sections
MORE

ഇവിടെ വീടുകളിൽ കുളിമുറികളില്ല; തുറസ്സായ സ്ഥലത്ത് കുളിക്കേണ്ടി വരുന്ന സ്ത്രീകൾ അനുഭവിക്കുന്നത്

women have to bathe with their clothes on
പ്രതീകാത്മക ചിത്രം
SHARE

ഗവേഷണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വൈഷ്ണവി പവാര്‍ എന്ന യുവതിയുടെ മനസ്സില്‍ തെളിഞ്ഞത് കുട്ടിക്കാല ചിത്രങ്ങള്‍. മഹാരാഷ്ട്രയിലെ കുടുംബവീട്ടില്‍ കുട്ടിക്കാലത്ത് തുറന്ന സ്ഥലങ്ങളില്‍നിന്ന് കുളിക്കേണ്ടിവന്നപ്പോള്‍ അനുഭവിച്ച വേദനയും അപമാനവും. പിന്നീട് വീട്ടില്‍ കുളിമുറി വേണമെന്ന കാര്യത്തില്‍ അച്ഛന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. വൈഷ്ണവിയുടെ വീട്ടില്‍ കുളിമുറി നിര്‍മിച്ചെങ്കിലും ഗ്രാമീണ ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും കുളിക്കാനും ദേഹം ശുചിയാക്കാനും ഇപ്പോഴും അടച്ചുറപ്പുള്ള കുളിമുറികള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഭൂരിഭാഗം പേരും കുളിക്കുന്നത് കുളങ്ങളിലും തോടുകളിലും തുറന്ന സ്ഥലങ്ങളിലും. ഇങ്ങനെ ചെയ്യേണ്ടി വരുന്ന മിക്ക യുവതികളും വസ്ത്രങ്ങള്‍ പൂര്‍ണമായി ധരിച്ചുകൊണ്ടാണ് കുളിക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. 

ശുചിമുറി നിര്‍മാണം സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യമാകെ തരംഗമായി വീശിയടിക്കുമ്പോഴും കുളിമുറികളുടെ കാര്യത്തില്‍ അധികൃതര്‍പോലും പ്രത്യേക താല്‍പര്യം എടുക്കുന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ 55 ശതമാനം വീടുകളിലും കുളിമുറി ഇല്ല. ഒഡിഷ, ജാര്‍ഖണ്ട്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 44 ഗ്രാമങ്ങളിലെ സ്ത്രീകളുമായി സംസാരിച്ചു തയാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിലും വ്യക്തമായി പറയുന്ന ഒരു വസ്തുതയുണ്ട്: ഈ ഗ്രാമങ്ങളിലെ ഭൂരിഭാഗം സ്ത്രീകളും ഇപ്പോഴും കുളിക്കുന്നത് തുറസ്സായ ഇടങ്ങളില്‍. ചിലര്‍ കുളങ്ങളെ ആശ്രയിക്കുമ്പോള്‍ മറ്റു ചിലര്‍ വീടുനു സമീപമുള്ള തുറന്ന സ്ഥലങ്ങളില്‍ വസ്ത്രം പൂര്‍ണമായി ധരിച്ചുകൊണ്ടുതന്നെ ദേഹം ശുചിയാക്കാന്‍ നിര്‍ബന്ധിതരാകുന്നു. 

ഇന്ത്യയിലെ 42 ശതമാനം വീടുകളിലും ഇപ്പോഴും കുളിമുറിയില്ലെന്നാണ് 2011 ലെ സെന്‍സസ് ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ ഇന്ത്യയില്‍ ഇത് 55 ശതമാനമാണെങ്കില്‍ നഗരങ്ങളില്‍ 13 ശതമാനം. പീഡനവും അക്രമവും മറ്റും തടയാന്‍ സ്ത്രീകള്‍ ഏതുതരം വസ്ത്രമാണു ധരിക്കേണ്ടതെന്നുവരെ സമൂഹം നിഷ്കര്‍ഷിക്കാറുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും മറ്റും ധരിക്കുന്നതാണ് അക്രമങ്ങള്‍ കൂടാന്‍ കാരണമെന്നു വിശ്വസിക്കുന്നവരുമുണ്ട്. പക്ഷേ, ഇപ്പോഴും കുളിക്കാന്‍ അടച്ചുറപ്പുള്ള സ്ഥലം ഭൂരിഭാഗം സ്ത്രീകള്‍ക്കും ഇല്ലെന്ന വസ്തുത ഒരാളും കണക്കിലെടുത്തിട്ടില്ല. അടച്ചുറപ്പില്ലാത്ത സ്ഥലങ്ങളില്‍ കുളിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളെ വിവിധ അസുഖങ്ങൾ ബാധിക്കാറുമുണ്ട്. വസ്ത്രങ്ങള്‍ പൂര്‍ണമായി ധരിച്ചുകൊണ്ട് കുളിക്കുന്നതുമൂലമാണ് രോഗങ്ങള്‍ അവരെ വേട്ടയാടുന്നത്. സ്ത്രീകള്‍ക്ക് അടച്ചുറപ്പുള്ള കുളിമുറികള്‍ വേണമെന്നു ദേശീയ ആരോഗ്യ പദ്ധതിയില്‍  പറയുന്നുണ്ടെങ്കിലും ഈ സൗകര്യം ഉറപ്പാക്കാന്‍ നടപടികളൊന്നുമില്ല. 

നേരത്തെ മിക്ക വീടുകളിലും കുളങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഗ്രാമ പ്രദേശങ്ങളില്‍ റോഡുകളും മറ്റു സൗകര്യങ്ങളും എത്തിയതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളിലായിരിക്കും കുളങ്ങള്‍. അവിടെയെത്തി കുളിക്കുമ്പോഴും നനഞ്ഞ വസ്ത്രങ്ങളുമായി നടക്കുമ്പോഴും അപരിചിതരായ പുരുഷന്‍മരുൾപ്പടെയുള്ളവരുടെ പരിഹാസവും സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്നു. പലപ്പോഴും പരിഹാസം അതിരുകടന്ന അക്രമങ്ങളിലേക്കും നയിക്കുന്നു. 

തണുപ്പുകാലത്തുപോലും  വീട്ടിലെ പുരുഷന്‍മാര്‍ ഉണരുന്നതിനുമുമ്പ് എഴുന്നേറ്റ് പുറത്തെ കുളിമുറിയില്‍ കുളിച്ചു വൃത്തിയാകേണ്ടി വരുന്നവരുമുണ്ട്. പുരുഷന്‍മാര്‍ ഇല്ലാത്ത സമയത്തിനുവേണ്ടി കാത്തിരുന്നാണ് പല സ്ത്രീകളും ദേഹം ശുചിയാക്കുന്നത്. ആഹാരം, വസ്ത്രം, അഭയസ്ഥാനം, വിദ്യാഭ്യാസം എന്നിവ പോലെ അന്തസ്സും പരമപ്രധാനമാണെന്നും അടച്ചുറപ്പുള്ള കുളിമുറികള്‍ തീര്‍ച്ചയായും വേണമെന്നും സ്ത്രീകള്‍ ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബംഗാളിലെ ഗ്രാമങ്ങളില്‍ അടുത്തിടെയായി 10 മുതല്‍ 15 വീട്ടുകാര്‍ക്കായി ഒരോ കുളിമുറി നിര്‍മിക്കുന്ന പദ്ധതിയുണ്ട്. സ്ത്രീകള്‍ ഈ കുളിമുറികള്‍ മാറിമാറി ഉപയോഗിക്കുകയാണ് പതിവ്. അത്രയെങ്കിലും സൗകര്യം മറ്റു ഗ്രാമങ്ങളിലും വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA