ADVERTISEMENT

നിലവലുള്ള ശമ്പളത്തിന്റെ ഏഴിരട്ടി തുക ലഭിക്കും, സിനിമാ താരങ്ങളെപ്പോലെ ആഡംബരമായി ജീവിക്കാം, കമ്പനി ഏർപ്പെടുത്തിയ ഡ്രൈവർമാർ സുരക്ഷിതമായി ജോലി സ്ഥലത്തെത്തിക്കുകയും മടക്കിക്കൊണ്ടു പോവുകയും ചെയ്യും. ഇത്രയും സുരക്ഷിതത്വം നൽകുന്ന ഒരു ജോലി വേണ്ടെന്നു വയ്ക്കാൻ എന്തുകൊണ്ടോ ഷീലയ്ക്കു തോന്നിയില്ല. ( പേര് യഥാർഥമല്ല).

നേപ്പാളിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുമ്പോഴാണ് അവളെത്തേടി ഇങ്ങനൊരു വമ്പൻ ഓഫറെത്തിയത്. കെനിയയിലെ നൈറ്റ് ബാറിലാണ് ജോലി. പക്ഷേ ഹിമാലയൻ താഴ്‌വാരങ്ങളിലൊന്നിലെ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരാളാണ് താനെന്നും തനിക്ക് ആഫ്രിക്കൻ രാജ്യമായ കെനിയയെപ്പറ്റി ഒന്നുമറിയില്ല എന്നുമൊന്നും ആ 23 വയസ്സുകാരി ചിന്തിച്ചില്ല. ഡാൻസ് ചെയ്ത് അനുഭവ പരിചയമില്ലെന്നും, തനിക്ക് ജോലി ഓഫർ ചെയ്ത ക്ലബ് ഉടമയെപ്പറ്റി ഒന്നും തന്നെ അറിയില്ലെന്നും, ഇതുമായി ബന്ധപ്പെട്ടവർ ജോലിസംബന്ധമായ കോൺട്രാക്റ്റ് ഒന്നും തന്നെക്കൊണ്ട് ഒപ്പിടുവിച്ചിട്ടില്ലെന്നുമൊന്നും അവൾ ഓർത്തില്ല.

സിനിമയിലൊക്കെ കാണുന്ന ക്ലീഷേ ദുരന്തനായികയെ അനുസ്മരിപ്പിക്കുന്ന ജീവിത സാഹചര്യം അവളെ ബുദ്ധിപൂർവമായ ഒരു തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നതാണ് സത്യം. വയസ്സായ അച്ഛനമ്മമാർ, വാഹനാപകടത്തിൽ പരുക്കേറ്റ സഹോദരന്റെ ചികിൽസാചെലവ്, അതിനും പുറമേ ആഹാരത്തിനും യാത്രാ ചെലവിനുമുള്ള പണം ഇവയെല്ലാം കണ്ടെത്തണം. അങ്ങനെയാണ് അപരിചിതർ വച്ചു നീട്ടിയ ജോലിവാഗ്ദാനമെന്ന ചൂണ്ടയിൽ ഷീല കുരുങ്ങിയത്.

ഷീലയുൾപ്പടെ 11 നേപ്പാളി യുവതികളെയാണ് രക്ഷാ സംഘം കെനിയയിലെ നൈറ്റ് ക്ലബുകളിൽ നിന്ന് രക്ഷിച്ചത്. പുരുഷന്മാരായ ഇടപാടുകാർക്കു മുന്നിൽ രാത്രി 9 മണി മുതൽ വെളുപ്പിനെ നാലുമണിവരെ നൃത്തം ചെയ്താലേ ടിപ്സ് പോലും കിട്ടുമായിരുന്നുള്ളൂ. 'പക്ഷേ ഇങ്ങനെയൊന്നുമായിരുന്നില്ല ജോലി വാഗ്ദാനം ചെയ്തപ്പോൾ അവർ പറഞ്ഞിരുന്നത്. ഫ്ലാറ്റിൽ നിന്നും ജോലിക്കല്ലാതെ പുറത്തിറങ്ങേണ്ടി വരില്ല, ജോലിക്കു പോകുമ്പോഴും തിരികെ കൊണ്ടു വിടുമ്പോഴും ഡ്രൈവർ സുരക്ഷയേകും. സുരക്ഷയുടെ പേര് പറഞ്ഞ് പാസ്പോർട്ടും, ഫോണും വരെ അവർ വാങ്ങിവച്ചിരുന്നു'. – മംബാസയിലെ സുരക്ഷിത സ്ഥലത്തിരുന്ന് ഇരകൾ പറയുന്നു.

നേപ്പാൾ, ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ പെൺകുട്ടികളെയും സ്ത്രീകളെയുമാണ് മനുഷ്യക്കടത്തു സംഘം കെനിയയിലെ ഡാൻസ്ബാറുകളിലെത്തിക്കുന്നത്. എത്രപേരാണ് ഇങ്ങനെ ഇവിടെ എത്തപ്പെട്ടത് എന്നതിനെക്കുറിച്ചൊന്നും ഒരു രേഖകളുമില്ല. ദക്ഷിണ ഏഷ്യയിൽ നിന്ന് കെനിയയിലെ ബോളിവുഡ് സ്റ്റൈൽ ഡാൻസ് ബാറുകളിലേക്ക് കടത്തപ്പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും റെയ്ഡുകളിലൂടെയാണ് പൊലീസ് രക്ഷപെടുത്തുന്നത്. 2016–17 കാലഘട്ടങ്ങളിൽ കെനിയയിലെയും ടാൻസാനിയയിലെയും ഡാൻസ് ബാറുകളിൽ നിന്ന് സ്ത്രീകളും പെൺകുട്ടികളുമടക്കം 43 പേരെ മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് നേപ്പാൾ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.

മൊംബാസയിലെ നിശാക്ലബിന്റെ ഉടമ ആസിഫ് അലി അമിറലി അലിഭായ് ജിത്തയ്ക്കെതിരെ മനുഷ്യക്കടത്ത്, വഞ്ചനാക്കുറ്റം എന്നീ കുറ്റങ്ങളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ സ്ത്രീകളെല്ലാം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിചെയ്യുന്നതെന്നും ആരും അവരെ നിർബന്ധിക്കുന്നില്ലെന്നുമാണ് ക്ലബ് ഉടമയുടെ ന്യായീകരണം. സാംസ്കാരിക നൃത്തമാണ് അവതരിപ്പിക്കപ്പെടുന്നതെന്നും ലൈംഗിക ചേഷ്ടകളോടെയുള്ള നൃത്തമോ, ലൈംഗിക ചൂഷണമോ അവിടെയില്ലെന്നും അയാൾ പറയുന്നു. എന്നാൽ മനുഷ്യാവകാശ പ്രവർത്തകർ അയാളുടെ വാദത്തെ എതിർക്കുകയാണ് ചെയ്യുന്നത്.

ഇത്തരം ക്ലബുകളിൽ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെങ്കിലും ഇരകളിൽ പലരും അതു വെളിപ്പെടുത്താൻ തയാറാവില്ലെന്നും. സാമ്പത്തികമായി വളരെ മോശം ചുറ്റുപാടിൽ നിന്നും വരുന്നതിനാൽ കേസിനോടും അതുമായി ബന്ധപ്പെട്ട നൂലാമാലകളോടും അവർക്ക് താൽപര്യമില്ലെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

വളരെ ബുദ്ധിപരമായാണ് അവർ ഇരകളെ കുരുക്കുന്നത്. ഒരു മാസത്തെ ശമ്പളം മുൻകൂർ നൽകിയാണ് അവർ സ്ത്രീകളെ ആകർഷിക്കുന്നത്. ഇവരുടെ പക്കലെത്തിയാൽ പിന്നെ കഥമാറും. പിന്നെ നിയന്ത്രണങ്ങളായി.അവർ ആവശ്യപ്പെടുന്നതുപോലെ ഇടപാടുകാരോട് പെരുമാറണം. ലൈംഗിക ബന്ധം വേണമെന്ന് ഇടപാടുകാരൻ ആവശ്യപ്പെട്ടാൽ അതിനും വഴങ്ങണം. ഇരകളെ ടൂറിസ്റ്റ് വിസ നൽകിയോ, താൽക്കാലിക വർക്ക് വിസ നൽകിയോയാണ് ഡാൻസ് ക്ലബുകളിൽ ജോലിക്കായി എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT