ADVERTISEMENT

ലൈംഗികത മരിച്ചോ ? അഥവാ മരണാസന്നമാണോ ? അവസാന ശ്വാസത്തിനുവേണ്ടി പിടയുന്ന രോഗിയുടെ അത്യാസന്ന നിലയിലാണോ ലൈംഗികത ? മീ ടൂ എന്ന സ്ത്രീകളുടെ വിമോചനപ്രസ്ഥാനം ലൈംഗികതയുടെ വേര് തന്നെ അറുത്തെറി‍ഞ്ഞോ എന്ന ആശങ്കയിലാണ് ചോദ്യങ്ങള്‍. ഇവ ഒരാളുടെ മാത്രം ചോദ്യങ്ങളുമല്ല. സമൂഹം പൊതുവായി ചോദിക്കുന്നവയാണ്. ഒറ്റനോട്ടത്തില്‍ ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നു തോന്നാമെങ്കിലും മീ ടൂ പ്രസ്ഥാനം ലൈംഗികതയെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നു പറയുന്നു വെനസ്ഡേ മാര്‍ട്ടിന്‍ എന്ന എഴുത്തുകാരി. സ്ത്രീകളുടെ ആന്തരിക മോഹങ്ങളെക്കുറിച്ചും ചോദനകളെക്കുറിച്ചും ‘ അണ്‍ട്രൂ’  എന്ന പുസ്തകമെഴുതി പ്രശസ്തയായ എഴുത്തുകാരി. വെനസ്ഡേ മാര്‍ട്ടിനു പറയാനുള്ളത് തികച്ചും വ്യത്യസ്തമായ അഭിപ്രായം കൂടിയാണ്. 

പ്രണയവും വൈകാരികതയും ഇപ്പോഴും സജീവമാണ്. അവ മരിച്ചിട്ടില്ല. മരണാസന്നവുമല്ല. ഒരുപക്ഷേ, പഴയ കാലത്തേക്കാള്‍ മികച്ച പ്രണയവും വൈകാരികതയുമാണ് ഇപ്പോഴത്തേത്. മീ ടൂ കാര്യങ്ങളെയെല്ലാം നശിപ്പിച്ചു എന്ന പൊതുധാരണ തെറ്റാണ്. മറിച്ച് സ്ത്രീ കേന്ദ്രീകൃതമായ ലൈംഗികാനുഭവത്തിലേക്ക് മീ ടൂ വാതില്‍ തുറക്കുകയാണ് ചെയ്തിരിക്കുന്നത്. സ്ത്രീയുടെ സന്തോഷങ്ങളിലേക്ക്. നിശ്ശബ്ദ മോഹങ്ങളിലേക്ക്. അവരുടെ ആന്തരിക ചോദനകളെ ഉണര്‍ത്തുന്ന ആഴത്തിലുള്ള, ആസ്വാദ്യകരമായ ലൈംഗികാനുഭവങ്ങളിലേക്ക്. സ്ത്രീകള്‍ക്ക് എന്താണ് വേണ്ടതെന്നും അവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും മുമ്പ് ആരും ചോദിച്ചിരുന്നില്ല. ഇപ്പോഴിതാദ്യമായി സ്ത്രീകളുടെ മോഹങ്ങള്‍ മനസ്സിലാക്കാന്‍ പുരുഷന്‍മാര്‍ ശ്രമിക്കുന്നു. മീ ടൂ കൊണ്ടുവന്ന മാറ്റമാണത്. ഇന്ത്യയുള്‍പ്പെടെ ലോകത്ത് എല്ലായിടത്തും. 

ലൈംഗികത ഇന്നില്ല എന്നു പറയുന്നത് ഒരര്‍ഥത്തില്‍ ശരിയാണ്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികതയാണ് ഇല്ലാതായിരിക്കുന്നത് എന്നുമാത്രം. ലൈംഗികത സംഭവിക്കുന്നുണ്ടെങ്കില്‍ അതു സ്ത്രീകളുടെ കൂടി താല്‍പര്യപ്രകാരമാണെന്നും പറയാം. സ്ത്രീകളുടെ സമ്മതമില്ലാതെ അവരില്‍ നടത്തുന്ന ബലപ്രയോഗം പിന്നീട് സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് എല്ലാവരും ബോധവാന്‍മാരാണ്. മീ ടൂ... എന്ന പ്രസ്ഥാനമാണ് ഈ മാറ്റം കൊണ്ടുവന്നത്. തികച്ചും ആരോഗ്യകരമായ മാറ്റം. 

ഒരു സ്ത്രീയെ എങ്ങനെ കീഴ്പ്പെടുത്താമെന്നാണ് നേരത്തെ പുരുഷന്‍മാര്‍ ചിന്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവരുടെ ചിന്ത എങ്ങനെ ഒരു സ്ത്രീയുടെ ഇഷ്ടം നേടിയെടുക്കാമെന്നാണ്. എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും. ഡേറ്റ്  ആപുകളില്‍ പങ്കാളികളെ തിരയുന്ന പല പരുഷന്‍മാരും ഈ ചോദ്യം പരസ്പരം ചോദിക്കാനും തുടങ്ങിയിരിക്കുന്നു. 

വ്യക്തിപരമായ ബന്ധങ്ങളില്‍ മാത്രമല്ല മാറ്റം സംഭവിക്കുന്നത്. പൊതുവിടങ്ങളിലും മാറ്റം പ്രകടമാണ്. സ്വന്തം സ്നേഹത്തെക്കുറിച്ചുള്ള തീവ്രത മുറ്റിനിന്ന പാട്ടുകളെഴുതിയവര്‍ ഇപ്പോളെഴെതുന്ന പാട്ടുകള്‍ നോക്കൂ: നിന്റെ അനുവാദത്തോടെ... സമൂഹ മാധ്യമ സന്ദേശങ്ങളിലും മാറ്റം പ്രകടം. നിന്നെ സ്വന്തമാക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് പ്രണയിനിയുടെ കരം പിടിക്കുന്ന പുരുഷന്‍മാരുടെ പുതിയ സ്റ്റാറ്റസുകള്‍. 

അവളാണ് ആദ്യം എന്നതാണ് കൗമാരക്കാര്‍ക്കിടയിലെ പുതിയ മുദ്രാവാക്യവും. ചെറുപ്പക്കാര്‍ കൂട്ടമായി തങ്ങളുടെ പങ്കാളികളുടെ ഇഷ്ടങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കാന്‍ തുടങ്ങിയതോടെ എല്ലാ പ്രായത്തിലുള്ളവരും മാറിച്ചിന്തിക്കുകയും തങ്ങളെ പങ്കാളികളെ ബഹുമാനിക്കാനും തുടങ്ങിയിരിക്കുന്നു. 

പുരുഷന്‍മാര്‍ ലൈംഗികമായി സജീവതാല്‍പര്യം പുലര്‍ത്തുന്നവരാണെന്നാണ് പൊതുസങ്കല്‍പം. സ്ത്രീകളാകട്ടെ ജീവിതത്തിലെ മറ്റു പ്രശ്നങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നവരും ലൈംഗികതയ്ക്കു രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനം മാത്രം കൊടുക്കുന്നവരും എന്നാണ് പൊതു ചിന്ത. ഇപ്പോള്‍, ഞങ്ങള്‍ അങ്ങനെയല്ലെന്നും ഞങ്ങള്‍ക്കും ലൈംഗികത വേണമെന്നും അതുപക്ഷേ, പരസ്പര ഇഷ്ടത്തോടെ മാത്രമെന്നും പുതുതലമുറ പറഞ്ഞുതുടങ്ങിയിരിക്കുന്നു. 

തുല്യ ശമ്പളത്തിനും തുല്യ ബഹുമാനത്തിനും വേണ്ടി പോരാടുന്നതുപോലെ ലൈംഗികതയിലെ തുല്യസന്തോഷത്തിനും വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രസ്ഥാനമാണ് യഥാര്‍ഥത്തില്‍ മീ  ടൂ.. അതേ, ലൈംഗികത മരിച്ചിട്ടില്ല. മരിക്കുകയുമില്ല. തെറ്റായ ലൈഗികത സംഭവിച്ചാല്‍ അതു സ്ത്രീകള്‍ പുറത്തുപറയുമെന്നായതോടെ ശരിയായ ലൈംഗികതയിലേക്ക് മനുഷ്യരാശി നടന്നടുക്കുന്നു. സ്നേഹത്തോടെ, വിശ്വാസത്തോടെ, പരസ്പര ബഹുമാനത്തിന്റെ കരം മുറുകെപ്പുണര്‍ന്ന്... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com