81–ാം വയസ്സിൽ ജീവിതത്തോട് വിടപറഞ്ഞ മുൻ കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെ പ്രായം തളർത്താത്ത നേതാവ് എന്നേ പ്രിയപ്പെട്ടവർക്ക് ഓർത്തെടുക്കാനാകുന്നുള്ളൂ. ആദ്യമായി അവര്‍ മുഖ്യമന്ത്രിയാകുന്നതുതന്നെ അറുപതാം വയസ്സില്‍. സാധാരണ ഒരു വ്യക്തി ജോലിയില്‍നിന്നു വിരമിക്കുന്ന ഘട്ടത്തില്‍. അവിടെനിന്ന് 15 വര്‍ഷം നീണ്ട ജൈത്രയാത്ര.
മൂന്നു തവണ തുടര്‍ച്ചയായി രാജ്യത്തിന്റെ തലസ്ഥാന നഗരത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വനിത ഒരു വേള ഭരണം നഷ്ടപ്പെട്ട് സ്വന്തം മണ്ഡലത്തില്‍പ്പോലും തോൽവി അഭിമുഖീകരിക്കേണ്ടി വന്ന ഘട്ടത്തെയും ധീരമായി അതിജീവിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലെ കയറ്റിറക്കങ്ങളെ സമചിത്തതയോടെയാണ് അവർ നേരിട്ടത്. 2013-ലായിരുന്നു ഷീലയുടെ പടിയിറക്കം.
അക്കാലത്തെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെ :- 'എന്നോട് ആരും ഒന്നും ആലോചിച്ചിട്ടേയില്ല. ഞാനും ഒന്നിലും ഇടപെട്ടില്ല. അക്കാലത്തെക്കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാനുമില്ല. എനിക്ക് ആകെ അറിയാവുന്നത് ഇപ്പോഴത്തെ നേതൃമാറ്റം ഡല്‍ഹിയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നാണ്.' ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും കഴിയാത്ത പ്രായത്തില്‍, എഴുതിത്തള്ളിയവരെ നോക്കി സ്നേഹനിര്‍ഭരമായി പുഞ്ചിരിച്ചു കൊണ്ടാണ് 80–ാം വയസ്സിൽ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അവർ വമ്പനൊരു തിരിച്ചു വരവു നടത്തിയത്.
ഡല്‍ഹിയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു കോൺഗ്രസ്സുകാരുടെ പ്രിയ ദീദി. പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും തളര്‍ന്നിട്ടില്ല അവർ. ഉത്തര്‍പ്രദേശില്‍ മല്‍സരിക്കുകയും കേരളത്തില്‍ ഗവര്‍ണറാകുകയും ചെയ്ത ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത പ്രതിഭയായിരുന്നു. എതിരാളികൾപോലും ബഹുമാനിക്കുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. 5 മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.