ADVERTISEMENT

ദക്ഷിണ കൊറിയയിലെ വിദേശ വനിതകള്‍ അനുഭവിക്കുന്ന അതിക്രൂരമായ അക്രമത്തിന്റെയും മര്‍ദനത്തിന്റെയുംരക്തം മരവിപ്പിക്കുന്ന അനുഭവങ്ങൾ ലോകത്തോടു വിളിച്ചു പറഞ്ഞത് ആ വിഡിയോ ക്ലിപ് ആയിരുന്നു.വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ ലോകം മുഴുവൻ ആ ക്രൂരത നേരിട്ടു കണ്ടു. ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായിരുന്നില്ല അത്. പലരാജ്യങ്ങളില്‍നിന്നെത്തി ദക്ഷിണകൊറിയന്‍ യുവാക്കളെ വിവാഹം കഴിച്ച് സന്തോഷ ജീവിതം സ്വപ്നം കണ്ട യുവതികള്‍ക്ക്  അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു ആ ദൃശ്യങ്ങൾക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

ഭര്‍ത്താവില്‍നിന്നുള്ള അക്രമം പതിവായപ്പോഴാണ്  വിയറ്റ്നാമുകാരിയായ യുവതി ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചത്. മൊബൈല്‍ ഫോണ്‍ ഒരു തുണിയില്‍ ഒളിപ്പിച്ച് വിഡിയോ ചിത്രീകരിക്കുക.  ഒളിപ്പിച്ചു വച്ച കാമറക്കണ്ണുകൾ ആ ദൃശ്യങ്ങൾ ഒപ്പിയെടുക്കുമ്പോൾ ദമ്പതികളുടെ കൊച്ചുകുട്ടിയും അടുത്തുതന്നെ മര്‍ദ്ദനം കണ്ടുനില്‍ക്കുന്നുമുണ്ടായിരുന്നു.

'ഇത് വിയറ്റ്നാം അല്ലെന്ന് ഞാന്‍ നിന്നോടു പറഞ്ഞിട്ടില്ലേ' എന്നു പറഞ്ഞുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത്. തലയില്‍ ഇടിക്കുകയും വയറ്റില്‍ ചവിട്ടുന്നുമുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവതികളുടെ എല്ലുകള്‍ ഒടിഞ്ഞു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയക്കാരനായ യുവാവ് അറസ്റ്റിലായി. രണ്ടുവയസ്സുള്ള കുട്ടിയുടെ മുമ്പില്‍വച്ചായിരുന്നു അതിക്രൂരമായ മര്‍ദ്ദനം. യുവതിയെയും കുട്ടിയെയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം ദക്ഷിണകൊറിയയിലെ ആയിരത്തോളം യുവതികളില്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 42 ശതമാനം പേരും ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നു. 68 ശതമാനം പേര്‍ക്ക് ലൈംഗികാതിക്രമത്തെയും നേരിടേണ്ടിവരുന്നു. 

ദക്ഷിണകൊറിയയില്‍ താമസിക്കുന്ന ഭൂരിപക്ഷം വിദേശവനിതകള്‍ക്കും വീടുകളില്‍ അക്രമം നേരിടേണ്ടിവരുന്നുണ്ടെങ്കിലും കുറച്ചുപേര്‍ മാത്രമേ സംഭവം റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ. കാരണം മിക്കവര്‍ക്കും ദക്ഷിണകൊറിയന്‍ പൗരത്വം കാണില്ല. വിദേശത്തുനിന്നെത്തി ഭാര്യമാരാകുന്നവര്‍ക്ക് പൗരത്വം അനുവദിപ്പിക്കിപ്പാന്‍ ഭര്‍ത്താക്കന്‍മാരും ശ്രമിക്കാറില്ല. പരാതിയുമായി അധികൃതരെ സമീപിക്കാന്‍ അതുകൊണ്ടുതന്നെ പലരും മടിക്കുന്നു. ചിലപ്പോള്‍ പരാതി നല്‍കിയാല്‍ കുട്ടികളെ പിന്നെ കാണാനേ കഴിഞ്ഞില്ലെന്നും വരാം. 

ഗാര്‍ഹികാതിക്രമത്തെ ഇപ്പോഴും കുടുംബപ്രശ്നം മാത്രമായാണ് ദക്ഷിണകൊറിയക്കാര്‍ പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം റിപ്പോര്‍ട്ട് ചെയ്ത അക്രമസംഭവങ്ങളില്‍ 13 ശതമാനത്തില്‍ മാത്രമേ അറസ്റ്റ് നടന്നിട്ടുള്ളൂ. എട്ടരശമാനം സംഭവങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് ജയിലില്‍ പോകേണ്ടിവന്നതും. കഴിഞ്ഞവര്‍ഷം ഭാര്യയെ കഴുത്തുമുറിച്ച കൊലപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. ദമ്പതികളുടെ മകള്‍ സംഭവം സമൂഹമാധ്യമങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയയ യുവാവ് അതിനോടു പ്രതികരിച്ചതിങ്ങനെ: 'എനിക്കവളെ കൊല്ലാം. ആറു മാസത്തിലധികം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരില്ല'. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ കുടുംബക്ഷേമ മന്ത്രാലയം ഗാര്‍ഹികാതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമങ്ങളുമായി മുന്നോട്ടുവന്നിരുന്നു. പക്ഷേ പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടാത്തതിനാല്‍ ഇപ്പോഴും നിയമമായിട്ടില്ല. 

ദക്ഷിണകൊറിയയില്‍ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ യുവതികള്‍ കുറവാണ്. മിക്കവരും ജോലി തേടി നഗരങ്ങളിലേക്ക് പോയിരിക്കും. വിവാഹപ്രായമായ യുവാക്കൾക്ക് അനുയോജ്യരായ യുവതികളെ ലഭിക്കാത്ത അവസ്ഥയാണ്. 1990-കള്‍ മുതല്‍ യുവാക്കള്‍ വിദേശീയരായ യുവതികളെ വിവാഹം കഴിക്കുകയാണ്. ഇതിപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. വിദേശത്തുനിന്നു യുവതികളെ വിവാഹം ചെയ്യുന്നവര്‍ക്ക് ചില പ്രാദേശിക ഭരണകൂടങ്ങള്‍ ആനുകൂല്യങ്ങള്‍പോലും നല്‍കാറുണ്ട്. 

വിയറ്റനാമില്‍നിന്നാണ് ഏറ്റവും കൂടുതല്‍ യുവതികള്‍ വിവാഹിതകളായി ദക്ഷിണകൊറിയയില്‍ എത്തുന്നത്. ദക്ഷിണകൊറിയയിലെ ഉയര്‍ന്ന ജീവിതനിലവാരവും വിയറ്റ്നാമുകാരെ ആകര്‍ഷിക്കുന്നു. ഇരുപതുകളിലെത്തിയ യുവതികള്‍ തങ്ങളേക്കാള്‍ 10 വയസ്സിനു മുതിര്‍ന്നവരെപ്പോലും വിവാഹം കഴിച്ച് പ്രതീക്ഷകളുമായി ദക്ഷിണകൊറിയയില്‍ എത്തുന്നു. വിയറ്റ്നാം യുവതികള്‍ ഭര്‍ത്താക്കന്‍മാരെ അനുസരിക്കുന്നവരും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുമാണെന്ന വിശ്വാസവും ദക്ഷിണകൊറിയക്കാര്‍ക്കുണ്ട്. 

2010-ല്‍ ഇരുപതുവയസ്സുകാരിയായ ഒരു വിയറ്റ്നാം യുവതിയെ ഭര്‍ത്താവ് അടിച്ചുകൊല്ലുകയുണ്ടായി. അയാള്‍ക്ക് 47 വയസ്സ് ആയിരുന്നു പ്രായം. സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥയുള്ള അയാൾ അതു മറച്ചുവച്ച് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. മരണം ഉറപ്പായപ്പോള്‍ ആ യുവതി അവസാന ശ്വാസം വലിക്കുന്നതിനുമുമ്പ് വിയറ്റ്നാമിലുള്ള തന്റെ പിതാവിനോടായിട്ട്  ഇങ്ങനെ പറഞ്ഞു: ‘ഇനി ഞാന്‍ സന്തോഷത്തോടെ ജീവിക്കും’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT