ADVERTISEMENT

ലോകമാകെ ശാഖകളുള്ള ഒരു ബാങ്കിലെ ഡിവിഷന്‍ ഹെഡ് എന്ന പദവിയിലായിരുന്നു പ്രിയ (യഥാര്‍ഥ പേരല്ല) 2017ല്‍. ആ വര്‍ഷം ലണ്ടനില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വകുപ്പ് മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രിയ സന്തോഷവതിയായിരുന്നു. വകുപ്പ് അധ്യക്ഷരായി ആ യോഗത്തില്‍ മൊത്തം 10 വനിതകളുണ്ടായിരുന്നു. എല്ലാവരും 30 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍. ആവേശഭരിതരായിരുന്നു എല്ലാവരും. തങ്ങളുടെ പദവിയിലും സ്ഥാപനത്തിനുവേണ്ടി ചെയ്യുന്ന ജോലിയിലും. കൂടുതല്‍ നേട്ടങ്ങളായിരുന്നു അപ്പോഴവരുടെ മനസ്സില്‍. 10 ല്‍ രണ്ടു പേര്‍ മാത്രം വിവാഹിതര്‍. അവരില്‍തന്നെ ഒരാള്‍ക്കു മാത്രം കുട്ടികളും. പ്രിയ അന്ന് വിവാഹിതയായിരുന്നു. കുട്ടികളില്ലായിരുന്നു. 

ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ പ്രിയ പറയുന്നത് ഇതൊരു ട്രെന്‍ഡ് ആണെന്നാണ്. ബാങ്കിഗ് രംഗത്തു വ്യാപകമായ ട്രെന്‍ഡ്. വിവാഹത്തെക്കാളും വ്യക്തിപരമായ സന്തോഷങ്ങളെക്കാളും ജോലിക്കു പ്രാധാന്യം കൊടുക്കുന്ന സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വിധി. 

സ്ത്രീകള്‍ ജോലിയേക്കാളും പ്രാധാന്യം കുടുംബത്തിനു കൊടുക്കുന്നു എന്ന പേരിലാണ് അവര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ ശമ്പളം പല കമ്പനികളും നല്‍കുന്നത്. പക്ഷേ, ഏതെങ്കിലും സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിയ സ്ത്രീകള്‍ക്കെല്ലാം പറയാനുള്ളത് അവര്‍ കുടുംബത്തെ മറന്ന് സ്ഥാപനത്തിനുവേണ്ടി ജോലി ചെയ്തതിന്റെ കണക്കുകള്‍. 

പങ്കാളിയേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങിക്കുന്നവരോ, ജോലി ചെയ്യാത്തവരോ ആയ സ്ത്രീകള്‍ വിവാഹത്തിനുശേഷം കുറേക്കാലം കഴിയുമ്പോള്‍ ജോലിയില്‍ പ്രമോഷനോ, അല്ലെങ്കില്‍ ജോലിയോ ലഭിച്ചില്ലെങ്കില്‍ വിവാഹമോചിതരാകുന്നു എന്നാണ് 2016 ല്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തിന്റെയും വരുമാനത്തിന്റെയുമൊക്കെ കാര്യത്തില്‍ സ്ത്രീകള്‍ തങ്ങളേക്കാള്‍ ഉയര്‍ന്നവരെയാണ് വിവാഹം കഴിക്കുന്നത്. പുരുഷന്‍മാരാകട്ടെ തങ്ങളെക്കാള്‍ യോഗ്യത കുറ‍ഞ്ഞവരെ വിവാഹം കഴിക്കുകയും ചെയ്യുന്നു. 

കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് അവരെ വളര്‍ത്തുന്നതെന്നും പഠനം തെളിയിക്കുന്നു. ആണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അവരാണ് കുടുംബത്തിനുവേണ്ടി സമ്പാദിക്കേണ്ടവര്‍ എന്നാണ്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് വീട്ടില്‍ ഇരുന്നു വീട്ടുജോലി ചെയ്യാനും. ഈ രീതിയില്‍ കുട്ടികളെ വളര്‍ത്തുന്ന സമ്പ്രദായം പുരുഷന്‍മാരിലും സ്ത്രീകളിലും നിഷേധാത്മക മ്യൂല്യങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. ഇതു പലരുടെയും വ്യക്തിബന്ധങ്ങളെയും ബാധിക്കുന്നു. ഈ മേഖലയില്‍ നടന്ന എല്ലാ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് ഒരേ വസ്തുത തന്നെ: കരിയറില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നു. കുടുംബത്തിന്റെ കാര്യത്തില്‍, കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ ഒക്കെ ത്യാഗങ്ങള്‍ വേണ്ടിവരുന്നു. 

ജോലി സ്ഥലത്ത് കരിയര്‍ തുടരുമ്പോള്‍ തന്നെ പുരുഷന്‍മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ അവരേക്കാള്‍ കുറഞ്ഞ ശമ്പളത്തിന് പല സ്ത്രീകളും സമ്മതിക്കുന്നു. യാത്ര ചെയ്യാനുള്ള മോഹവും മറ്റും മാറ്റിവച്ച് തങ്ങള്‍ അടങ്ങിയൊതുങ്ങി ജോലി ചെയ്യാമെന്ന് പരോക്ഷമായി സമ്മതിക്കാനും പല സ്ത്രീകള്‍ക്കും മടിയില്ല. അങ്ങനെയെങ്കിലും ജോലിയും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം മറ്റം വരണമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

കുട്ടികളുള്ള, കുടുംബത്തില്‍ സന്തോഷവതികളായ സ്ത്രീകള്‍ക്ക് ജോലിയില്‍ ഉന്നത സ്ഥാനങ്ങള്‍ കൊടുക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക വിശ്വാസങ്ങള്‍ മാറൂ. ഉയര്‍ന്ന ശമ്പളവും ഉന്നത ജോലിയും നേടുന്നതിനൊപ്പം കുടുംബവും മുന്നോട്ടുകൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് ഇനിയെങ്കിലും സമൂഹവും അംഗീകരിക്കണം. 

English Summary : Women sacrifice personal happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT