sections
MORE

ബിസിനസ്സ് തുടങ്ങുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്

women-startup-01
SHARE

അമേരിക്കയില്‍ സാഷ റോവ് എന്ന യുവതിയുടെ അനുഭവം പല സ്ത്രീകളും നേരിടുന്നതാണ്. കുട്ടിയുണ്ടായ തോടെയാണ് അവരുടെ പ്രതിസന്ധിയും തുടങ്ങുന്നത്. കുട്ടിയെ നോക്കി വീട്ടിലിരിക്കണോ ജോലിക്കു പോകണോ എന്ന ധര്‍മസങ്കടമാണ് അവര്‍ നേരിട്ടത്. ഒടുവില്‍ രണ്ടുമല്ലാത്ത മറ്റൊരു തീരുമാനം അവര്‍ സ്വീകരിച്ചു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക. ഓണ്‍ലൈന്‍ മേഖലയില്‍ വിദഗ്ധ സേവനം എന്ന എന്ന ബിസിനസിലാണ് സാഷ കൈവച്ചത്. പക്ഷേ, സ്ഥിരം പാറ്റേണിലുള്ള ബിസിനസ് അല്ലാത്തതിനാല്‍ ആരും മുതല്‍മുടക്കാന്‍ തയാറായില്ല. ഒടുവില്‍ കയ്യിലുള്ള സമ്പാദ്യത്തെത്തന്നെ ആശ്രയിക്കേണ്ടിവന്നു. ക്രെഡിറ്റ് കാര്‍ഡുകളാണ് മറ്റൊരു ആശ്രയം. ഇത് സാഷയുടെ മാത്രം അനുഭവമല്ല, മറ്റു പലരും ഇപ്പോഴും എപ്പോഴും നേരിടുന്ന പ്രശ്നമാണ്. 

പ്രമുഖ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പോസ്റ്റ് മുതല്‍ താഴെത്തട്ടു വരെ സ്ത്രീകളുണ്ട്. സ്ത്രീകള്‍ മാത്രമായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഒരു സ്ഥാപനം നടത്തുന്നതിലോ മുന്നോട്ടുകൊണ്ടുപോകുന്നതിലോ ഒന്നും സ്ത്രീകളെ മാറ്റിനിര്‍ത്താനോ ഒഴിവാക്കാനോ കഴിയില്ലെന്നതും വസ്തുതയാണെങ്കിലും സ്ത്രീകള്‍ ഉടമകളായിട്ടുള്ള സ്ഥാപനങ്ങള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് മൂലധനം സ്വരൂപിക്കുന്ന കാര്യത്തില്‍. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും നടത്തുന്ന സ്ഥാപനങ്ങള്‍ ആവശ്യത്തിനു മൂലധനം സ്വരൂപിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ ഉടമകളായിട്ടുള്ള സ്ഥാപനങ്ങളോട് വ്യവസായികള്‍ മുഖം തിരിക്കുന്നതാണ് കണ്ടുവരുന്നത്. അമേരിക്ക, യുകെ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ഇതുതന്നെയാണ് അവസ്ഥ.

സ്ത്രീകളില്‍ത്തന്നെ കറുത്ത വര്‍ഗക്കാര്‍ മൂലധനം സ്വരൂപിക്കുന്നതില്‍ മറ്റുള്ളവരേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. 2018 ല്‍ സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 2.2 ശതമാനം മൂലധനം മാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. തൊട്ടുമുന്‍ വര്‍ഷത്തേതുമായി നോക്കുമ്പോള്‍ നിസ്സാരമായ വര്‍ധന മാത്രം. 2019 ന്റെ ആദ്യമാസങ്ങളിലെ കണക്കുനോക്കിയാലും സ്ഥിതി വ്യത്യസ്തമല്ലെന്നു കാണാം. മൊത്തം ബിസിനസില്‍ സ്ത്രീകള്‍ക്ക് അവകാശപ്പെടാവുന്നത് വെറും 24 ശതമാനം മാത്രം. 

ലോകമെങ്ങുമുള്ള 1200 സംരംഭകരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ മൂലനധത്തിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ വിവേചനം നിലനില്‍ക്കുന്നു എന്നുതന്നെയാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയില്‍ 46 ശതമാനം സ്ത്രീകളും വ്യവസായ സ്ഥാപനം പടുത്തുയര്‍ത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വെളിപ്പെടുത്തി. യുകെയില്‍ ഇത് 54 ശതമാനമാണ്. മൂലധന നിക്ഷേപത്തിനുവേണ്ടി സമീപിക്കുമ്പോള്‍ ബിസിനസുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും പലരും വെളിപ്പെടുത്തി. ബിസിനസിന്റെ സ്വഭാവമോ വളര്‍ച്ചാസാധ്യതയോ ഒക്കെ പരിഗണിക്കുന്നതിനുപകരം വ്യക്തിപരമായ ചോദ്യങ്ങളാണത്രേ പലരും ചോദിക്കുന്നത്. ശമ്പളത്തിന്റെ കാര്യത്തിലും പുരുഷന്‍മാരേക്കാള്‍ സ്തീകള്‍ പിന്നിലാണെന്ന വസ്തുതയുമുണ്ട്. 

സ്ത്രീകള്‍ക്കു പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍ ബിസിനസ് ലോകത്തുനിന്ന് വരുന്നില്ലെങ്കിലും ശുഭപ്രതീക്ഷയില്‍തന്നെയാണവര്‍. സ്റ്റാര്‍ട്ടപ് എന്ന ചെറിയ സംരംഭങ്ങളിലൂടെ അവര്‍ മുന്നോട്ടുള്ള യാത്രയിൽത്തന്നെയാണ്. വിജയമാതൃകകള്‍ വ്യക്തമാകുന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ സ്ത്രീകള്‍ നേരിട്ടുനടത്തുന്ന സ്ഥാപനങ്ങളിലും മുതല്‍മുടക്കും എന്നുതന്നെയാണവരുടെ പ്രതീക്ഷ. 

English Summary : Women Business, Startup,Capital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA