sections
MORE

അസൂയാർഹമായ ആ വിജയത്തിനു പിന്നിൽ; ആർത്തവം വില്ലനാകാതിരിക്കാൻ അവർ ചെയ്തത്

US women's football team won the World Cup. Their success was, in part, attributed to having tracked each player's menstrual cycle
ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടിയ യുഎസ്‌എ വനിതാ ടീമിന്റെ ആഹ്ലാദം
SHARE

ലോക വനിതാ ഫുട്ബോള്‍ കിരീടം ജൂലൈയില്‍ അമേരിക്ക നേടിയ ആവേശത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല ആ രാജ്യത്ത്. വനിതാ മുന്നേറ്റ ചരിത്രത്തിലെ പുതിയൊരു അധ്യായവും നാഴികക്കല്ലും കൂടിയായിരുന്നു അമേരിക്കന്‍ വനിതാ ടീമിന്റെ കിരീടധാരണം.

അപൂര്‍വവും അസൂയാര്‍ഹവുമായ നേട്ടത്തിനു പിന്നില്‍ അധ്വാനത്തിന്റെയും കൃത്യമായ പരിശീലനത്തിന്റെയും മേല്‍നോട്ടത്തിന്റെയും കഥകളുമുണ്ട്. ഓരോ വനിതാ താരത്തിന്റെയും ആര്‍ത്തവ ചക്രം മനസ്സിലാക്കി അതനുസരിച്ചുള്ള പരിശീലനവും ആഹാര നിയന്ത്രണവും വിശ്രമവും  അനുവദിച്ചാണ് അമേരിക്കന്‍ വനിതാ ടീം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതവരുടെ ലോകവിജയത്തില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു. ഫുട്ബോളില്‍ മാത്രമല്ല, മറ്റു കായികയിനങ്ങളിലും വനിതാ താരങ്ങളുടെ മുന്നേറ്റത്തിലും പരാജയത്തിലും വില്ലന്‍ റോളിലുണ്ട് ആര്‍ത്തവവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും. 

2015 ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെടാനായിരുന്നു ഹെതര്‍ വാട്സന്‍ എന്ന ബ്രിട്ടിഷ് ടെന്നിസ് താരത്തിന്റെ വിധി. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് തന്റെ പരാജയത്തിനു കാരണമായി അന്ന് വാട്സന്‍ ചൂണ്ടിക്കാണിച്ചത്. ക്ഷീണവും തലകറക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍. എലിഷ് മക്‌ഗ്ലോഗന്‍ എന്ന ബ്രിട്ടിഷ് കായികതാരവും തന്റെ പരുക്കിന്റെ കാരണമായി അടുത്തകാലത്ത് ആര്‍ത്തവ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ലോകം അറിയുന്ന വനിതാ താരങ്ങളില്‍ പകുയിലധികം പേരും ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരിക-മാനസിക മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നവരാണെന്നാണ് 2016- ല്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ശാരീരിക മാറ്റങ്ങള്‍ ഓരോ താരത്തിന്റെയും വിജയപരാജയങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും.

പക്ഷേ, ഇപ്പോഴും പല കായിക താരങ്ങളും തങ്ങളുടെ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ മടിക്കുന്നവരും പ്രശ്നങ്ങള്‍ ഒളിപ്പിച്ചുവച്ച് കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നവരുമാണ്. തങ്ങളുടെ പരിശീലകരില്‍നിന്നുപോലും യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവരുമുണ്ട്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഇന്നിപ്പോള്‍ വിവിധ ആപ്പുകളുണ്ട്. താരങ്ങള്‍ക്ക് തങ്ങളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രേഖപ്പെടുത്താനും ആഹാരശീലവും വ്യായാമവും പരിശീലനവും ക്രമികരിക്കാനുള്ള സൗകര്യങ്ങളും. 

ഫിറ്റ്ബിറ്റ് കഴിഞ്ഞ വര്‍ഷമാണ് ഫീമെയില്‍ ഹെല്‍ത്ത് ട്രാക്കിങ് സിസ്റ്റം വികസിപ്പെടുത്തത്. ശരീരവും മനസ്സുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഒരു സ്ഥലത്ത് രേഖപ്പെടുത്തി സ്വന്തം ശരീരത്തെയും മനസ്സിനെയും മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമീകരിക്കുകയുമാണ് ആപ്പിന്റെ സഹായത്തോടെ ചെയ്യുന്നത്. ക്ലൂ എന്ന ഫീമെയില്‍ ഹെൽത്ത് ആപ്പും ഇതേ സൗകര്യം പ്രദാനം ചെയ്യുന്നുണ്ട്. എനര്‍ജി ലെവല്‍ ഉയര്‍ന്നുനില്‍ക്കുന്ന ദിവസങ്ങളില്‍ കടുത്ത പരിശീലനവും ക്ഷീണം കൂടുന്ന ദിവസങ്ങളില്‍ ലഘുവ്യായാമങ്ങളും മറ്റുമായി ഒരു താരത്തിന്റെ സമ്പൂര്‍ണമായ പുരോഗതിയാണ് ആരോഗ്യ ആപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. 

ഫിറ്റര്‍ വിമന്‍ വികസിപ്പിച്ച ആപ്, പ്രശസ്തരായ കായികതാരങ്ങളുടെ ആര്‍ത്തവ ചക്രവും അവര്‍ അനുവര്‍ത്തിച്ച പരിശീലന-ആഹാര രീതികളും മറ്റുള്ളവര്‍ക്കുവേണ്ടിയും പരസ്യപ്പെടുത്തി കായികതാരങ്ങളെ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. 

ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയര്‍ ആസ്ഥാനമായുള്ള നീന്തല്‍ പരിശീലന സ്കൂളിന്റെ മുഖ്യകോച്ചായ ജാമി മെയിന്‍ ഒരു ആപ്പിന്റെ സഹായത്തോടെയാണ് തന്റെ കീഴിലുള്ള വനിതാ താരങ്ങളുടെ ശാരീരിക-മാനസിക മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതും അതവരുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുന്നതും. താരങ്ങളും ഞാനും തമ്മില്‍ ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നു. അനാവശ്യമായ അബദ്ധധാരണകള്‍ മാറിക്കഴിഞ്ഞു. ഓരോ താരത്തെയും അവരുടെ അവസ്ഥകളെയും മനസ്സിലാക്കാനും ഇപ്പോള്‍ എനിക്കു കഴിയുന്നു: ആപ്പിന്റെ ഉപയോഗം മൂലമുണ്ടായ ഗുണങ്ങളെക്കുറിച്ചു പറയുമ്പോള്‍ ജാമി മെയിനു നൂറുനാവ്. 

ബ്രിട്ടിഷ് നീന്തല്‍ താരം മിയ സ്ലെവിന്‍ പറയുന്നത് ഓരോ ദിവസവും ഏതൊക്കെ ഭക്ഷണമാണു കഴിക്കേണ്ടതെന്നും മറ്റും ആപ്പിന്റെ സഹായത്തോടെയാണ് താന്‍ കണ്ടെത്തുന്നതെന്നാണ്. ബ്രിട്ടന്റെ ദൂര്‍ഘദൂര ഓട്ടക്കാരി എമിലിയ ഗൊറേക്കയും ആപ് ഉപയോഗിക്കാറുണ്ട്. ബ്ലീഡിങ് ദിവസങ്ങളെ പേടിയില്ലാതെ നേരിടാനും പരിശീലനം ക്രമപ്പെടുത്താനും തന്നെ സഹായിക്കുന്നത് ആപ് ആണെന്ന് എമിലിയയും സാക്ഷ്യപ്പെടുത്തുന്നു. 

ഗവേഷണങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു. പുതിയ ഓരോ കണ്ടെത്തലും ഭാവിക്കുവേണ്ടിയുള്ള മുതല്‍ക്കൂട്ട് ആകുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രംഗത്തുവരുന്ന പുതിയ മാറ്റങ്ങള്‍ വനിതാ കായിക താരങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു. അവരുടെ നിരന്തരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരവും കൂടുതല്‍ ഫലപ്രദമായ പരിഹാരങ്ങളും നിര്‍ദേശിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA