sections
MORE

ആദ്യം വിഷം നൽകി, പിന്നെ ശ്വാസംമുട്ടിച്ചു; അഭിഭാഷകയുടെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

death
SHARE

ന്യൂഡല്‍ഹി• സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. അഭിഭാഷകയെ ചായയില്‍ വിഷംകൊടുത്തു കൊല്ലാന്‍ ശ്രമിച്ചതു പരാജയപ്പെട്ടപ്പോള്‍ വീട്ടുജോലിക്കാരും സഹായികളും കൂടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ വീട്ടുജോലിക്കാരിയും നാലു സഹായികളും പിടിയിലായി. ജൂലൈ ഒന്നിന് ഡല്‍ഹി സെക്ടര്‍ 31 ലെ വസതിയില്‍ കൊല്ലപ്പെട്ടനിലയിലാണ് അറുപതികാരിയായ കുല്‍ജീത് കൗര്‍ എന്ന അഭിഭാഷകയെ കണ്ടെത്തിയത്. മരണം ഉറപ്പാക്കിയതിനുശേഷം, സിസിടിവികള്‍ നശിപ്പിച്ച പ്രതികള്‍, അഭിഭാഷകയുടെ കാര്‍ മോഷ്ടിച്ച് വിലപിടിച്ച വസ്തുക്കളും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. 

മനിഷ എന്നാണ് അറസ്റ്റിലായ വീട്ടുജോലിക്കാരിയുടെ പേര്. മനിഷയുടെ ജീവിതപങ്കാളി ധന്‍ ബഹദൂര്‍, കപില്‍,  റീത, ചന്ദ്രപ്രസാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി ഗൗതം ബുദ്ധനഗര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു. ഭര്‍ത്താവ് ക്യാപ്റ്റന്‍ നവജ്യോത് സിങ് കഴിഞ്ഞവര്‍ഷം മരിച്ചതിനുശേഷം കുല്‍ജീത് കൗര്‍ ഒറ്റയ്ക്കായിരുന്നു താമസം. 

കൊലപാതകത്തിനുശേഷം മനീഷയും പങ്കാളി ബഹദൂറും അപ്രത്യക്ഷരായിരുന്നു. ഇതില്‍സംശയം തോന്നിയ പൊലീസ് അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികള്‍ നാടകീയമായി പിടിയിലായതും. കൊലപാതകം നടക്കുന്നതിനു രണ്ടാഴ്ച മുമ്പു മാത്രമാണ് മനീഷയെ കുല്‍ജീത് കൗര്‍ വീട്ടുജോലിക്കായി നിയമിച്ചത്. മാസം രണ്ടായിരം രൂപയായിരുന്നു ശമ്പളം. താമസസൗകര്യത്തിനൊപ്പം ഭക്ഷണം കൊടുക്കുമെന്നും സമ്മതിച്ചിരുന്നു. മനീഷയുടെ ഭര്‍ത്താവാണെന്ന് അഭിനയിച്ച് ബഹദൂര്‍ ഇടയ്ക്കിടെ കുല്‍ജീത് കൗറിന്റെ വീട് സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. നേപ്പാള്‍ സ്വദേശികളായ പ്രതികള്‍ ഗുഡ്ഗാവിലാണ് താമസിച്ചിരുന്നത്. 

അഭിഭാഷകയുടെ ദുരൂഹ മരണം ആദ്യം പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. റീതയും ചന്ദ്രപ്രസാദും മുമ്പ് അഭിഭാഷകയുടെ വീട്ടില്‍ ജോലിക്കുനിന്നിട്ടുണ്ട്. ഇതു മനസ്സിലാക്കിയ പൊലീസ് റിതയെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് മനീഷയുടെയും ബഹദൂറിന്റെ പങ്ക് വെളിച്ചത്തായത്. അപ്പോഴേക്കും അവര്‍ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊലീസ് പിന്തുടര്‍ന്നു ചെന്നെങ്കിലും പ്രതികള്‍ അവിടെനിന്ന് മുങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുശേഷം അവര്‍ ഡല്‍ഹിയില്‍ എത്തിയതോടെ നോയിഡ അതിര്‍ത്തിയില്‍വച്ച് പൊലീസ് വലയിലായി. 

അവകാശികളില്ലാതെ വലിയ തോതിലുള്ള സ്വര്‍ണവും പണവും അഭിഭാഷകയുടെ വീട്ടിലുണ്ടെന്ന അറിവാണ് പ്രതികളെക്കൊണ്ട് ക്രൂരകൃത്യം ചെയ്യിച്ചതത്രേ. മൂന്നുകോടിയോളം വിലവരുന്ന സ്വര്‍ണം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ജൂലൈ ഒന്നിന് രാത്രിയില്‍ അഭിഭാഷകയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ ചായയില്‍ വിഷം ചേര്‍ത്തു. പക്ഷേ, കുല്‍ജീത് കൗര്‍ അബോധാവസ്ഥയിലായില്ല. 

ഇതേത്തുടര്‍ന്ന് മനീഷയും ബഹദൂറും കൂടി റീതയെയും ചന്ദ്രപ്രസാദിനെയും മറ്റു പ്രതികളെയും വിളിച്ചുവരുത്തി. അവര്‍ പുറത്ത് ഒരു കാറില്‍ കാത്തുകിടക്കുകയായിരുന്നു. എല്ലാവരുംകൂടി അഭിഭാഷകയുടെ കയ്യും കാലുകളും കെട്ടി. വാ തുറക്കാതിരിക്കാന്‍ ടേപ്പ് ഒട്ടിച്ചു. ശേഷം ശ്വാസം മുട്ടിച്ചാണ് ക്രൂരകൃത്യം നടത്തിയത്. വീടു മുഴുവന്‍ പരതി കൈക്കലാക്കാവുന്നത്ര വിലപിടിച്ച വസ്തുക്കള്‍ എടുത്തതിനുശേഷം അഭിഭാഷകയുടെ തന്നെ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടു. കുറച്ചുദൂരം ചെന്നതിനുശേഷം കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലായി യാത്ര. പ്രതികള്‍ മുമ്പ് മാംസക്കച്ചവടത്തിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA