ADVERTISEMENT

Never be afraid to raise your voice for honesty and truth and compassion against injustice and lying and greed. If people all over the world... would do this, it would change the earth.- വില്യം ഫോക്നറിന്റെ വാചകമാണ് ഇപ്പോൾ ഓർമ വരുന്നത്. ഇന്നലെ ചാനലുകളിൽ, തങ്ങളുടെ ഒപ്പം പഠിക്കുന്ന പെൺകുട്ടിയെ പാമ്പ് കൊത്തിയെന്നു പറഞ്ഞിട്ടും തെല്ലും കനിവു കാണിക്കാത്ത അധ്യാപകർക്കെതിരെ അവിടുത്തെ പെൺകുട്ടികൾ ഒച്ചയുയർത്തിരിക്കുന്നു. 

നാലിലും അഞ്ചിലും പഠിക്കുന്ന പെൺകുട്ടികളുടെ ശബ്ദമായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിൽ നിറയെ. തങ്ങളിലൊരാൾ നേരിട്ട അനീതിയെക്കുറിച്ചും നിരന്തരം തങ്ങൾ സ്‌കൂളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കുട്ടികൾ ചാനലുകൾക്കു മുന്നിൽ ഒരു മടിയുമില്ലാതെ സംസാരിച്ചു. മറ്റൊരിടത്തേക്കു നോക്കുമ്പോൾ തങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി വേറെ കുറച്ചു കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നു. കുഞ്ഞുങ്ങൾക്ക് അവർ നേരിടുന്ന അനീതികളെക്കുറിച്ച് സംസാരിക്കാൻ ഭയമില്ലാതെയായിരിക്കുന്നു, അല്ലെങ്കിൽ ഭയത്തിനും മീതെ ധാർമിക ബോധം അവരെ നയിക്കുന്നു. 

ഇപ്പോൾ ഓർക്കുന്നത് വർഷങ്ങൾ മുൻപുണ്ടായിരുന്ന ഒരു സ്‌കൂൾകാലവും കുട്ടിക്കാലവുമാണ്. ഹൈസ്‌കൂൾ കാലം ഒരിക്കലും മനോഹരമായിരുന്നില്ല. സർക്കാർ സ്‌കൂളിന്റേതായ ഗുണം ഉയർന്ന ഫീസില്ലാത്തതു മാത്രമാണ് എന്നുറപ്പിച്ചു പറയാൻ കഴിഞ്ഞ മൂന്നു വർഷങ്ങളായിരുന്നു അത്. സാമ്പത്തികമായി ഇടത്തരക്കാരോ അതിനു താഴെയോ ഉള്ള ഒരുപാടു കുട്ടികൾ പഠിക്കുന്ന ഇടമാണ് ഓരോ സർക്കാർ സ്‌കൂളും. എന്നാൽ ആ സ്കൂളിൽ താരതമ്യേന സാമ്പത്തികമായി നല്ല നിലയിൽ ഉള്ളവരും അവിടുത്തെ അധ്യാപകരുടെ ബന്ധുക്കളുമായ കുട്ടികൾ ഉണ്ടായിരുന്നു.

മൂന്നു ക്ലാസ്സിലും മുൻ ബെഞ്ചുകളിൽ എല്ലായ്പ്പോഴും ആ പെൺകുട്ടികളായിരുന്നു. അധ്യാപകർ ഏറ്റവുമധികം പരിഗണിക്കുന്നതും അഭിനന്ദിക്കുന്നതും പ്രത്യേക ക്ലാസ്സുകൾ എടുക്കുന്നതും അവർക്കു മാത്രം. പരീക്ഷയ്ക്ക് അതുകൊണ്ടു തന്നെ അവർക്ക് മാർക്ക് കൂടുതലുണ്ടായിരുന്നു. പിന്നീട് റാൻഡം റൊട്ടേഷൻ അനുസരിച്ച് ഇരിക്കാനുള്ള നിയമം വന്നപ്പോഴും മറ്റു പല ബെഞ്ചുകളും വട്ടം തിരിഞ്ഞതല്ലാതെ മുൻപിലിരുന്ന ബഞ്ചുകാർ പിന്നിലേക്ക് ഒരിക്കലുമെത്തിയില്ല.

അവരുടെ കണ്ണുകളിൽ വിടർന്നു നിന്നിരുന്ന പൂത്തിരികൾ ഇപ്പോഴും ഓർമയുണ്ട്. രണ്ടാം തരം പൗരന്മാരായിപ്പോയതിന്റെ സങ്കടം, സ്വയംനിന്ദ എല്ലാംകൊണ്ടും മറ്റു കുട്ടികൾ ചുരുങ്ങിപ്പോയവരായിരുന്നു. ജാതിപരമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഒരുകാലത്തും അധ്യാപകരുടെ നോട്ടങ്ങളുടെ ഒരു വക്കത്തു പോലും എത്തിയിട്ടേയില്ല. എന്നാൽ ആരും ഇതൊന്നും ഉറക്കെ പറഞ്ഞില്ല. ഇതൊക്കെ അനുഭവിക്കാൻ ബാധ്യതപ്പെട്ടവരെപ്പോലെ തങ്ങളുടെ ലോകത്തിൽ ഒതുങ്ങിക്കൂടി.

പെൺകുട്ടികൾക്കായുള്ള മൂത്രപ്പുരകളിൽ പലയിടത്തും കയറിയിട്ടുണ്ടെങ്കിലും ആ സ്‌കൂളിലേതുപോലെ വൃത്തിഹീനമായ ഒരു മൂത്രപ്പുരയിൽ അതിനു മുൻപോ പിൻപോ കയറിയിട്ടേയില്ല. സിമന്റ് തേച്ച തറ പാതിയും പൊട്ടിയും പൊളിഞ്ഞും കാലിൽ കൊള്ളുമായിരുന്നു. കതകു തുറന്ന് അകത്തേക്കു കയറുമ്പോഴേ ഉയരുന്ന ദുർഗന്ധം സഹിക്കാനാകാതെ മൂത്രപ്പുര ഉപയോഗിക്കാത്ത പെൺകുട്ടികളുള്ളതുകൊണ്ട്, അവർക്ക് ഇൻഫെക്‌ഷൻ വരുകയും പനി വരുകയും പതിവായിരുന്നു. 

എന്നിട്ടും എന്തുകൊണ്ടാണ് അന്നൊന്നും ഒരു വാക്കെങ്കിലും എതിർത്തു സംസാരിക്കാൻ തോന്നാതിരുന്നത്? അധ്യാപകർ എന്നാൽ ബഹുമാനിക്കേണ്ടവരും ആദരിക്കേണ്ടവരും മാത്രമാണെന്ന ബോധം ഓരോ കുട്ടിയിലും കുത്തിവയ്ക്കപ്പെട്ടിരുന്നു. ഗുരുത്വ ദോഷം ശാപമാണെന്നും അത് ലഭിച്ചാൽ ജീവിതം മുടിഞ്ഞു പോകുമെന്നും അധ്യാപകർ തന്നെ പറഞ്ഞു തലച്ചോറിൽ കുത്തി നിറച്ചിരുന്നു.

ഭയം കൊണ്ട് പലതും കണ്ടില്ലെന്നു നടിച്ചു, അനുഭവിച്ചതിൽനിന്നു സങ്കടങ്ങളെ അകറ്റി നിർത്തി എല്ലാം സഹിക്കാൻ പരിശീലിച്ചു. ഒരു അധ്യാപകൻ കുഞ്ഞു പെൺകുട്ടികളുടെ മാറിടത്തെ പിടിച്ചു ഞെരിച്ചതു കണ്ടിട്ടും ഭയന്ന് അയാളെ കാണാതെ മാറി നടക്കാൻ മാത്രം ശീലിച്ചു. ശാപത്തെയും ഗുരുത്വത്തെയും ഭയന്നു, ചോദ്യം ചെയ്യാൻ മടിച്ചു. ചോദ്യങ്ങൾ അസ്വാഭാവികമാണെന്നും തോന്നിപ്പിച്ചു. ഇന്നിപ്പോൾ അനീതി കാട്ടിയ അധ്യാപകർക്കെതിരെ ഉറക്കെ സംസാരിച്ച ആ കൊച്ചു പെൺകുട്ടികളെ കാണുമ്പോൾ എന്താണു തോന്നുന്നത്!

ഒരു തലമുറയ്ക്ക് ഉള്ളിലേക്കു വലിഞ്ഞു പോയ അഭിമാനബോധം ഇന്നിപ്പോൾ പ്രകടിപ്പിക്കുന്ന പെൺകുഞ്ഞുങ്ങളെ കാണുമ്പോൾ ബഹുമാനമാണ് തോന്നുന്നത്. അവരെത്രമാത്രം വലുതായിരിക്കുന്നു. അനീതി കാണിക്കുന്നത് അധ്യാപകരായാലും ചോദ്യം ചെയ്യും എന്ന തോന്നൽ ശരിയാണെന്ന് ഇപ്പോൾ ബോധ്യമുണ്ട്. അധ്യാപനം എന്നത് മാസാവസാനം ലഭിക്കുന്ന പണത്തിന്റെയും സ്വസ്ഥമായിരുന്നു ജോലി ചെയ്യാനുള്ള സൗകര്യത്തിന്റെയും ബഹുമാനം ലഭിക്കേണ്ടുന്ന വിഷയങ്ങളുടെയും കാര്യമാകുമ്പോൾ പ്രത്യേകിച്ചും. 

എല്ലാവരുടെയും കാര്യം അങ്ങനെയാണെന്നല്ല. കുഞ്ഞുങ്ങളെ സ്വന്തമായി കാണുന്ന മികച്ച അധ്യാപകരും ഇവിടെയുണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്. എന്നാൽ അതുകൊണ്ടുമാത്രം, അനീതിയും അധാർമികതയും കാണിക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കാനാവില്ലല്ലോ. അങ്ങനെ വരുമ്പോഴാണ് ആ പെൺകുഞ്ഞുങ്ങളെ ബഹുമാനിക്കാൻ തോന്നുന്നത്. കുഞ്ഞുങ്ങൾ വലിയ മനുഷ്യരെപ്പോലെ ചിന്തിക്കുന്നവരാണ്.

ഉത്തരവാദിത്തബോധവും സ്നേഹവും മനസ്സിലാകുന്നവർ, ചോദ്യം ചെയ്യാനുൾപ്പെടെ എന്തിനായാലും ഭയം മനസ്സിലാകാത്തവർ. അവരെ നിസ്സാരമാക്കി തള്ളിക്കളയുന്നതു തന്നെയാണ് അപകടം. ഏതു വിഷയത്തിലും സ്വാഭിപ്രായം പ്രകടിപ്പിക്കാൻ തക്ക കരുത്തോടെ കുഞ്ഞുങ്ങളെ വളർത്തുന്നവർക്കു മുന്നിൽ വരും കാലത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നു. കുഞ്ഞുങ്ങളെ സുഹൃത്തായും മക്കളായും കണ്ടു സ്വീകരിക്കുന്ന അധ്യാപകർക്ക് ഏതു കാലത്തും ആ കുഞ്ഞുങ്ങൾ ബഹുമാനം നൽകും.

കുഞ്ഞുങ്ങളും മനുഷ്യരാണ്. അവരെയും ചേർത്തു പിടിക്കാം. അനീതിയും അതിക്രമവുമില്ലാതെ അവരെയും കേൾക്കാം. ആ പെൺകുഞ്ഞുങ്ങളെ ബത്തേരിയിലെ അധ്യാപകർ കേട്ടിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഷഹ്‌ല എന്ന പെൺകുട്ടി. അഹംബോധവും ഈഗോയുമില്ലാതെ മനുഷ്യനായി ജീവിക്കാൻ എന്നാണ് ഈ അധ്യാപകർ പഠിക്കുക?

പണ്ടത്തെപ്പോലെ ഗുരുത്വ ദോഷത്തിന്റെ കഥ പറഞ്ഞു കുഞ്ഞുങ്ങളെ നിശ്ശബ്ദരാക്കാമെന്ന് ആരും കരുതരുത്. അവർ പുതിയ കാലത്തിന്റേതാണ്. കാലത്തിനനുസരിച്ച് അവർ അവരെ പുനരാവിഷ്കാരം നടത്തിയിട്ടുണ്ട്. അധ്യാപ‘ഹയ’രേ, നിങ്ങൾ സൂക്ഷിക്കുക!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT