sections
MORE

സ്ത്രീ സുരക്ഷയ്ക്കുവേണ്ടി സർക്കാർ ചെലവഴിച്ചത് 500 കോടി; ഭീതിയൊഴിയാതെ സ്ത്രീകൾ

80% of Indian women feel let down by their government over safety
പ്രതീകാത്മക ചിത്രം
SHARE

‘നിര്‍ഭയ’  സംഭവത്തിന് 7 വര്‍ഷമാകാന്‍ ഒരു മാസം മാത്രം അവശേഷിക്കെ, രാജ്യത്തെ സ്ത്രീകള്‍ക്ക് ആ സംഭവം മറക്കാനോ പൊറുക്കാനോ ആയിട്ടില്ല. ഉണങ്ങാത്ത മുറിവ് പോലെ നിര്‍ഭയ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനൊപ്പം തങ്ങളോരോരുത്തരം എത്രമാത്രം അപകടമുനമ്പിലാണെന്ന് ഓരോരുത്തരും തിരിച്ചറിയുകയും ചെയ്യുന്നു. 

ഒരു ദുരന്തം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും അങ്ങനെയൊരു അത്യാഹിതം സംഭവിച്ചാല്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ ആരും കാണില്ലെന്നുമുള്ള തിരിച്ചറിവാണ് രാജ്യത്തെ സ്ത്രീകളെ അലട്ടുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിരന്തരമായി പരാജയപ്പെടുകയും വ്യക്തികളെ സുരക്ഷിത്വമില്ലായ്മയുടെ വിജനതയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. പാഠങ്ങള്‍ അനേകമുണ്ടായിട്ടും ഇപ്പോഴും വിവിധ സര്‍ക്കാരുകളോ രാജ്യം തന്നെയോ ഇക്കാര്യം തിരിച്ചറിയുകയോ കൃത്യമായ പരിഹാര നടപടികള്‍ കൈക്കോള്ളുകയോ ചെയ്യുന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഏഴു വര്‍ഷം മുമ്പായിരുന്നു രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിര്‍ഭയ സംഭവം. ബസ് കാത്തുനിന്ന ഒരു പെണ്‍കുട്ടി ബസില്‍ വച്ച് അതിക്രൂരമായ പീഡനത്തിന് ഇരയായതും ഒടുവില്‍ മരണത്തിനു കീഴടങ്ങിയതും. സംഭവം രാജ്യാന്തര ശ്രദ്ധയില്‍ പെടുകയും രാജ്യത്തു തന്നെ പ്രക്ഷോഭം ആളിക്കത്തുകയും ചെയ്തു. സര്‍ക്കാരുകള്‍ പോലും ആടിയുലഞ്ഞ പ്രതിഷേധത്തിനൊടുവില്‍ ചില നടപടികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും ഇല്ല എന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്. 

ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കടുത്ത ഭീതിയിലാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ സ്ഥിതി താരതമ്യേന ഭേദമാണ്. എങ്കിലും സുരക്ഷിത ബോധമില്ലാതെയാണ് രാജ്യത്തെ സ്ത്രീകളും പെണ്‍കുട്ടികളും ഓരോ രാത്രിയും ഉറങ്ങുന്നത്. ഓരോ പകലിലേക്കും ഉണരുന്നതും. 

നേതാ ആപ് എന്ന പൗരാവകാശ സംഘടന നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത് രാജ്യത്തെ 80 ശതമാനം സ്ത്രീകളും സുരക്ഷിതത്വബോധമില്ലാതെ ജീവിക്കുന്നു എന്നാണ്. കര്‍ശനമായ നിയമങ്ങളും മുഖം നോക്കാതെയുള്ള നടപടികളുമാണ് രാജ്യത്തിന് ആവശ്യമെന്നു പറയുന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സ്ത്രീകളും. ഒരുലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തപ്പോള്‍ 42 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ്. ഹരിയാന, ഛത്തീസ്ഗഡ്, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആശങ്ക അനുഭവിക്കുമ്പോള്‍ കേരളം, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥനങ്ങളിലെ ജനങ്ങള്‍ക്ക് കുറച്ചൊക്കെ സുരക്ഷിതത്വബോധം ഉണ്ട്. തങ്ങളുടെ ചുറ്റുപാടുകളില്‍ ഭീതിയില്ലാതെ ജീവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഈ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ പറയുന്നു. 

മെട്രോ നഗരങ്ങളില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഡല്‍ഹിയാണ്. ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിയുന്നതെന്ന് ഡല്‍ഹിയിലെ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യതലസ്ഥാനത്തെ  അപകടകരമായ സ്ഥിതി രാജ്യത്തിനു മൊത്തം നാണക്കേടായിരിക്കുകയാണ്. ഡല്‍ഹിക്കു പിന്നില്‍ കൊല്‍ക്കത്തയാണ് അപകടനഗരത്തിന്റെ പട്ടികയിലുള്ളത്. തൊട്ടുപിന്നില്‍ മുംബൈ ഉണ്ടെങ്കില്‍ ചെന്നൈ താരതമ്യേന സ്ത്രീകള്‍ക്ക് സുരക്ഷിത നഗരം എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. 

ഡല്‍ഹി സ്ത്രീ സൗഹൃദമാക്കാന്‍വേണ്ടി സര്‍ക്കാര്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെലവഴിച്ചത് 500 കോടിയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍വേണ്ടിയാണ് പ്രധാനമായും ഈ തുക ചെലവഴിച്ചത്. പക്ഷേ, ഈ നടപടിയും സ്ത്രീകളെ സുരക്ഷിതരാക്കിയിട്ടില്ലെന്നാണ് സര്‍വേ തെളിയിക്കുന്നത്. പെണ്‍കുട്ടികളെ കൊന്നൊടുക്കുന്ന പ്രവണത ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലപാതകങ്ങളും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നു. 

English Summary : Women Safety

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA