sections
MORE

കുഞ്ഞ് മരിച്ചെന്ന് നുണ പറയും, പിന്നെ ദത്ത് നൽകും; 'നഷ്ടപ്പെട്ട കുട്ടി'യുടെ അമ്പരപ്പിക്കുന്ന കഥ

stolen baby
പ്രതീകാത്മക ചിത്രം
SHARE

സ്പെയ്നിന്റെ ചരിത്രത്തിലെ ഇരുണ്ടകാലഘട്ടത്തിലെ ‘നഷ്ടപ്പെട്ട കുട്ടി’കളിലൊരാളെ കണ്ടെത്തിയെങ്കിലും സ്വന്തം കുടുംബത്തെ കണ്ടുപിടിക്കാനുള്ള നഷ്ടപ്പെട്ട കുട്ടിയുടെ ശ്രമങ്ങള്‍ അവസാനിച്ചത് ആന്റി ക്ലൈമാക്സില്‍. 

1939 മുതല്‍ 75 വരെയായിരുന്നു സ്പെയിനില്‍ ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം. അക്കാലത്ത് നൂറുകണക്കിനു കുട്ടികളാണ് യഥാര്‍ഥ അമ്മമാരില്‍നിന്ന് നിര്‍ബന്ധിതമായി അകറ്റപ്പെട്ടത്. പ്രസവിച്ചയുടന്‍ നവജാത ശിശുക്കളെ വളര്‍ത്താനായി മറ്റു കുടുംബങ്ങളെ ഏല്‍പിക്കുന്നതായിരുന്നു പതിവ്. 

ഫ്രാങ്കോയുടെ എതിരാളികളായ ഇടപതുപക്ഷ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളെയായിരുന്നു ഇത്തരത്തില്‍ ആദ്യകാലത്ത് മാറ്റിയിരുന്നത്. പ്രസവിച്ചയുടന്‍ കുട്ടി മരിച്ചുപോയെന്നായിരിക്കും യഥാര്‍ഥ അമ്മയോടു പറയുന്നത്. ശേഷം ദത്തെടുക്കാന്‍ താല്‍പര്യമുള്ള മറ്റു കുടുംബങ്ങളെ ഏല്‍പിക്കും. ഭരണാധികാരികള്‍ ആഗ്രഹിക്കുന്ന ആശയലോകത്തും നിയമവ്യവസ്ഥയിലും കുട്ടികളെ വളര്‍ത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ എതിര്‍പ്പായിരുന്നു ആദ്യകാലത്ത് കുട്ടികളെ മാറ്റുന്നതിനു കാരണമെങ്കില്‍ പിന്നീട് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയും ഇങ്ങനെ അമ്മമാരില്‍നിന്നു മാറ്റിത്തുടങ്ങി. പിന്നീട് അവിഹിത ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളെയും. 

വ്യത്യസ്തമായ കുടുംബപശ്ചാത്തലത്തില്‍, ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിച്ച് മതപരമായ അന്തരീക്ഷത്തില്‍ വളര്‍ത്താന്‍വേണ്ടി മാറ്റിക്കൊണ്ടിരുന്നു. ഏകാധിപത്യത്തെ പിന്തുണയ്ക്കുന്ന, വ്യത്യസ്ത ആശയങ്ങള്‍ക്കു പിന്നാലെപോകാത്ത, അനുസരണയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ജനറല്‍ ഫ്രാങ്കോയുടെ ലക്ഷ്യം. നൂറു മുതല്‍ ആയിരക്കണക്കിനു കുട്ടികളാണ് ഇത്തരത്തില്‍ സ്വന്തം അമ്മമാരില്‍നിന്നു വേര്‍പെട്ട് മറ്റു കുടുംബങ്ങളില്‍ സ്വന്തം അച്ഛനമ്മമാരെ കാണാതെ വളര്‍ന്നുവന്നത്. ഇവരെയാണ് സ്പെയിനില്‍ നഷ്ടപ്പെട്ട കുട്ടികളായി പരിഗണിക്കുന്നത്. 

റെയില്‍വേയില്‍ ജോലി ചെയ്യുന്ന 50 വയസ്സുകാരിയായ ഇന്‍സ് മഡ്രിഗല്‍ നഷ്ടപ്പെട്ട കുട്ടികളില്‍ ഒരാളാണ്. സ്വന്തം ജീവിതാവസ്ഥ കോടതിയെ ബോധ്യപ്പെടുത്തി നഷ്ടപ്പെട്ട കുട്ടിയായി ഔദ്യോഗിക അംഗീകാരം നേടിയെടുത്ത ആദ്യത്തെ കുട്ടി. തന്റെ ജീവിതാവസ്ഥ പുറം ലോകത്തെ അറിയിച്ചതിലൂടെ ഏകാധിപത്യത്തിന്റെ ദുരന്തഫലം അനുഭവിച്ച ആയിരക്കണക്കിനു കുട്ടികളുടെ ദുരന്തം ലോകത്തെ അറിയിക്കാനും മഡ്രിഗലിനു കഴിഞ്ഞു. 

മഡ്രിഗലിന്റെ കേസ് വിചാരണ നടത്തിയ ഒരു സ്പാനിഷ് കോടതി കഴിഞ്ഞവര്‍ഷം ഒരു ജര്‍മന്‍ ഗൈനക്കോളജിസ്റ്റിനെ കുറ്റക്കാരനായി കണ്ടെത്തി.  85 വയസ്സുകാരനായ എഡ്യേഡോ വെല എന്ന ജര്‍മന്‍ ഡോക്ടറായിരുന്നു പ്രധാനപ്രതി. 1969-ല്‍ സാന്‍ റോമന്‍ ക്ലിനിക്കില്‍ മഡ്രിഗല്‍ ജനിച്ചയുടന്‍ അവരുടെ അമ്മയുടെ അടുത്തുനിന്ന് മാറ്റിയത് ഈ ഡോക്ടറാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പക്ഷേ, മഡ്രിഗല്‍ കേസുമായി വരുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണെന്നതിനാല്‍ ഡോക്ടര്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടു. 

മഡ്രിഗല്‍ തന്റെ അന്വേഷണം അവിടെ അവസാനിപ്പിച്ചില്ല. തന്റെ യഥാര്‍ഥ അമ്മയെ കണ്ടെത്താനുള്ള യാത്ര അവര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മഡ്രിഗല്‍ വേരുകള്‍ കണ്ടെത്തി. ഡിഎന്‍എ ഡേറ്റാബേസ് പരിശോധനയിലൂടെയായിരുന്നു കണ്ടെത്തല്‍. പക്ഷേ അപ്പോഴേക്കും മഡ്രിഗലിന്റെ യഥാര്‍ഥ അമ്മ മരിച്ചുകഴിഞ്ഞിരുന്നു. പക്ഷേ മറ്റു മക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരുമായി സംസാരിച്ചപ്പോള്‍ അവര്‍ മറ്റൊരു സത്യം കൂടി കണ്ടെത്തി. മഡ്രിഗല്‍ നിര്‍ബന്ധിതമായി അമ്മയുടെ പക്കല്‍നിന്ന് എടുത്തുമാറ്റപ്പെടുകയായിരുന്നില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം മകളെ ദത്ത് നല്‍കുകയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബത്തില്‍ മകള്‍ സന്തോഷത്തോടെ വളര്‍ന്നുവരാന്‍വേണ്ടിയുള്ള ഒരു അമ്മയുടെ ശ്രമം. 

അങ്ങനെ, സ്പെയിനിന്റെ ചരിത്രത്തിലെ നഷ്ടപ്പെട്ട കുട്ടികളില്‍ ആദ്യത്തെയാളെ കണ്ടെത്തിയെങ്കിലും അതവസാനിച്ചത് വേദനിപ്പിക്കുന്ന കണ്ടെത്തലില്‍. ഒരു കാലഘട്ടത്തിന്റെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നിസ്സഹായതയുടെയും ദുരന്തത്തില്‍. ഒപ്പം ഏകാധിപത്യത്തിന്റെ ഞെട്ടിപ്പിക്കുന്ന ഭീകരതയിലും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA