ADVERTISEMENT

ഓഗസ്റ്റ് 5 മുതല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെ, പ്രശ്നത്തില്‍ ഇടപെട്ട് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മലാലയ്ക്കെതിരെ ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു രംഗത്തെത്തിയതോടെ പ്രശ്നത്തിനു രാജ്യാന്തര മാനവും കൈവന്നിരിക്കുന്നു. 

സമൂഹമാധ്യമത്തിലാണ് മലാലയുടെ കശ്മീര്‍ സാഹചര്യത്തെക്കുറിച്ചുള്ള ചില പ്രതികരണങ്ങള്‍ വന്നത്. ഇവയില്‍ പലതും ഇന്ത്യക്കാര്‍ സംശയത്തോടെയാണു കണ്ടതും. പ്രധാനമായും പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍പോകാന്‍ സാഹചര്യം ലഭിക്കാത്തതിനെക്കുറിച്ചായിരുന്നു മലാലയുടെ ട്വീറ്റുകള്‍. ദിവസങ്ങളായി തങ്ങള്‍ക്കു വീടു വിട്ടിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പല കശ്മീരി സ്ത്രീകളും തന്നോടു പരാതി പറഞ്ഞെന്ന് മലാല കുറിച്ചു. ഇവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 

സംഘര്‍ഷം ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ പറ്റാതായതോടെ സ്കൂളില്‍ പോകാനും കഴിയുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടതായും മലാല കുറിച്ചിരുന്നു. എത്രയും വേഗം കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കണം എന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മലാല പുറത്തുവിട്ട ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും ഇന്ത്യക്കാരില്‍ നിന്ന് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതും. 

‘ഞാന്‍ നിരാശയാണ്. ലക്ഷ്യം നഷ്ടപ്പെട്ടതുപോലെ എനിക്കു തോന്നുന്നു. കാരണം എനിക്കു സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല. ഓഗസ്റ്റ് 12 നായിരുന്നു എന്റെ പരീക്ഷ. അന്ന് സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഭാവി ഇരുളടഞ്ഞതുപോലെയാണ് എനിക്കു തോന്നുന്നത്. ഒരു എഴുത്തുകാരിയാകണം എന്നായിരുന്നു എന്റെ ആഗ്രഹം. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു കശ്മീരി യുവതി. അതായിരുന്നു എന്റെ ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലക്ഷ്യം എന്നില്‍നിന്ന് അകന്നുപോകുന്നു. ആഗ്രഹം നിരാശയായി മാറുന്നു’. 

കഴിഞ്ഞ ദിവസം മലാല പുറത്തുവിട്ട ട്വീറ്റ് ഇതായിരുന്നു. ഇതു പുറത്തുവന്നതുമുതല്‍ പ്രതിഷേധവും തുടങ്ങി. പ്രശ്നത്തില്‍ ഇപെട്ട് കശ്മീരിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് ഇപ്പോള്‍ മലാലയെ ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു. 

‘കശ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം. സ്കൂളില്‍ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാന്‍ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്.  നിങ്ങളെപ്പോലെ എത്രയോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോള്‍ത്തന്നെ അവിടെയുള്ളത്. നിങ്ങള്‍ക്കു രാജ്യസ്നേഹം കൂടുതലാണെങ്കില്‍ ആദ്യം പാക്കിസ്ഥാനിലേക്കു പോകൂ. എന്നിട്ടുമാത്രം മറ്റുള്ളവരെ ആഹ്വാനം ചെയ്യൂ...’ 

മുന്‍ ലോക ഒന്നാം നമ്പര്‍ ചാംപ്യന്‍ ഹീന സിദ്ധു മലാലയോടു ചോദിക്കുന്നു. 2012 ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് മലാലയ്ക്കു വെടിയേല്‍ക്കുന്നതും മാതൃരാജ്യം വിട്ട് ഓടിപ്പേകേണ്ടിവന്നതും. യഥാര്‍ഥ പ്രശ്നം മറച്ചുവച്ചുകൊണ്ട് വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന മലാലയുടെ ട്വീറ്റുകള്‍ക്കെതിരെ രാജ്യത്തെ മറ്റു ചില നേതാക്കളും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com