭവിക്കുന്ന പ്രതിഭാസമല്ലെന്നും ലോകവ്യാപകമായ സ്ഥിതി വിശേഷമാണെന്നും ഡേവീസ് പറയുന്നു. 

തെരേസ മേ സര്‍ക്കാര്‍ വായനശാലകള്‍ക്കും മറ്റുമുള്ള ഗ്രാന്റ് വെട്ടിക്കുറിച്ചത് ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ച ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. വായനശാലകള്‍ നിര്‍ജീവമായതോടെ ജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും സംസാരിക്കാനും ആലോചിക്കാനുമുള്ള സ്ഥലം കൂടിയാണ് ഇല്ലാതായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA