sections
MORE

ആർത്തവ കാലത്ത് കുളിക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന ചിലർ; ഇവിടെ പെൺജീവിതമിങ്ങനെ

Sanitary Napkin
പ്രതീകാത്മക ചിത്രം
SHARE

ഹജ്റ ബീബി എന്ന 35 വയസ്സുകാരി കഠിനാധ്വാനിയാണ്. ജോലി ചെയ്യാന്‍ ശേഷിയില്ലാത്ത ഭര്‍ത്താവ് ഉള്‍പ്പെട്ട കുടുംബത്തെിന്റെ ഉത്തരവാദിത്തം അവരുടെ ചുമലിലാണ്. സത്യസന്ധമായും ആത്മാര്‍ഥമായും ജോലി ചെയ്തിട്ടും ഹജ്റയ്ക്ക് അപമാനം നേരിടേണ്ടിവന്നു. പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നു. കളിയാക്കലുകള്‍ സഹിക്കേണ്ടിവന്നു. പക്ഷേ, പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടുപോകുകയാണ് ഹജ്റ; ഒരിക്കല്‍ തന്റെ മൂല്യം മറ്റുള്ളവര്‍ മനസ്സിലാക്കുമെന്ന ഉത്തമവിശ്വാസത്തില്‍. 

വടക്കന്‍ പാക്കിസ്ഥാനിലെ ഒരു മലയോരഗ്രാമത്തിലാണ് ഹജ്റ ബീബി താമസിക്കുന്നത്. സ്വന്തം വീട്ടിലിരുന്ന് സ്ത്രീകള്‍ക്കുവേണ്ടി സാനിറ്ററി പാഡ് നിര്‍മിക്കുകയാണ്. യൂണിസെഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആഗാ ഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ സഹായത്തോടെ സ്വയം തൊഴില്‍ കണ്ടെത്തുന്ന 80 സ്ത്രീകളില്‍ ഒരാളാണ് ഹജ്റ. 

പാക്കിസ്ഥാനിലെ ഗ്രാമങ്ങളിലും ഇപ്പോഴും സാനിറ്ററി പാഡിനെ സംശയത്തോടെ കാണുന്നവരുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസാരിക്കുന്നതുപോലെ അവിടെ വിലക്കപ്പെട്ടിരിക്കുന്നു. രഹസ്യമായി മാത്രം സംസാരിക്കേണ്ട കാര്യം.  പുറത്തു പറയരുതാത്ത വിഷയം. തുണികളും പേപ്പറുകളും മറ്റുമാണ് അവിടങ്ങളിലുള്ളവര്‍ സാനിറ്ററി പാഡിനു പകരം ഇപ്പോഴും ഉപയോഗിക്കുന്നതും. അതുകൊണ്ടാണ് ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമായ പാഡ് നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ ഹജ്റ ബീബി സംശയിക്കപ്പെട്ടത്. 

സ്ത്രീകളില്‍ പലരും ഇപ്പോഴും തങ്ങളുടെ വസ്ത്രങ്ങള്‍ പുറത്ത് ഉണങ്ങാന്‍ വിരിക്കാറുപോലുമില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് അവരുടെ ധാരണ. വസ്ത്രങ്ങള്‍ മുറിയില്‍ തന്നെ ഉണക്കി, നനഞ്ഞപടി ധരിക്കുകയാണ് അവര്‍ ചെയ്യുന്നത്.  ഇതു പലപ്പോഴും രോഗങ്ങളിലേക്കും അണുബാധയിലേക്കും നയിക്കുന്നു. ചില പ്രദേശങ്ങളില്‍ ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ഒരേ വസ്ത്രം തന്നെ മാറിമാറി ഉപയോഗിക്കുന്നു. ഒരാളുടെ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പടരാന്‍ ഇതു കാരണമാകുന്നുമുണ്ട്. അര്‍ത്തവകാലത്ത് കുളിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്നവരും ഗ്രാമങ്ങളില്‍ ഇപ്പോഴുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഒരു ഡോക്ടര്‍ തന്നെയാണ്. ഒരു വീട്ടില്‍ മൂന്നു പെണ്‍കുട്ടികളുണ്ടെങ്കിലും മൂവരും ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്നത്  ഒരേ വസ്ത്രം. 

അഞ്ചില്‍ ഒരാള്‍ എന്ന കണക്കില്‍പ്പോലും ഗ്രാമങ്ങളിലെ സ്ത്രീകള്‍ സാനിറ്ററി പാഡ് ഉപയോഗിക്കുന്നില്ലത്രേ. 2017 ല്‍ യൂണിസെഫ് നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെട്ട ചില വിവരങ്ങളുണ്ട്. രാജ്യത്തെ സ്ത്രീ ജനസംഖ്യയില്‍ പകുതിപ്പേരും ആര്‍ത്തവം ഉണ്ടാകുമ്പോള്‍ മാത്രമാണ് അതേക്കുറിച്ച് അറിയുന്നതുതന്നെ. ആദ്യ ആര്‍ത്തവം സംഭവിക്കുമ്പോള്‍ അത് എന്താണെന്നു മനസ്സിലാക്കാതെ ഗുരുതരമായ രോഗമാണെന്നു കരുതുന്നവര്‍പോലും ഇപ്പോഴും ഗ്രാമങ്ങളിലുണ്ടത്രേ. സ്ത്രീ-പുരുഷ തുല്യതയില്‍ നിലവില്‍ 148-ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 

ഗ്രാമങ്ങളില്‍ കിട്ടാനില്ലെങ്കിലും പാക്കിസ്ഥാനിലെ നഗരങ്ങളില്‍ അവ കിട്ടും. വില കൂടുതലാണെന്നു മാത്രം. പക്ഷേ, കടകളില്‍നിന്ന് സാനിറ്ററി പാഡുകള്‍ കട്ടിയുള്ള പേപ്പറില്‍ പൊതിഞ്ഞാണ് നല്‍കുന്നത്. മറ്റു വസ്തുക്കള്‍ പോലെ സുതാര്യമായ കവറുകളിലും മറ്റും അവ ആരും കടയില്‍നിന്നു വാങ്ങാറില്ല. സ്ത്രീകള്‍ നേരിട്ടു കടയില്‍ചെന്ന് പാഡ് വാങ്ങിക്കുന്ന പതിവുമില്ല. ഭര്‍ത്താക്കന്‍മാരോ വീട്ടിലെ ആണുങ്ങളോ ആണ് പാഡ് വാങ്ങിക്കൊടുക്കുന്നത്. ചിലര്‍ രാത്രി വൈകാന്‍ കാത്തിരിക്കും; മറ്റു ചിലര്‍ പരിചിതരില്ലാത്ത ദുരെ സ്ഥലങ്ങളില്‍പ്പോയി പാഡ് വാങ്ങിക്കൊണ്ടുവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA