sections
MORE

'ഐ മിസ്സ് യൂ വിദ്യാ'... 45 വർഷത്തെ പവിത്രമായ സ്നേഹത്തിന്റെ അടയാളവാക്യം

amol-palekar-vidya-sinha
Amol Palekar & Vidya Sinha
SHARE

സിനിമയിലെ സൗഹൃദങ്ങള്‍ക്ക് അല്‍പായുസ്സാണെന്നു പറയാറുണ്ട്. അഭിനയിക്കുന്ന നിമിഷങ്ങളില്‍ അടുത്തുനില്‍ക്കുമെങ്കിലും അതു കഴിയുന്നതോടെ അകലുന്ന, ഇല്ലാതാകുന്ന ബന്ധങ്ങള്‍. വിജയങ്ങളെ ആഘോഷമാക്കുകയും പരാജയങ്ങളെ വിസ്മരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു മേഖലയില്‍ സൗഹൃദങ്ങള്‍ അല്‍പായുസ്സാകുന്നതില്‍ അതിശയിക്കാനുമില്ല. താരങ്ങള്‍ക്കു പിന്നാലെയാണ് എന്നും സിനിമ. പുതിയ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെ അവര്‍ക്കും ചുറ്റും കറങ്ങുന്നതാണ് മറ്റുള്ളവരുടെ ഇഷ്ടവും നിയോഗവും. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി സിനിമയിലെന്നപോലെ ജീവിതത്തിലും മനസ്സുകൊണ്ട് അടുത്തുനില്‍ക്കുകയും അടുപ്പം അവസാനം വരെ കാത്തുസൂക്ഷിക്കുകയും ചെയ്ത രണ്ടുപേരാണ് വിദ്യ സിന്‍ഹയും അമോല്‍ പലേക്കറും. എഴുപതുകളിലെ താരപ്രഭയുള്ള ജോഡികള്‍. ആ ജോഡിയില്‍ ഇനി ഒരാള്‍ മാത്രം ബാക്കി. വിദ്യ സിന്‍ഹ യാത്രയായിരിക്കുന്നു. ഒരുപാടും സ്നേഹവും സന്തോഷവും പകര്‍ന്ന അപൂര്‍വമായ ഹൃദയബന്ധത്തിനുശേഷം. അമോല്‍ പലേക്കറുടെ മനസ്സില്‍ ഒരു സിനിമയിലെ സീനുകള്‍ എന്ന പോലെ ഇപ്പോള്‍ മിന്നിമറയുകയാണ് സൗഹൃദരംഗങ്ങള്‍. ജീവിതത്തെ ത്രസിപ്പിച്ച നിമിഷങ്ങള്‍. സന്തോഷത്തിന്റെ ഭാവങ്ങള്‍. 

1974-ലാണ് അമോല്‍ പലേക്കര്‍ ആദ്യമായി വിദ്യയെ കാണുന്നത്. രാജ്നിഗന്ധ എന്ന സിനിമയുടെ സെറ്റില്‍. ബസു ചാറ്റര്‍ജിയായിരുന്നു സംവിധായകന്‍. അമോലിന് തിയറ്റര്‍ പശ്ഛാത്തലമുണ്ട്. ക്യാമറയ്ക്കു മുന്നില്‍ അപരിചിതത്വമില്ല. അഭിനയം അദ്ദേഹത്തിനു പുതുമയുമല്ല. പക്ഷേ, വിദ്യ പുതിയ നടിയായിരുന്നു. അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിക്കുന്ന യുവതി. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് നായികയും നായകനും കൂടി പരിചയത്തിലായി റിഹേഴ്സല്‍ എടുക്കാന്‍ ബസുദാ നിര്‍ദേശിച്ചു. വിദ്യയ്ക്ക് അഭിനയ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാനും അമോലിനോടു നിര്‍ദേശിച്ചു. അതായിരുന്നു അവരുടെ ബന്ധത്തിന്റെ തുടക്കം. അന്നുമുതല്‍ വിദ്യയെക്കുറിച്ച് നല്ലതുമാത്രമേ അമോലിനു പറയാനുള്ളൂ. നന്‍മയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച, ഓജസ്സും ഉഷാറുമുണ്ടായിരുന്ന ഒരു മികച്ച വ്യക്തി. 

ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ അവരുടെ സൗഹൃദം തളിര്‍ത്തു. അവര്‍ നിരന്തരമായി സംസാരിച്ചു. സിനിമയെക്കുറിച്ചല്ല. സിനിമയ്ക്കു പുറത്തുള്ള എല്ലാറ്റിനെക്കുറിച്ചും. ജീവിതത്തെക്കുറിച്ച്. പ്രതിസന്ധികളെക്കുറിച്ച്. സന്തോഷങ്ങളെക്കുറിച്ച്. അഭിനയം നിര്‍ത്തിയതിനുശേഷവും വിദ്യ അമോല്‍ പലേക്കറുമായുള്ള ബന്ധം നിലനിര്‍ത്തി.മുംബൈയില്‍ എത്തുമ്പോഴെല്ലാം അമോല്‍ വിദ്യയെ വിളിക്കും. അവര്‍ ഒരുമിക്കും. ആ സന്ദര്‍ശനങ്ങളിലെല്ലാം ഒരുമിച്ചു ലഞ്ച് കഴിക്കുന്നതും പതിവ്. വിദ്യ എപ്പോഴൊക്കെ പുണെയില്‍ വന്നാല്‍ അമോലിനെ വിളിക്കും. വീട്ടിലെത്തും.

നാലു വര്‍ഷം മുമ്പ് 2015-ലായിരുന്നു അമോല്‍ പലേക്കറിന്റെ 70-ാം ജന്‍മദിനം. അമോലിന്റെ ഭാര്യ സന്ധ്യ ഒരു വലിയ പാര്‍ട്ടി നടത്തിയാണ് ആ അവസരം അവിസ്മരണീയമാക്കിയത്. അമോലിന്റെ നായികമാരായിരുന്ന നടിമാരെയും ക്ഷണിച്ചിരുന്നു. അന്ന് ആദ്യമെത്തിയതും ആദ്യാവസാനം പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു വിദ്യ. പാര്‍ട്ടിക്കുശേഷം അവര്‍ എല്ലാവരും കൂടി ഇഷ്ട സംവിധായകന്‍ ബസു ചാറ്റര്‍ജിയെ സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിനു വലിയ അതിശയമായിരുന്നു ആ കൂടിക്കാഴ്ച.

മുംബൈയില്‍ അമോല്‍ പലേക്കറിന്റെ ചിത്രപ്രദര്‍ശനം നടന്നപ്പോഴും വിദ്യ എത്തി. തന്റെ ഇഷ്ടചിത്രങ്ങളിലൊന്ന് അദ്ദേഹം തന്റെ പ്രിയപ്പെട്ട നായികയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഉടവു തട്ടാത്ത അപൂര്‍വമായ സൗഹൃദബന്ധത്തിന്റെ ഓര്‍മയ്ക്ക് ഒരു സ്നേഹോപഹാരം. ഇന്നിപ്പോള്‍ വിദ്യ ഓര്‍മയായിരിക്കുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്നാണ് മുംബൈയില്‍ വിദ്യയുടെ മരണം. മൂന്നു വാക്കുകളില്‍ വിദ്യയോടുള്ള സ്നേഹം അമോല്‍ രേഖപ്പെടുത്തുന്നു. മൂന്നു വാക്കുകളെങ്കിലും ഒരു ജന്‍മത്തിന്റെ സ്നേഹമത്രയും നിറച്ചുവച്ച വാക്കുകള്‍. പരിശുദ്ധവും പവിത്രവുമായ സ്നേഹത്തിന്റെ അടയാളവാക്യം. മനോഹരമായ ഒരു ജീവിതത്തിന്റെ ഓര്‍മക്കുറിപ്പ്- ഐ മിസ്സ് യൂ വിദ്യാ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA