sections
MORE

ആവശ്യത്തിൽക്കൂടുതൽ മുറിവുണ്ടാക്കും, വയറിൽ സമ്മർദ്ദം ചെലുത്തും; പ്രസവസമയത്തെ ചൂഷണങ്ങളിങ്ങനെ

Abuse During Child Birth
പ്രതീകാത്മക ചിത്രം
SHARE

പ്രസവ സമയത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത്  യാഥാര്‍ഥ്യമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ). ഒക്ടോബറില്‍ നടത്തിയ ഒരു പഠനത്തിലാണ് ലോകമെങ്ങും സ്ത്രീകള്‍ പ്രസവസമയത്ത് പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. അവിവാഹിതരും വിദ്യാഭ്യാസമില്ലാത്തവരും ചെറുപ്പക്കാരുമാണ് അമ്മമാരെങ്കില്‍ ചൂഷണത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

ശാരീരികവും മാനസികവുമായ പീഡനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. മുഖത്തും ശരീരത്തും മര്‍ദ്ദനം, പരിഹാസം. അപമാനം മുതല്‍ ശക്തിയായി കിടക്കയിലേക്ക് തള്ളിയിടുന്നതുപോലുള്ള പീഡനങ്ങളും സ്ത്രീകള്‍ക്ക് പലസമയങ്ങളിലായി അനുഭവിക്കേണ്ടിവരുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം സ്ത്രീകളും വ്യക്തമാക്കിയത്.

രണ്ടായിരത്തിലധികം സ്ത്രീകളോട് സംസാരിച്ചതിനൊപ്പം 2672 പേരെ അഭിമുഖം നടത്തിയുമാണ് ലോകാരോഗ്യ സംഘടന പഠനറിപ്പോര്‍ട്ട്  തയാറാക്കിയത്. ഘാന, ഗയാന, നൈജീരിയ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പീഡനങ്ങള്‍ കൂടുതലെങ്കിലും എല്ലാ രാജ്യങ്ങളിലും ഏറിയും കുറഞ്ഞും പീഡനം നടക്കുന്നുണ്ടെന്നാണ് സ്ത്രീകള്‍ പറഞ്ഞത്. കൂടുതല്‍ ആരോഗ്യകരമായ ഗര്‍ഭ പരിചരണവും അവബോധവും സ്ത്രീകള്‍ക്ക് വേണ്ടതുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.  

പ്രസവിക്കാന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ ഒസ്റ്റെട്രിക് വയലന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്കെതിരെയുള്ള കടുത്ത വിവേചനമാണെന്നാണ് ലോകാരോഗ്യ സംഘനട അഭിപ്രായപ്പെടുന്നത്. ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയും താല്‍പര്യമില്ലായ്മയും അവഗണനയുമെല്ലാം പീഡനത്തിന്റെ ഭാഗം തന്നെയാണ്. ഇത്തരം പ്രവൃത്തികള്‍ സ്ത്രീകളുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനു സമാനമാണ് പീഡനങ്ങളെന്നും സംഘടന പറയുന്നു. 

പ്രസവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയിക്കാതിരിക്കുക, ആവശ്യമായതിലും കൂടുതല്‍ മുറിവ് പ്രത്യുല്‍പാദന അവയവത്തില്‍ വരുത്തുക. വേദനയുണ്ടെന്ന് പരാതിപ്പെട്ടാലും അവഗണിക്കുക, വയറ്റില്‍ ആവശ്യമില്ലാതെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവയെല്ലാമാണ് സാധാരണമായി സ്തീകള്‍ക്ക് വേദനയുളവാക്കുന്ന പീഡന രീതികള്‍. 

പ്രസവത്തിന് അര മണിക്കൂര്‍ മുമ്പും പ്രസവത്തിനുശേഷമുള്ള അഞ്ചു മിനിറ്റിനിടയിലുമാണ് പലപ്പോഴും പീഡനം എന്നു വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യത്വ വിരുദ്ധമായ രീതികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പിന്തുടരുന്നത്. 59 ശതമാനം പേരിലും അനുവാദം ഇല്ലാതെയാണ് പ്രത്യുല്‍പാദന അവയവം പരിശോധിക്കുന്നതെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നു. പൂര്‍ണമായും തുക അടയ്ക്കാത്ത സ്ത്രീകളെ ആശുപത്രികളില്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങള്‍  ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ തുറന്നുപറയാത്തതുകൊണ്ടുമാത്രം പീഡനങ്ങള്‍ തടസ്സമില്ലാതെ ആവര്‍ത്തിക്കുകയാണ്. പ്രസവിക്കാന്‍ വേണ്ടി പ്രവേശിപ്പിക്കുന്ന സ്ത്രീകള്‍ സഹകരിക്കാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ശക്തി പ്രയോഗിക്കേണ്ടിവരുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 

യൂറോപ്പിലെ ചില രാജ്യങ്ങളില്‍ പ്രസവിച്ചതിനുശേഷം ദിവസങ്ങളോളം അമ്മമാരെയും കുട്ടികളെയും വേര്‍പടുത്തുന്ന പതിവുമുണ്ടത്രേ. ഗ്രീസിലെ അഭയാര്‍ഥി സ്ത്രീകള്‍ക്ക് കടുത്ത വേദനയ്ക്കിടിയില്‍പ്പോലും വേദനാ സംഹാരികള്‍ കൊടുക്കാതിരിക്കുന്ന സംഭവങ്ങളുമുണ്ട്.

മറ്റൊന്ന് നിര്‍ബന്ധിക സിസേറിയന്‍ ശസ്ത്രക്രിയകളാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും മാതൃ മരണ നിരക്ക് കൂടി നില്‍ക്കുകയാണ്. പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസവസമയത്ത് ഒരു സ്ത്രീയെക്കൂടി ഗര്‍ഭിണിയുടെ അടുത്തിരിക്കാന്‍ അനുവദിക്കുന്നതടക്ക മുള്ള നിയമ  നിര്‍മാണങ്ങളും ആലോചിക്കുന്നുണ്ട്. പ്രസവ സമയത്തെ പീഡനങ്ങള്‍ അവസാനിപ്പിക്കാനുള്ള നിയമം നിര്‍മിച്ച ആദ്യം രാജ്യം ലാറ്റിനമേരിക്കയിലെ വെനസ്വേലയാണ്.  ലക്സംബര്‍ഗിലും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

English Summary : Physical and verbal abuse of women during labor is a worldwide phenomenon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA