ADVERTISEMENT

കരിയറിലെ ആദ്യത്തെ ലോകമെഡല്‍ സ്വന്തമാക്കിക്കൊണ്ട് ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടുന്ന ആദ്യത്ത വനിതാ ഇന്ത്യന്‍ താരം എന്ന ബഹുമതി സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു വിനേഷ് ഫോഗട്ട്. കസഖ്സ്ഥാനിലെ നൂര്‍ സുല്‍ത്താനില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് വിനേഷ് ലോകതാരങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നെങ്കിലും ഒരു ലോകവേദിയില്‍ ഇതാദ്യമായാണ് വിനേഷ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഒന്നു നേടുന്നത്. ആദ്യത്തെ വലിയ നേട്ടം തന്നെ ഒളിംപിക്സിനുള്ള ചവിട്ടുപടിയുമായിരിക്കുന്നു. 53 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് എന്ന ഹരിയാനക്കാരി വെങ്കലം നേടിയത്. ഇരുപത്തഞ്ചുകാരിയുടെ നാലാമത്തെ ലോക മീറ്റാണ് കസഖ്സ്ഥാനില്‍ നടന്നത്. 

രണ്ടാം റൗണ്ടില്‍ നിലവിലെ ലോകചാംപ്യന്‍ ജപ്പാന്റെ മയു മുകെയ്ദയോട് തോറ്റെങ്കിലും, മുകെയ്ദ ഫൈനലില്‍ കടന്നതോടെ അവരോട് തോറ്റവരെല്ലാം വെങ്കലപ്പോരാട്ടത്തിനു യോഗ്യത നേടുകയായിരുന്നു. ഗ്രീസിന്റെ മരിയ പ്രെവ്‍ലറാക്കിയെ 8-2 ന് ആധികാരികമായാണ് വിനേഷ് തോല്‍പിച്ചത്. ഒളിംപിക് യോഗ്യയ്ക്കുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ഒന്നാം നമ്പര്‍ താരം സാറ ആന്‍ ഹില്‍ ഡെബ്രാന്‍ഡിനെയും വിനേഷ് തോല്‍പിച്ചിരുന്നു. 

ഗീത ഫോഗട്ടും ബബിത ഫോഗട്ടും  2012 ല്‍തന്നെ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരുന്നു. ഏഴുവര്‍ഷത്തിനുശേഷം ഫോഗട്ട് കുടുംബത്തിലെ ഇളമുറക്കാരിയും ലോകതാരമായി അംഗീകാരം നേടിയിരിക്കുന്നു. ഒപ്പം ഒളിംപിക്സിലേക്ക് ആദ്യത്തെ ചുവടും മുന്നോട്ടുവച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രാര്‍ഥനയുടെ ചിറകില്‍ ഇനി വിനേഷിനു കാത്തിരിപ്പിന്റെ കാലം. ശേഷം ജപ്പാന്റെ മണ്ണില്‍ ഒളിംപിക് മെഡലും കണ്ണുവയ്ക്കാം. 

ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ സിനിമ പുറത്തുവന്നതോടെയാണ് വനിതാ ഗുസ്തി താരങ്ങളുടെ സുവര്‍ണകാലവും ഇന്ത്യയില്‍ തുടങ്ങുന്നത്. ഒപ്പം ഫോഗട്ട് സഹോദരിമാരുടെ പേരും പെരുമയും. ഇന്ന് രാജ്യത്ത് ഫോഗട്ട് സഹോദരിമാര്‍ പ്രശസ്തരാണ്. അവരുടെ ഓരോ മല്‍സരവും പിന്തുടരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. അവരുടെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവരും. ഫോഗട്ട് സഹോദരിമാര്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയതോടെ വനിതാ ഗുസ്തിക്കും ഇന്ത്യയില്‍ നല്ലകാലം തെളിഞ്ഞിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT