ADVERTISEMENT

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ച സാക്ഷരതാ നിരക്കിലെ വര്‍ധന കൂടിയാണെങ്കിലും സ്ത്രീ സാക്ഷരതയുടെ ശതമാനക്കണക്കില്‍ ഒളിഞ്ഞിരിക്കുന്ന ചില വസ്തുതകള്‍ മാറിചിന്തിക്കേണ്ട ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നു. സ്വാതന്ത്ര്യകാലത്ത് രാജ്യത്തെ സാക്ഷരത വെറും 18 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 74 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. പല മടങ്ങു വര്‍ധന. പക്ഷേ സ്ത്രീ സാക്ഷരതയില്‍ ഇനിയും രാജ്യം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. വികസനത്തിന്റെ പാളത്തില്‍ രാജ്യം കുതിച്ചുപായണമെങ്കിലും സ്ത്രീസാക്ഷരത അനിവാര്യം. 

വിദ്യാഭ്യാസം ലഭിക്കാതെയും അതുമൂലം ക്രിയാത്മകമായ ജോലികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതുംമൂലം വലിയൊരു വിഭാഗം സ്ത്രീകള്‍ ഇന്നും അരികുകളില്‍ അതിജീവനത്തിനുവേണ്ടി ബുദ്ധിമുട്ടുന്നു. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പലപ്പോഴും മുഖ്യ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്; അമ്മമാര്‍ക്ക്. അവര്‍ മികച്ച വിദ്യാഭ്യാസമുള്ളരാണെങ്കില്‍ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും സ്വാധീനിക്കും.  പുരുഷന് 10 വര്‍ഷം അധികം കിട്ടുന്ന വിദ്യാഭ്യാസത്തെക്കാള്‍ മികച്ച ഫലമുണ്ടാക്കും സ്ത്രീകള്‍ക്ക് ഒരു വര്‍ഷം അധികമായി ലഭിക്കുന്ന വിദ്യാഭ്യാസം. അതേപോലെ മാതൃമരണനിരക്കും വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ കുറവാണ്. ആരോഗ്യമുള്ള കുട്ടികളെ സംഭാവന ചെയ്യുന്നതിലും മികച്ച വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ തന്നെ മുന്നില്‍. 

സാക്ഷരതയില്‍ ലോകശരാശരിയേക്കാള്‍ 22 ശതമാനം താഴെയാണ് ഇപ്പോഴും രാജ്യത്തെ സ്ത്രീസാക്ഷരതയായ 60 ശതമാനം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ മാത്രമല്ല, ശ്രീലങ്ക, സിംബാബ്‍വെ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലുമാണ്. സ്ത്രീ-പുരുഷ സാക്ഷരതയില്‍ 20 ശതമാനത്തിന്റെ വ്യത്യാസവുമുണ്ട്. എന്നും വ്യത്യാസം പ്രകടമായിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടത്തില്‍ ഇപ്പോഴാണ് വ്യത്യാസം ഏറ്റവും കുറഞ്ഞിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. മറ്റൊരു ശുഭകരമായ കാര്യം കൂടിയുണ്ട്. പുതുതലമുറ സ്ത്രീകളുടെ സാക്ഷരത അവരുടെ മുന്‍ഗാമികളെക്കാള്‍ വളരെക്കൂടുതലാണ്. മാറുന്ന ഇന്ത്യയെയും മാറുന്ന സ്ത്രീത്വത്തെയുമാണ് ഇതു കാണിക്കുന്നത്. 

സ്ത്രീകളില്‍ 7-29 പ്രായക്കാര്‍ക്കിടയില്‍ 80 ശതമാനത്തിലധികം പേര്‍ സാക്ഷരരാണെന്ന് 2011 ലെ ജനസംഖ്യാകണക്കുകള്‍ പറയുന്നു. 60 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഇത് 30 ശതമാനത്തില്‍ താഴെ മാത്രമാണ്. സാക്ഷരതയില്‍ രാജ്യത്തുമുന്നില്‍ നില്‍ക്കുന്ന കേരളം സ്ത്രീ സാക്ഷരതയിലും മുന്നില്‍ത്തന്നെ. ചെറുപ്പക്കാര്‍ക്കിടയില്‍ കേരളത്തിലെ സ്ത്രീസാക്ഷരത അതിശയിപ്പിക്കുന്നതുമാണ്- 98 ശതമാനം. വിദ്യാഭ്യാസത്തിനുള്ള സൗകര്യം കൂടിയതും സര്‍ക്കാരുകള്‍ ആവിഷ്ക്കരിക്കുന്ന മികച്ച പദ്ധതികളുമാണ് സ്വപ്നസമാനമായ സാക്ഷരതാ നിരക്കിലേക്ക് കേരളത്തെ എത്തിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com